ADVERTISEMENT

തൃശൂർ ∙ പീച്ചി ഡാം ഉദ്യാനത്തിൽ ലക്ഷങ്ങൾ മുടക്കി ആധുനിക രീതിയിൽ പണികഴിപ്പിച്ച ശുചിമുറികൾക്കു 2 വർഷം കഴിഞ്ഞിട്ടും നല്ല വൃത്തി. വിനോദസഞ്ചാരകേന്ദ്രത്തിന്റെ ശുചിമുറി ആയാൽ ‘ഇങ്ങനെ വേണം’. തുറന്നു കൊടുക്കാത്തതിനാലും ആരും ഉപയോഗിക്കാത്തതിനാലുമാണ് ഇത്രയും വൃത്തിയെന്നാണ് ദോഷൈകദൃക്കുകൾ പറയുന്നത്. വൃത്തി ശുചിമുറിക്കേയുള്ളു. 2 വർഷമായി പൂട്ടിയിട്ട ശുചിമുറികൾക്കു ചുറ്റും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ കഴിയാതെ സഞ്ചാരികൾ വലയുന്നത് പതിവു കാഴ്ചയാണ്. 

20 രൂപ പ്രവേശന ഫീസ് നൽകി ഡാം സന്ദർശിക്കാനെത്തുന്നവർ ‘ അത്യാവശ്യഘട്ടങ്ങളിൽ’ അടച്ചിട്ട ശുചിമുറിയുടെ മുന്നിലെത്തി തിരിച്ചു പോകുന്നതാണ് പതിവ്. പീച്ചി ഡാം ഉദ്യാനത്തിൽ 2 വർഷം മുൻപാണ് ആധുനിക സൗകര്യങ്ങളോടെ 8 ശുചിമുറികളുള്ള കെട്ടിടം നിർമിച്ചത്. പീച്ചി ഡാം വികസനത്തിനായി മന്ത്രി കെ.രാജൻ മുൻകയ്യെടുത്ത് അനുവദിപ്പിച്ച 5 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായാണു ശുചിമുറികൾ നിർമിച്ചത്. പണി പൂർത്തിയായി 2 വർഷം കഴിഞ്ഞിട്ടും ശുചിമുറികൾ തുറന്നുകൊടുക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. പൈപ്പ് കണക്‌ഷനിലെ അപാകതയാണു ശുചിമുറികൾ തുറക്കാത്തതിനു കാരണമെന്ന് അധികൃതർ പറയുന്നു. എന്നാൽ ഇതു പരിഹരിക്കാനും നടപടിയില്ല. 

ഡാമിലെ താഴ്ഭാഗത്തെ അര കിലോമീറ്റർ ചുറ്റളവിൽ പഴയ ശുചിമുറികൾ കൂടി ചേർത്താൽ 10 എണ്ണമുണ്ട്. ഇവയിൽ നീന്തൽ കുളത്തിനു സമീപമുള്ള ഒരു ശുചിമുറി മാത്രമാണു തുറന്നു നൽകുന്നത്. അവധി ദിവസങ്ങളിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിനു പേരാണു ഡാം സന്ദർശിക്കാനെത്തിയത്. ശുചിമുറിയിൽ പോകണമെങ്കിൽ നൂറ്റൻപതോളം പടികൾ കയറി ഡാമിന്റെ മുകളിലെത്തണം. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനു ഡാമിന്റെ കാടുപിടിച്ചു കിടക്കുന്ന ഭാഗത്തെ കുറ്റിക്കാടുകളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണു സഞ്ചാരികൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com