ADVERTISEMENT

അഹമ്മദാബാദ് ∙ കാണുന്നവരൊക്കെ ഷീനയോടു ചോദിക്കാറുണ്ട്, മത്സരിക്കാനൊന്നും പോകാറില്ലേ? അത്‍ലറ്റിക്സിൽ നിന്നു വിരമിച്ചോ? കൃത്യമായൊരുത്തരം പറയാൻ കഴിയാതെ വിഷമിച്ചു നിൽക്കലായിരുന്നു ഷീനയുടെ പതിവ്. ആ ചോദ്യങ്ങൾക്കെല്ലാമുള്ള മറുപടിയുമായി 29–ാം വയസ്സിൽ ദേശീയ ഗെയിംസ് ട്രിപ്പിൾ ജംപിൽ എൻ.വി. ഷീനയുടെ സ്വർണം. ഒന്നരവർഷത്തിലേറെയായി ട്രിപ്പിൾ ജംപിൽനിന്നു പൂർണമായി വിട്ടുനിന്ന ശേഷമാണ് 13.37 മീറ്റർ ചാടി ഷീന ഗെയിംസ് സ്വർണത്തിൽ ലാൻഡ് ചെയ്തത്.

തൃശൂർ ചേലക്കര നെല്ലിക്കൽ വർക്കി – ശോശാമ്മ ദമ്പതികളുടെ മകളായ ഷീന, കഴിഞ്ഞ ദേശീയ ഗെയിംസിലും ട്രിപ്പിൾ ജംപിൽ സ്വർണം നേടിയിരുന്നു. അന്നു 13.24 മ‍ീറ്ററായിരുന്നു ചാടിയത്. ആ മെഡൽനേട്ടം ഷീനയ്ക്കു കൃഷിവകുപ്പിൽ എൽഡി ക്ലാർക്ക് ആയി ജോലിയും നൽകി. ജോലി ലഭിച്ച ശേഷം മാത്രം 3 രാജ്യാന്തര മെഡലുകൾ നേടി. ഒളിംപിക്സിനുള്ള യോഗ്യതാമാർക്ക് താണ്ടാനുള്ള തയ്യാറെടുപ്പ് സജീവമായി തുടരുന്നതിനിടെ കോവിഡ് കാലമെത്തി.

ഹോസ്റ്റൽ അടച്ചതോടെ ഷീന അടക്കം താരങ്ങളെല്ലാം വീടുകളിലേക്കു മടങ്ങി. വീട്ടിലോ പരിസരത്തോ പര‍ിശീലന സൗകര്യമില്ലാത്തതിനാൽ റോഡിലൂടെ ഓടിയും വീട്ടുപരിസരത്തെ പറമ്പിൽ ചാടിയും ഫിറ്റ്നസും ഫോമും നിലനിർത്താൻ ശ്രമിച്ചു. അതൊന്നും ഫലംകണ്ടില്ല. പതിയെ പരിശീലനം നിലച്ചു. വീട്ടിലിരിപ്പ് ഒന്നരവർഷം പിന്നിട്ടപ്പോഴേക്കും താൻ മത്സരരംഗത്തു നിന്ന് മാഞ്ഞുകഴിഞ്ഞതായി ഷീന മനസ്സിലാക്കി.

അങ്ങനെ വിടാൻ പാടില്ലെന്നു തിരിച്ചറിഞ്ഞു വീണ്ടും പരിശീലനം ആരംഭിച്ചത് അടുത്ത കാലത്താണ്. 13 മീറ്റർ താണ്ടാൻ കഴിയാതെ വിഷമിച്ചു. ശരീരഭാരം കൂടിയതോടെ പ്രകടനം അത്രമാത്രം താഴേക്കുപോയിരുന്നു. തോൽക്കാൻ തയ്യാറല്ലാതെ പരിശ്രമം തുടർന്നാണ് ഷീന ദേശീയ ഗെയിംസ് സ്വർണത്തിലേക്കെത്തിയത്. ഏഷ്യൻ ചാംപ്യൻഷിപ്പാണ് അടുത്ത ലക്ഷ്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com