‘ചന്ദനത്തിരിയുടെ കൂട്ട’മായി അവർ; ഇത് നാടകത്തിന്റെ അണിയറ ജീവിതം

തൃശൂർ റീജനൽ തിയറ്ററിൽ നടക്കുന്ന ടാസ് നാടകോത്സവത്തിൽ കൊല്ലം ആവിഷ്ക്കാര അവതരിപ്പിച്ച ‘ദൈവം തൊട്ട ജീവിതം’ എന്ന നാടകം തുടങ്ങുന്നതിന് മുൻപ് മുതിർന്ന നടൻ വള്ളിക്കാവ് വിശ്വന്റെ നേതൃത്വത്തിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും പ്രാർഥിക്കുന്നു.           ചിത്രം: മനോരമ
തൃശൂർ റീജനൽ തിയറ്ററിൽ നടക്കുന്ന ടാസ് നാടകോത്സവത്തിൽ കൊല്ലം ആവിഷ്ക്കാര അവതരിപ്പിച്ച ‘ദൈവം തൊട്ട ജീവിതം’ എന്ന നാടകം തുടങ്ങുന്നതിന് മുൻപ് മുതിർന്ന നടൻ വള്ളിക്കാവ് വിശ്വന്റെ നേതൃത്വത്തിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും പ്രാർഥിക്കുന്നു. ചിത്രം: മനോരമ
SHARE

തൃശൂർ∙ കൂട്ടിപ്പിടിച്ച ചന്ദനത്തിരിയുടെ കെട്ട്. അതായിരുന്നു നടീനടൻമാർ ആ നിമിഷം; എല്ലാവരും ഒറ്റക്കെട്ട്. ടാസ് നാടകോത്സവത്തിന്റെ ഉയരാത്ത കർട്ടനു പിന്നിൽ, മുതിർന്ന നടനും ഗുരുപൂജാ പുരസ്കാര ജേതാവുമായ വള്ളിക്കാവ് വിശ്വൻ ഒരു കെട്ട് ചന്ദനത്തിരി കയ്യിൽ കൂട്ടിപ്പിടിച്ചു. ചുറ്റും നിരന്ന നടീനടന്മാർ കൈകൾ കൂപ്പി. അണിയറയിൽ പലയിടത്തായി കത്തിച്ചുവച്ചിരുന്ന മെഴുകുതിരികളിലൊന്നുമായി മറ്റൊരു നടൻ എത്തി. ചന്ദനത്തിരിയിലേക്കു തീ പകർന്നു. മൈക്കിനു നേരേ, ചന്ദനത്തിരിയുടെ പുക പടർത്തി.

പിന്നെ, കർട്ടനു നേരേ, പിന്നെ രംഗപടത്തിലേക്കായി പൂജ. ഓരോരുത്തരായി ആ ചന്ദനത്തിരിയിൽ തൊട്ടുഴിഞ്ഞു. ഓരോരുത്തരും മൈക്കിലും കർട്ടനിലും പിന്നെ സ്റ്റേജിലും വണങ്ങി പിൻവാങ്ങി. ചന്ദനത്തിരിക്കൂട്ടം മൂന്നായി വിഭജിച്ചു. ഒരു കൂട്ടവുമായി ഒരു നടൻ കർട്ടനു മുന്നിലേക്കെത്തി മൈക്കും വെളിച്ചവും നിയന്ത്രിക്കുന്ന കലാകാരന്മാർക്കു നൽകി. അവർ അത് തൊട്ടു തൊഴുതു; തൊട്ടടുത്ത് സ്ഥാപിച്ചു. ഈ നേരമൊക്കെയും ഒരു നാടക ഭക്തിഗാനം മുഴങ്ങുന്നുണ്ടായിരുന്നു.

നാടകത്തെക്കുറിച്ചുള്ള രണ്ടുവരി – കൊല്ലം ആവിഷ്കാര വിനയപുരസ്സരം അവതരിപ്പിക്കുന്നു – ദൈവം തൊട്ട ജീവിതം. രചന – ഫ്രാൻസിസ് ടി. മാവേലിക്കര,സംവിധാനം രാജീവൻ മമ്മിളി... കർട്ടൻ മെല്ലെ നീങ്ങി. വേദിയിൽ നാടകം തുടങ്ങി. അണിയറയിലെ മറ്റുള്ളവർ വീണ്ടും ഒരുക്കമുറിയിലേക്ക്. ഇനി അവർ രണ്ടുമണിക്കൂർ നേരം കഥാപാത്രമാണ്. നാടകത്തിന്റെ കർട്ടനു പിന്നിലെ, അണിയറയിലെ ആ നിമിഷം അഭിനയമല്ല, ജീവിതമാണ്. കലാകാരന്മാർ അവരുടെ ജീവിതം വേദിയിൽ എരിയുന്നതിനു മുൻപുള്ള ‘ദൈവം തൊട്ട നിമിഷങ്ങൾ’

‘ നാടകം നയിക്കുന്നത് ഞങ്ങളല്ല, ദൈവമാണ്.. വാക്കും അഭിനയവും പിഴയ്ക്കാതിരിക്കുന്നത് ഞങ്ങളുടെ മാത്രം മിടുക്കല്ല;’ – നാടകവേദിയിൽ 52 വർഷത്തെ അനുഭവമുള്ള 76വയസ്സുകാരനായ വള്ളിക്കാവ് വിശ്വന്റെ വാക്കുകൾ. ‘ 200–ാ മത്തെഅവതരണമാണെങ്കിലും ഞങ്ങൾക്ക് ഇത് പുതിയനാടകത്തിന്റെ ആദ്യ അവതരണം പോലെയാണ്. ചന്ദനത്തിരി കത്തിച്ച് പ്രാർഥിച്ച് എല്ലാ കലാകാരന്മാരും കൈകൊടുത്ത് പരസ്പരം പുഞ്ചിരിച്ച് ആശംസ നേരുന്നതോടെ ഞങ്ങൾ ഒറ്റക്കെട്ടാകും.

എന്തെങ്കിലും സ്വരച്ചേർച്ചക്കുറവുണ്ടെങ്കിലും ആ നിമിഷം ഇല്ലാതാവും’ – പ്രധാന നടൻ കൂടിയായ നെയ്യാറ്റിൻകര സനലും ചൂരനാട് ശശിയും മുഖത്ത് ചായം പൂശുന്നതിനിടെ പറഞ്ഞു. പ്രശാന്ത് പുളിക്കൻ, അടൂർ ഓമന, ലതിക ഓമനക്കുട്ടൻ, ജോജി മാങ്കോട് എന്നിവരായിരുന്നു മറ്റു നടൻമാർ. അണിയറയിൽ മാത്രമായിരുന്നു ‘അവർ’. വേദിയിലെത്തി യപ്പോൾ ഉണ്ണിത്താനും പൊലീസുകാരനുമൊക്കെയായി അവർ മാറി; അതാണ്, നാടകജീവിതം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA