ADVERTISEMENT

തൃശൂർ∙ അയൽവാസിയുടെ എടിഎം കാർഡും പിൻ നമ്പറും തട്ടിയെടുത്ത് 1.84 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടു യുവതികൾ അറസ്റ്റിൽ. വടൂക്കര എസ്എൻ നഗറിൽ റിട്ട. അധ്യാപിക റഹ്മത്തിന്റെ ഹാൻഡ് ബാഗിൽ നിന്ന് എടിഎം കാർഡും പിൻനമ്പർ എഴുതിവച്ച കടലാസും മോഷ്ടിച്ചെടുത്ത് ഒരാഴ്ചയോളം വിവിധ എടിഎമ്മുകളിൽ നിന്ന് 1,84,000 രൂപ കൈക്കലാക്കിയെന്നാണു കേസ്. വടൂക്കര എസ്. എൻ. നഗർ കളപ്പുരയിൽ വീട്ടിൽ ഷാജിത (36), കാസർഗോഡ് ഹൊസങ്ങാടി സമീറ മൻസിലിൽ സമീറ (31) എന്നിവരെയാണു നെടുപുഴ എസ്.ഐ. കെ. അനുദാസ് അറസ്റ്റ് ചെയ്തത്.

റഹ്മത്ത് അയൽപക്കത്ത് വാടകയ്ക്കു നൽകിയ വീട്ടിൽ താമസക്കാരിയും സുഹൃത്തുമാണ് പ്രതി ഷാജിത. ഇടയ്ക്ക് സാമ്പത്തിക സഹായം ലഭിച്ചിരുന്ന പ്രതികൾക്ക് ടീച്ചറുടെ അക്കൗണ്ടിൽ ധാരാളം പണം ഉണ്ടെന്ന് അറിയാമായിരുന്നു. കഴിഞ്ഞ 19നു മൂവരും കൂടി സാഹിത്യ അക്കാദമിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങി. വഴിക്ക് എടിഎമ്മിൽ കയറി പണം പിൻവലിച്ചിരുന്നു. കാർഡും പിൻനമ്പർ എഴുതിയ പേപ്പറും ബാഗിനുള്ളിൽ ഉണ്ടെന്നു മനസ്സിലാക്കിയ പ്രതികൾ വീട്ടിലെത്തിയപ്പോൾ അതു മോഷ്ടിച്ചു.

അന്നു രാത്രി തന്നെ രണ്ടു പേരും കൂടി പണം പിൻവലിച്ചു തുടങ്ങി. ഒരാഴ്ചയ്ക്കുള്ളിലാണ് 1.84 ലക്ഷം രൂപ പിൻവലിച്ചത്. മൊബൈലിൽ എസ്എംഎസ് വന്നിരുന്നെങ്കിലും പ്രായാധിക്യം മൂലം റഹ്മത്ത് മൊബൈൽ ഫോൺ അധികം ശ്രദ്ധിച്ചിരുന്നില്ല. ഒരാഴ്ചയ്ക്കുശേഷം ബാങ്കിൽ നിന്ന് അത്യാവശ്യത്തിനു പണം പിൻവലിക്കാൻ എത്തിയപ്പോൾ അക്കൗണ്ടിൽ പണമില്ല.

എടിഎം കാർഡും പിൻനമ്പർ എഴുതിയ കടലാസും മോഷണം പോയെന്നു മനസ്സിലായതോടെ പരാതി നൽകി. എടിഎം സെന്ററിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതികൾ കുടുങ്ങിയത്. ഗ്രേഡ് സീനിയർ സിപിഒമാരായ സിബു, പ്രേംനാഥ്, ശ്രീജിത്, ശുഭ, സിപിഒ ജാൻസി എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com