ADVERTISEMENT

കരുവന്നൂർ ∙ ആചാരത്തനിമ ചോരാതെ വെട്ടുകുന്നത്തുകാവ് ദേവി ക്ഷേത്രത്തിൽ പോത്തോട്ടോണം നടന്നു. കാർഷിക അഭിവൃദ്ധിക്കും നാടിന്റെ അഭിവൃദ്ധിക്കും കന്നുകാലികൾക്ക് അസുഖങ്ങൾ ഇല്ലാതിരിക്കാനുമായി വിവിധ ദേശക്കാർ ചേർന്നാണു കന്നിമാസത്തിലെ തിരുവോണനാളിൽ പോത്തോട്ടോണം നടത്തുന്നത്. പോത്തിനെ കുളിപ്പിച്ച് കുറിയും മാലയും മണിയും ചാർത്തി ഇഷ്ട ഭക്ഷണം നൽകിയ ശേഷം ആഘോഷമായിട്ടാണ് ഓരോ ദേശങ്ങളിൽ നിന്നു കർഷകർ ക്ഷേത്രത്തിലേക്ക് കൊണ്ടുവരിക.

മൂർക്കനാട്, പുറത്താട്, തേലപ്പിള്ളി, തളിയകോണം, മാടായി ക്കോണം, മാപ്രാണം, തൊട്ടിപ്പാൾ, രാപ്പാൾ, നെടുമ്പാൾ, പറപ്പുക്കര, മുളങ്ങ്, ആറാട്ടുപുഴ, പനങ്കുളം, എട്ടുമന, കരുവന്നുർ തുടങ്ങിയ ദേശങ്ങളിൽ നിന്നെത്തിയ പോത്തുകൾ ദേവിക്ക് മുന്നിൽ ആർത്തോട്ടത്തിനു ശേഷമാണു പോത്തോട്ടത്തിൽ പങ്കെടുത്തത്. പോത്തോട്ടക്കല്ലിൽ നെൽക്കറ്റയ്ക്കു മുകളിലിരിക്കുന്ന ചടങ്ങുകളുടെ പാരമ്പര്യ അവകാശിയായ വള്ളുവോൻ കൽപിക്കുന്നതോടെ പോത്തുകൾ തറയ്ക്കു ചുറ്റും 3 പ്രദക്ഷിണം ചെയ്ത് ശക്തി തെളിയിക്കും.

പിന്നീട് ഉരുക്കളെയും ദേശക്കാരെയും ഇളനീരും പൂവും നെല്ലും എറിഞ്ഞ് അനുഗ്രഹിക്കുന്ന വള്ളുവോൻ ഉരുക്കളുടെ ശക്തിയെപ്പറ്റി ഊരാളനെ ധരിപ്പിക്കും. തുടർന്ന് അനുഗ്രഹ സൂചകമായി ഭഗവതിയുടെ പ്രതിനിധിയായ വെളിച്ചപ്പാട് ഉരുക്കളുടെ ശക്തി ഒരാണ്ട് ദേശത്തെ രക്ഷിക്കുമെന്നു കൽപന ചൊല്ലുന്നതോടെ ചടങ്ങുകൾ സമാപിക്കും. കർഷകർക്കിടയിൽ കഴിഞ്ഞ വർഷത്തെ പിണക്കങ്ങൾ ഒത്തുതീർപ്പാക്കുന്ന പതിവുമുണ്ട്. പണ്ട് കാർഷികവൃത്തിക്ക് മേൽനോട്ടം വഹിച്ചിരുന്ന പുലയ സമുദായത്തിൽപ്പെട്ടവരുടെ മരുമക്കത്തായ വ്യവസ്ഥയിൽ പിന്തുടർച്ചക്കാരായി വരുന്ന വള്ളോൻമാരാണ് പോത്തോട്ടത്തിന് ഇരിക്കുക.

പോത്തോട്ടത്തിൽ പങ്കെടുക്കുന്ന ഉരുക്കളെ ദേവിയുടെ പ്രതിനിധിയായ വെളിച്ചപ്പാട് അനുഗ്രഹിക്കും. മാപ്രാണം ഭാഗത്ത് നിന്ന് എത്തിയ ടൈഗർ എന്ന ഭീമൻ പോത്തായിരുന്നു ഇത്തവണ പോത്തോട്ടോണത്തിലെ പ്രധാന ആകർഷണം. 1200 കിലോയ്ക്ക് മുകളിൽ തൂക്കമുള്ള ഈ പോത്തിനെ നെറ്റിപ്പട്ടം അണിയിച്ചാണ് എത്തിച്ചത്. പോത്തോട്ടോ ണത്തിൽ പങ്കെടുത്ത ദേശക്കാർക്ക് ക്ഷേത്ര കമ്മിറ്റി മുണ്ടും പണവും പ്രോത്സാഹനമായി വിതരണം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com