ADVERTISEMENT

തൃശൂർ ∙ ‘മാതാവിന്റെ വിയോഗം സൃഷ്ടിച്ച അഗാധ ദുഃഖത്തിന്റെ സമയത്ത് താങ്കൾ അയച്ച കത്തിൽ രാജാവ് അങ്ങേയറ്റം കൃതാർഥനാണെന്ന് അറിയിക്കട്ടെ. അദ്ദേഹത്തിന്റെ കൃതജ്ഞതയും ആശംസയും താങ്കളെ അറിയിക്കാൻ രാജാവ് എന്നെ ചുമതലപ്പെടത്തിയതിന്റെ അ‍ടിസ്ഥാനത്തിലാണ് ഈ കത്ത്. എന്ന്, മിസിസ് ജാൻ ഹൂക്ക്, ബക്കിങ്ങാം പാലസ്.’ കടൽ കടന്നെത്തിയ ഈ കത്ത് സമ്മാനിച്ച ‘സർപ്രൈസി’ന്റെ സന്തോഷത്തിലാണ് പൊതുപ്രവർത്തകൻ ഷാജി ജെ.കോടങ്കണ്ടത്ത്.

എലിസബത്ത് രാജ്ഞിയുടെ വിയോഗ സമയത്ത് അന്നു രാജകുമാരനായിരുന്ന ചാൾസിന് അയച്ച ആശ്വാസ വാക്കുകൾക്കാണ് റോയൽ മെയിലിൽ മറുപടി എത്തിയത്. ഏതാനും മ‍ാസം മുൻപ‍ു കുടുംബത്തിനൊപ്പം ഷാജി കോടങ്കണ്ടത്ത് ലണ്ടനിൽ പോയിരുന്നു. ബക്കിങ്ങാം പാലസ് സന്ദർശിച്ച ശേഷം സ്കോട്‌ലൻഡിലേക്കു യാത്ര തുടരുന്നതിനിടെയാണ് രാജ്ഞിയുടെ വിയോഗവാർത്ത അറിഞ്ഞത്.

ഗ്ലാസ്ഗോയിൽ നിന്ന് ഇന്ത്യയിലേക്കു മടക്കയാത്ര പുറപ്പെടേണ്ട സമയത്തിനു തൊട്ടുമുൻപായിരുന്നു മരണവാർത്ത അറിഞ്ഞത്. ബക്കിങ്ങാം പാലസ് സന്ദർശനത്തിനിടെ രാജ്ഞിയും മകൻ ചാൾസും തമ്മിലുള്ള ഊഷ്മള സ്നേഹത്തെക്കുറിച്ചു വിശദമായി അറിഞ്ഞിരുന്നു. ഇതോടെയാണ് ചാൾസിനൊരു കത്തയയ്ക്കാൻ തീരുമാനിച്ചത്. മ‍ാതൃ സ്നേഹത്തെക്കുറിച്ചു വിശദീകരിച്ചും സാന്ത്വനിപ്പിച്ചും സ്വന്തം കൈപ്പടയിലെഴുതിയ കത്ത് 8 കിലോമീറ്റർ അകലെയുള്ള പോസ്റ്റ് ഓഫിസ് തേടിപ്പിടിച്ചാ‍ണ് പോസ്റ്റ് ചെയ്തത്.

തപാൽ ചെലവ് മാത്രം ആയിരം രൂപയോളമായി. കത്തിൽ ഷാജി എഴുതിയിരുന്നത് തൃശൂരിലെ വിലാസമാണ്. തിരിച്ചെത്തിയ ശേഷം കത്തിനെക്കുറിച്ചു മറന്നു പോയെങ്കിലും കഴിഞ്ഞ ദിവസം എയർമെയിലിൽ തന്റെ വിലാസത്തിലെത്തിയ കത്ത് കണ്ടപ്പോൾ വിസ്മയിച്ചു പോയെന്ന് ഷാജി കോടങ്കണ്ടത്ത് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com