ADVERTISEMENT

തൃശൂർ ∙ റവന്യു ജില്ലാ സ്കൂൾ കായികമേളയിൽ തൃശൂർ ഈസ്റ്റ് ഉപജില്ലയ്ക്ക് ഓവറോൾ കിരീടം. 21 സ്വർണവും 13 വെള്ളിയും 9 വെങ്കലവും സഹിതം 175 പോയിന്റോടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണു കിരീടനേട്ടം. 14 സ്വർണവും 16 വെള്ളിയും 15 വെങ്കലവുമായി ചാലക്കുടി ഉപജില്ലയും (148 പോയിന്റ്) 15 വീതം സ്വർണവും വെള്ളിയും 3 വെങ്കലവുമായി വലപ്പാട് ഉപജില്ലയും (145 പോയിന്റ്) രണ്ടും മൂന്നും സ്ഥാനത്തെത്തി. 12 സ്വർണത്തോടെ നാട്ടിക ഗവ. ഫിഷറീസ് എച്ച്എസ്എസ് (73 പോയിന്റ്) സ്കൂളുകൾ തമ്മിലുള്ള പോരാട്ടത്തിൽ ജേതാക്കളായി.

  സ്കൂൾ വിഭാഗത്തിൽ ഓവറോൾ ചാംപ്യന്മാരായ നാട്ടിക  ഗവ.ഫിഷറീസ് സ്കൂൾ ടീം പി.ബാലചന്ദ്രൻ എംഎൽഎയിൽ നിന്ന് ട്രോഫി സ്വീകരിക്കുന്നു.
സ്കൂൾ വിഭാഗത്തിൽ ഓവറോൾ ചാംപ്യന്മാരായ നാട്ടിക ഗവ.ഫിഷറീസ് സ്കൂൾ ടീം പി.ബാലചന്ദ്രൻ എംഎൽഎയിൽ നിന്ന് ട്രോഫി സ്വീകരിക്കുന്നു.

11 സ്വർണത്തോടെ തൃശൂർ കാൽഡിയൻ സിറിയൻ എച്ച്എസ്എസും (59 പോയിന്റ്), 9 സ്വർണത്തോടെ പന്നിത്തടം കോൺകോർഡ് ഇംഗ്ലിഷ് സ്കൂളും (49 പോയിന്റ്) രണ്ടും മൂന്നും സ്ഥാനത്തെത്തി. ബോയ്സ് വിഭാഗത്തിൽ പന്നിത്തടം കോൺകോർഡ് ഇംഗ്ലിഷ് സ്കൂളും (30 പോയിന്റ്) ഗേൾസ് വിഭാഗത്തിൽ നാട്ടിക ഗവ.ഫിഷറീസ് എച്ച്എസ്എസും (57 പോയിന്റ്) ഒന്നാം സ്ഥാനത്തെത്തി. പി.ബാലചന്ദ്രൻ എംഎൽഎ ട്രോഫികൾ വിതരണം ചെയ്തു. 

വലനിറച്ച് ‘ഫിഷറീസ്’ സ്കൂൾ 

ചെറു സംഘവുമായെത്തി വല നിറയെ സ്വർണം വാരിയാണ് ഇക്കുറി നാട്ടിക ഗവ.ഫിഷറീസ് സ്കൂളിന്റെ കായികക്കൊയ്ത്ത്. 9 താരങ്ങളുമായെത്തി 12 സ്വർണമാണ് ഫിഷറീസിന്റെ നേട്ടം. ഗേൾസ് വിഭാഗത്തിൽ 57 പോയിന്റോടെ ഒന്നാം സ്ഥാനവും നേടി. സീനിയർ ഗേൾസ് വിഭാഗത്തിൽ ഫിഷറീസിലെ സി.എസ്.കൃഷ്ണപ്രിയയും ഇ.എസ്.ശിവപ്രിയയും വ്യക്തിഗത ചാംപ്യന്മാരായി. 

കായികമേളയിൽ 2014 മുതൽ തുടർച്ചയായി 5 വർഷം ഫിഷറീസിനായിരുന്നു സ്കൂൾ കിരീടം. 2019ൽ രണ്ടാം സ്ഥാനം. േമളയുടെ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചെറു സംഘമായെത്തി വൻ വേട്ടയുമായി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. ആദ്യവർഷങ്ങളിൽ 28 കുട്ടികൾ വരെ മത്സരിച്ചിട്ടുണ്ട്. നാട്ടിക സ്പോർട്സ് അക്കാദമി പരിശീലകൻ വി.വി.കണ്ണന്റെ നേതൃത്വത്തിലാണ് സ്കൂൾ താരങ്ങളുടെ പരിശീലനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com