ചാലക്കുടി ∙ പരിയാരം തവളപ്പാറയിൽ ഭൂമിയിടപാടുകാരൻ രാജീവ് കൊല്ലപ്പെട്ട കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്നു പ്രമുഖ അഭിഭാഷകനും കേസിലെ ആറാം പ്രതിയുമായ ഉദയഭാനു ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരായി. 2017 സെപ്റ്റംബർ 28നാണു രാജീവ് തവളപ്പാറയിലെ ജാതിത്തോട്ടത്തിൽ കൊല്ലപ്പെട്ടത്. മുരിങ്ങൂർ ആറ്റപ്പാടം ചാമക്കാല ഷൈജു (45) കോനൂർ സ്നേഹനഗർ പാലക്കാടൻ സത്യൻ (48), വെസ്റ്റ് ചാലക്കുടി മതിൽകൂട്ടം സുനിൽ (41), ആറ്റപ്പാടം വെളുത്തുപറമ്പിൽ രാജൻ (56) എന്നിവർ സംഭവദിവസം തന്നെ അറസ്റ്റിലായിരുന്നു.
അങ്കമാലി ചെറുമഠത്തിൽ ജോണി (ചക്കര ജോണി – 53), ഇയാളുടെ കൂട്ടാളി വാപ്പാലശേരി പൈനാടത്ത് രഞ്ജിത് (36) എന്നിവരെയും പൊലീസ് പിന്നീടു അറസ്റ്റ് ചെയ്തിരുന്നു.പ്രതികൾക്കെല്ലാം പിന്നീടു ജാമ്യം നൽകിയിരുന്നു. ഉദയഭാനുവിനൊപ്പം മറ്റ് 5 പ്രതികൾ കൂടി കോടതിയിൽ ഹാജരായി. കേസ് വാദത്തിനും തുടർ നടപടികൾക്കായി മേൽക്കോടതിയിലേക്കു സമർപ്പിച്ചു. ജില്ലാ കോടതി ഡിസംബറിൽ വീണ്ടും കേസ് പരിഗണിക്കും.