ADVERTISEMENT

തൃശൂർ ∙ സംസ്ഥാന സ്കൂൾ അക്വാറ്റിക് ചാംപ്യൻഷിപ്പിന്റെ ആദ്യദിനം തിരുവനന്തപുരത്തിനു വൻ മുന്നേറ്റം. 31 സ്വർണവും 19 വെള്ളിയും 19 വെങ്കലവുമായി 261 പോയിന്റ് തിരുവനന്തപുരം നേടിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള എറണാകുളത്തിന് 49 പോയിന്റേയുള്ളു. 3 സ്വർണം, 6 വെള്ളി, 5 വെങ്കലം ഇവയാണ് എറണാകുളത്തിന്റെ നേട്ടം. ആതിഥേയ ജില്ലയായ തൃശൂർ ഒരു സ്വർണവും നാലു വെള്ളിയും ഒരു വെങ്കലവുമായി 24 പോയിന്റ് നേടി. ആദ്യദിനം എട്ട് മീറ്റ് റെക്കോർഡുകൾ പിറന്നു.

 സീനീയർ ആൺകുട്ടികളുടെ 50 മീറ്റർ ബട്ടർ ഫ്ലൈ ഇനത്തിൽ ഒന്നാമതെത്തുന്ന  കളമശേരി  ജിവിഎച്ച്എസ്എസിലെ ഗീവർഗീസ് ജയിസ്.                   ചിത്രം : മനോരമ .
സീനീയർ ആൺകുട്ടികളുടെ 50 മീറ്റർ ബട്ടർ ഫ്ലൈ ഇനത്തിൽ ഒന്നാമതെത്തുന്ന കളമശേരി ജിവിഎച്ച്എസ്എസിലെ ഗീവർഗീസ് ജയിസ്. ചിത്രം : മനോരമ .

സ്കൂളുകളിൽ തിരുവനന്തപുരം കന്യാകുളങ്ങര ഗവ. ഗേൾസ് എച്ച്എസ്എസ് 33 പോയിന്റ് (നാലു സ്വർണം, 3 വെള്ളി, 4 വെങ്കലം) നേടി മുന്നിലെത്തി. തുണ്ടത്തിൽ വിഎച്ച്എസ്എസ് (28 പോയിന്റ്), തിരുവനന്തപുരം വെമ്പായം കോഞ്ചിറ നെടുവേലി എച്ച്എസ്എസ് (23 പോയിന്റ് ) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്ത്.

ആവേശം നീന്തിക്കയറി

സംസ്ഥാന സ്കൂൾ അക്വാറ്റിക് മത്സരത്തിന്റെ ആവേശത്തിൽ തൃശൂർ. 2 വർഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന ചാംപ്യൻഷിപ്പിൽ 1500ലേറെ കായികതാരങ്ങൾ പങ്കെടുക്കും. അശ്വിനി ജംക്‌ഷനിലെ അക്വാറ്റിക് കോംപ്ലക്സിലാണ് ചാംപ്യൻഷിപ്.ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് നിർവഹിച്ചു . ഡപ്യൂട്ടി മേയർ ശ്രീമതി രാജശ്രീ ഗോപൻ അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ, തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ, സ്റ്റേറ്റ് സ്കൂൾ സ്പോർട്സ് ഓർഗനൈസർ ഹരീഷ് ശങ്കർ, ജില്ലാ സ്പോർട്സ് കോഓഡിനേറ്റർ എ.എസ്. മിഥുൻ, ജില്ലാ സ്പോർട്സ് സെക്രട്ടറി സി.എസ്. ഗിരീഷ് കുമാർ എന്നിവർ പങ്കെടുത്തു.

റെക്കോർഡ് ഇട്ടിട്ടും റെക്കോർഡ് ഇല്ലാതെ

സംസ്ഥാന സ്കൂൾ നീന്തൽ മത്സരത്തിന്റെ ആവേശം കൂടിയപ്പോൾ പഴയ മീറ്റ് റെക്കോർഡ് തിരുത്തിയിട്ടും മീറ്റ് റെക്കോർഡിൽ ഇടം നേടാതെ ചില മിന്നും താരങ്ങൾ. നിലവിലെ റെക്കോർഡ് തകർത്തിട്ടും ഒന്നാം സ്ഥാനത്ത് എത്താൻ കഴിയാതെ പോയവരാണ് ബെറ്റർമെന്റ് ഓഫ് മീറ്റ് റെക്കോർഡ് (ബിഎംആർ) എന്ന നേട്ടത്തോടെ രണ്ടും മൂന്നും സ്ഥാനത്തും മിന്നിയത്. ജൂനിയർ ബോയ്സ് ബ്രെസ്റ്റ് സ്ട്രോക്കിൽ മത്സരിച്ച തിരുവനന്തപുരം തിരുവല്ലം സ്കൂളിലെ ഗോകുൽ വി. ഗോപൻ മീറ്റ് റെക്കോർഡ് തകർത്തെങ്കിലും രണ്ടാം സ്ഥാനത്തായി.

ജൂനിയർ ഗേൾസ് ബട്ടർഫ്ലൈ സ്ട്രോക്കിൽ കോഴിക്കോട് പ്രോവിഡൻസ് സ്കൂളിലെ ദേവികയും തിരുവനന്തപുരം കന്യാകുളങ്ങര ഗവ. ഗേൾസിലെ വിദ്യാലക്ഷ്മിയും മീറ്റ് റെക്കോർഡ് ഭേദിച്ചെങ്കിലും രണ്ടും മൂന്നും സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. ജൂനിയർ ബോയ്സ് ബാക് സ്ട്രോക്കിൽ മത്സരിച്ച തിരുവല്ലം സ്കൂളിലെ ആദിത്യൻ എസ്. നായർ രണ്ടാം സ്ഥാനത്താണെങ്കിലും മീറ്റ് റെക്കോർഡ് തകർത്ത പ്രകടനം നടത്തി.

അയൽ സംസ്ഥാനത്തു നിന്നെത്തിയ ‘സ്വർണ’താരങ്ങൾ

സംസ്ഥാന സ്കൂൾ അക്വാറ്റിക് ചാംപ്യൻഷിപ്പിന്റെ ആദ്യദിനം മനസ്സ് കീഴടക്കിയത് അയൽസംസ്ഥാനങ്ങളിൽ നിന്നെത്തി സ്വർണം നേടിയ താരങ്ങൾ. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം പരിശീലന കേന്ദ്രത്തിൽ നിന്നാണ് ആന്ധ്ര, ബംഗാൾ സ്വദേശികളായ താരങ്ങളെത്തിയത്. മിക്കവരും സ്വർണനേട്ടം കൊയ്തു. ഒരു സ്വകാര്യ കമ്പനിയാണ് ഈ താരങ്ങളെ സായ് കേന്ദ്രത്തിൽ തുടങ്ങിയ അക്കാദമിയിൽ പരിശീലിപ്പിക്കുന്നത്.

മെഹുലി ഘോഷ്, ഒലീവിയ ബാനർജി, മോഗ്നാ യഗ്ന, മോഗ്ന കീർത്തു സാമ്‌ദേവ് തുടങ്ങിയ താരങ്ങളാണു മിന്നുന്ന പ്രകടനം കാഴ്ചവച്ചത്.ഇവരിൽ പലരും മുൻപ് ദേശീയ ചാംപ്യൻഷിപ്പിൽ പങ്കെടുത്തവരാണ്. ഇത്തവണ കേരളത്തെ പ്രതിനിധീകരിക്കും.

മീറ്റ് റെക്കോർഡുകൾ ഇവയാണ്:

∙സീനിയർ ബോയ്സ് ബാക് സ്ട്രോക്ക് – തൃശൂർ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിലെ പി.ജെ. ധനുഷ് (01:02:27)
∙ജൂനിയർ ബോയ്സ് ബാക് സ്ട്രോക്ക് – എറണാകുളം കളമശേരി ഗവ. എച്ച്എസ്എസിലെ എസ്. അഭിനവ് (01:06:50)
∙സബ്ജൂനിയർ ഗേൾസ് ബട്ടർഫ്ലൈ സ്ട്രോക്ക് – തിരുവനന്തപുരം കന്യാകുളങ്ങര ഗവ. ഗേൾസിലെ എബ്ബ അദില എസ്. (0:33:79)
∙ജൂനിയർ ബോയ്സ് ബ്രെസ്റ്റ് സ്ട്രോക്ക് – കോട്ടയം പാലാ സെന്റ് തോമസ് എച്ച്എസ്എസിലെ കെവിൻ ജിനു (02:35:44)
∙ജൂനിയർ ബോയ്സ് 4–400 മീറ്റർ റിലേ – തിരുവനന്തപുരം (04:28:04)
∙ജൂനിയർ ഗേൾസ് ബ്രെസ്റ്റ് സ്ട്രോക്ക് – തിരുവനന്തപുരം മണക്കാട് ഗവ. വിഎച്ച്എസ്എസിലെ എ.എസ് വിസ്മയ (03:05:25)
∙ജൂനിയർ ഗേൾസ് ബട്ടർ ഫ്ലൈ സ്ട്രോക്ക് – തിരുവനന്തപുരം തുണ്ടത്തിൽ വിഎച്ച്എസ്എസിലെ മെഹുലി ഘോഷ് (00:32:41)
∙ജൂനിയർ ഗേൾസ് മെഡ്‌ലെ റിലേ – തിരുവനന്തപുരം (05:15:23).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com