എരുമപ്പെട്ടി∙ സഹപാഠികളുടെ കരുതലും തണലും ഒത്തു ചേർന്നപ്പോൾ സുമതിക്കും ഹരിദാസിനും 50ാം വയസ്സിൽ മംഗല്യം. ചിറമനെങ്ങാട് കുന്നമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തിലും മണ്ഡപത്തിലുമാണ് സഹപാഠികളുടെ കൂട്ടായ്മയിൽ ഇരുവരും ഒന്നായത്. പന്നിത്തടം അരിക്കാട്ടിരി വീട്ടിൽ പരേതനായ വേലായുധന്റെ മകളായ എ.വി.സുമതിയും അകതിയൂർ കാഞ്ചിയത്ത് വീട്ടിൽ ശങ്കരനാരായണന്റെ മകനായ കലാമണ്ഡലം ഹരിദാസനുമാണ് ഇന്നലെ സഹപാഠികളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ പുതുജീവിതത്തിലേക്ക് പ്രവേശിച്ചത്.
ഇവരെ ഒന്നിപ്പിച്ചത് മരത്തംകോട് ഗവ ഹൈസ്കൂളിലെ 86-87 എസ്എസ്സി ബാച്ചിലെ പൂർവ വിദ്യാർഥി കൂട്ടായ്മ. ഇതേ ബാച്ചിലെ ഒരേ ക്ലാസിലെ വിദ്യാർഥികളായിരുന്നു സുമതിയും ഹരിദാസനും. പഠനം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞെങ്കിലും തണൽ എന്ന് പേരിട്ട ഇവരുടെ പൂർവവിദ്യാർഥി കൂട്ടായ്മ സജീവമായിരുന്നു. ബാച്ചിലെ മിക്കവരുടെയും വിവാഹങ്ങൾ കഴിഞ്ഞ് കുടുംബജീവിതം ആരംഭിച്ചെങ്കിലും സുമതിയുടെയും ഹരിദാസിന്റെയും വിവാഹങ്ങൾ നടന്നിരുന്നില്ല.
ഇതിനിടെ സജീവ രാഷ്ട്രീയ പ്രവർത്തകയായി മാറിയ സുമതി ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഹരിദാസ് മികച്ച തിമില വാദകനും പഞ്ചവാദ്യകലാകാരനുമായി മാറി. രണ്ടു വർഷം മുൻപ് നടന്ന ബാച്ചിന്റെ കൂട്ടായ്മയിലാണ് വിവാഹം കഴിക്കാതെ നിൽക്കുന്ന ഇരുവരും സഹപാഠികളുടെ ശ്രദ്ധയിൽപ്പെട്ടത്.
പരസ്പരം കൂടുതലറിയുന്ന ഇരുവർക്കും ഒന്നായിക്കൂടെയെന്ന കൂട്ടുകാരുടെ ചോദ്യത്തിൽ നിന്ന് ആദ്യം ഇരുവരും ഒഴിഞ്ഞു മാറിയെങ്കിലും പിന്നീട് വിവാഹത്തിന് സമ്മതിക്കുയായിരുന്നു ഇരു സമുദായങ്ങളാണെന്നതോ വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ വിശ്വസിക്കുന്ന വരാണെന്നതോ വിവാഹത്തിന് തടസ്സമായില്ല. വീട്ടുകാരും പൂർണ പിന്തുണമായി എത്തിയതോടെ ഇരുവരും പുതുജീവിതത്തിലേക്ക് പ്രവേശിച്ചു.