വിളിച്ചുണർത്തിയ ഞെട്ടൽ, വായുവിൽ പറന്ന സീറ്റ്; രണ്ട് വിദ്യാർഥിനികൾ ഒഴികെ എല്ലാവരും ആശുപത്രി വിട്ടു

അപകടത്തിൽപെട്ട വാഹനങ്ങൾ
SHARE

മുളങ്കുന്നത്തുകാവ് ∙ പാലക്കാട് വടക്കഞ്ചേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത് 38 പേരെ. ഇത്രയും പേരെ കിടത്തിച്ചികിത്സിക്കാൻ ആശുപത്രി മിനിറ്റുകൾക്കകം സജ്ജമായി. രണ്ട് വിദ്യാർഥിനികൾ ഒഴികെ എല്ലാവരും ഇന്നലെ ഉച്ചയോടെ ആശുപത്രി വിട്ടു. ഇന്നലെ പുലർച്ചെ പ്രവേശിപ്പിച്ചവരിൽ 30 പേരും പ്രാഥമിക ചികിത്സ നേടിയ ശേഷം മടങ്ങി. രാവിലെ 2 പേരെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. ടൂറിസ്റ്റ് ബസ് ഡ്രൈവർമാരിൽ ഒരാളായ എൽദോ (34), ഹരികൃഷ്ണൻ (22), ടിന്റോ (26), കോളിൻ കുരുവിള( 21) എന്നിവർക്കു ശരീരത്തിൽ പലയിടത്തും ഒടിവും ചതവുമുണ്ടായിരുന്നു. ഇവരെ ഉച്ചയോടെ ബന്ധുക്കൾ മറ്റ് ആശുപത്രികളിലേക്കു കൊണ്ടുപോയി. 

thrissur-minister

ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന വിദ്യാർഥിനികളായ അമേയ (17), അനീറ്റ (15) എന്നിവരാണു കൂടുതൽ പരിശോധനകൾക്കും നിരീക്ഷണങ്ങൾക്കുമായി ചികിത്സയിൽ തുടരുന്നത്. ഇവരെ സ്കാനിങ്ങിനു വിധേയമാക്കിയിട്ടുണ്ട്. മുഖത്ത് നീര് ഉള്ളതിനാൽ അനീറ്റയ്ക്ക് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, എം.ബി.രാജേഷ്, പി.എ.മുഹമ്മദ് റിയാസ് എന്നിവർ അപകട വിവരമറിഞ്ഞ ഉടനെ ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. ഇവർക്കു വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് ഡോക്ടർമാരുമായി ചർച്ച നടത്തി. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് യാത്രക്കാർ തന്നെ പരാതിപ്പെടുന്ന സാഹചര്യത്തിൽ അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്ന് മന്തി മുഹമ്മദ് റിയാസ് പറഞ്ഞു.

പരുക്കേറ്റ് ആശുപത്രിയിൽ എത്തിക്കുന്നവർക്കു മികച്ച അടിയന്തിര വൈദ്യസഹായം ഉറപ്പാക്കാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എല്ലാവിധ തയാറെടുപ്പുകളും നടത്തിയിരുന്നു. അപകട വിവരമറിഞ്ഞ ഉടനെ തന്നെ സീനിയർ ഡോക്ടർമാർ പലരും വീടുകളിൽ നിന്ന് ആശുപത്രിയിൽ വെളുപ്പിന് തന്നെ എത്തിയിരുന്നു. സ്കാനിങ്, എക്സ്റേ തുടങ്ങിയ പരിശോധനകൾ വേഗത്തിൽ നടത്തുന്നതിനും ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. കെഎസ്ആർടിസി ബസിലെ  യാത്രക്കാരി പരുക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള അനീറ്റ പറയുന്നു: 

വിളിച്ചുണർത്തിയ ഞെട്ടൽ 

വലിയൊരു ശബ്ദം കേട്ട് ഉണരുമ്പോൾ ഒന്നും മനസ്സിലായില്ല. ബസ് മറിഞ്ഞു കിടക്കുകയാണെന്ന് ആരോ പറഞ്ഞു. ആരൊക്കെയോ പിടിച്ച് പുറത്തേക്ക് കടത്തി. അപകടത്തിൽപ്പെട്ട പലരും അവിടവിടെ വീണു കിടക്കുന്നുണ്ടായിരുന്നു. ആദ്യം ഏതോ ആശുപത്രിയിൽ പോയി. അവിടെ നിന്ന് വീട്ടിൽ വിളിച്ചു പറഞ്ഞതും ഞാൻ തന്നെയാണ്. ഉറക്കത്തിലായതിനാൽ പലരും അപകടം എങ്ങനെയെന്ന് കൃത്യമായി അറിഞ്ഞില്ല. അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിലെ യാത്രക്കാരൻ, സേലം ഇന്ത്യൻ ബാങ്കിലെ ഉദ്യോഗസ്ഥൻ പത്തനാപുരം സ്വദേശി അരുൺകുമാർ പറയുന്നു: 

വായുവിൽ പറന്ന സീറ്റ് 

കെഎസ്ആർടിസി ബസിൽ തൊട്ടടുത്തിരുന്ന യാത്രക്കാരൻ ഇരുന്ന സീറ്റ് ഉൾപ്പെടെ ഇടിയുടെ ആഘാതത്തിൽ തെറിച്ച് പുറത്തേക്കു പോകുന്നു. വായുവിൽ ഉയർന്നാണ് സീറ്റ് ഉൾപ്പെടെ പുറത്തേക്ക് തെറിച്ചത്. അതോടെ എന്താണ് സംഭവിച്ചത് എന്നൊന്നും നോക്കാതെ ബസിന്റെ ഇടതുവശത്തെ ജനൽ വഴി പുറത്തേക്കു ചാടി. ഇരിക്കുന്ന സീറ്റ് ഉൾപ്പെടെയാണ് പലരും തെറിച്ചു പുറത്തേക്കു പോയത്. ഭാഗ്യം കൊണ്ടാണ് ജീവൻ തിരിച്ച് കിട്ടിയത്. മനസ്സാന്നിധ്യം വീണ്ടെടുത്തപ്പോൾ ആളുകൾ രക്ഷാപ്രവർത്തനം നടത്തുന്നതാണു കാണുന്നത്. അവരോടൊപ്പം കൂടി. പിന്നീട് ശരീരവേദന തുടങ്ങി. അങ്ങനെയാണ് ചികിത്സയ്ക്കായി വന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA