ADVERTISEMENT

തൃശൂർ ∙ അരിയിൽ വിരൽ ചലിക്കുന്നതിനനുസരിച്ച് ചെവിയിൽ ഗുരു ഓതിക്കൊടുത്ത ആദ്യാക്ഷരം കുരുന്നുകൾ മനസ്സിൽ കുറിച്ചു. ആ അക്ഷരങ്ങൾ അവരുടെ മനസ്സിൽ തറഞ്ഞു. ഇനി അവർ വിദ്യയുടെ ലോകത്തേക്ക്. കുരുന്നുകൾ ആദ്യാക്ഷര മധുരം നുകർന്നതിന്റെ നിർവൃതിയിൽ രക്ഷിതാക്കളും. ഇന്നലെ മലയാള മനോരമ തൃശൂർ യൂണിറ്റ് അങ്കണത്തിൽ നടന്ന വിദ്യാരംഭ ചടങ്ങുകളിൽ 185 കുട്ടികൾ അക്ഷരം കുറിച്ചു. അക്ഷര മധുരത്തിനൊപ്പം മനോരമ നൽകിയ സമ്മാനങ്ങളും ഏറ്റുവാങ്ങിയാണ് കുട്ടികൾ മടങ്ങിയത്.

വിജയദശമി ദിനത്തിൽ തൃശൂർ മലയാള മനോരമയിൽ നടന്ന എഴുത്തിനിരുത്തൽ ചടങ്ങിൽ നിന്ന്.
വിജയദശമി ദിനത്തിൽ തൃശൂർ മലയാള മനോരമയിൽ നടന്ന എഴുത്തിനിരുത്തൽ ചടങ്ങിൽ നിന്ന്.

ജ്യോതിഷ പണ്ഡിതൻ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്, മേള പ്രമാണി പെരുവനം കുട്ടൻ മാരാർ, സാഹിത്യ നിരൂപകൻ പ്രഫ. പി.വി.കൃഷ്ണൻ നായർ, കേരള വർമ കോളജ് മുൻ അധ്യാപികയും സാമൂഹിക പ്രവർത്തകയും ‘അംഹ’ സ്ഥാപകയുമായ പ്രഫ. പി.ഭാനുമതി, എഴുത്തുകാരി പ്രഫ. എം.ഡി.രത്നമ്മ എന്നിവരാണു കുട്ടികൾക്ക് ആദ്യാക്ഷരം പകരാൻ എത്തിയിരുന്നത്. ഇവരെല്ലാം ചേർന്ന് തിരി തെളിച്ച ശേഷമാണ് വിദ്യാരംഭ ചടങ്ങുകൾ തുടങ്ങിയത്.

ദീപശ്രീ സരസ്വതി സ്തുതി ആലപിച്ചു. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ രണ്ടു വർഷം ആദ്യാക്ഷര ചടങ്ങുകൾ നടന്നിരുന്നില്ല. ആ വർഷങ്ങളിൽ ചടങ്ങ് നിർവഹിക്കാനാവാത്ത കുരുന്നുകളും ഇന്നലെ മനോരമയിൽ എത്തി അക്ഷരം കുറിച്ചു. കുട്ടികൾ ആദ്യാക്ഷരം കുറിക്കുന്നതിന്റെ ചിത്രങ്ങൾ അടങ്ങിയ സർട്ടിഫിക്കറ്റ് പിന്നീട് മനോരമ ഓഫിസിൽ എത്തി കൈപ്പറ്റാം.

കാത്തിരുന്നു;‌ കൂട്ടിനാളെത്തി  

തൃശൂർ ∙ കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ രണ്ടു വർഷം വിദ്യാരംഭം  ചടങ്ങ് നീണ്ടുപോയവർ ഇളയ സഹോദരങ്ങൾക്ക് ഒപ്പമെത്തി ആദ്യാക്ഷരം കുറിച്ചു. വരടിയം മമ്പാട് മണികണ്ഠൻ– രഞ്ജിമ ദമ്പതികളുടെ മകൻ അമ്പാടി അനുജത്തി അനുഗ്രഹയ്ക്ക് ഒപ്പമാണ് എഴുത്തിനിരുന്നത്. അഞ്ഞൂർ ആറംപിള്ളി ബ്രഹ്മകുളം ഗോഡ്‌വിൻ– അൽഫോൻസ ദമ്പതികളുടെ മകൾ എമ്മ തെരേസ എഴുത്തിനിരുന്നത് അനുജത്തി എലിസ ഫിയോണയോടൊപ്പം. തെക്കുംകര കല്ലംപാറ രതീഷ് – ദീപ ദമ്പതികളുടെ മൂത്ത മകൾ ദേവനന്ദയും അനുജത്തി ദേവനയനയും ഒന്നിച്ച് ആദ്യാക്ഷരം കുറിച്ചു.

ഒന്നിച്ച് ആദ്യാക്ഷരം കുറിക്കാനെത്തിയ ഇരട്ടകളും ഉണ്ടായിരുന്നു. പട്ടിക്കാട് ചുവന്നമണ്ണ് തണ്ണിനാൽ ജോഷിയുടെയും ഷിനുവിന്റെയും മക്കളായ സേറാ ജോഷിയും ജോഹാൻ ജോഷിയും, മുവാറ്റുപുഴ പായിപ്ര മൂങ്ങാച്ചാലിൽ അമൃത് ദത്തന്റെയും കൃഷ്ണേന്ദുവിന്റെയും മക്കളായ ദക്ഷ് ദത്ത് കൃഷ്ണനും ദ്വാപര ദത്ത് കൃഷ്ണനും ഇന്നലെ ആദ്യക്ഷരം കുറിച്ച ഇരട്ടകളിൽപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com