ADVERTISEMENT

ചേലക്കര∙ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ ബാക്ടീരിയ ബാധ മൂലമുള്ള ഓല കരിച്ചിൽ (ബാക്ടീരിയൽ ലീഫ് ബ്ലൈറ്റ്) കണ്ടെത്തി. വെങ്ങാനെല്ലൂർ,കുട്ടാടൻ,നാട്ടിൻചിറ പാടശേഖരങ്ങളിലും തിരുവില്വാമല പാമ്പാടിയിലുമാണ് രോഗബാധ കണ്ടെത്തിയത്. ഇലയുടെ ഇരു വശത്തും മഞ്ഞനിറം വര പോലെ പ്രത്യക്ഷപ്പെടുന്നതാണു ബാക്ടീരിയ ബാധയുടെ ആദ്യ ലക്ഷണം. പിന്നീട് ഇലകൾ മുകളിൽ നിന്നു കരിയുകയും പൊടിഞ്ഞു പോകുകയും ചെയ്യും.

തുടക്കത്തിൽ തന്നെ കണ്ടെത്തി പ്രതിരോധ മരുന്നുകൾ പ്രയോഗിച്ചാൽ രോഗം പടർന്നുള്ള കൃഷി നാശം ഒഴിവാക്കാം. രോഗബാധ ഉറപ്പിക്കാംസംശയം തോന്നുന്ന നെൽച്ചെടി പറിച്ചെടുത്തു കഴുകി വൃത്തിയാക്കിയ ശേഷം തണ്ടു മുറിച്ചു സ്ഫടിക ഗ്ലാസിലെ തെളിഞ്ഞ വെള്ളത്തിൽ ഇട്ടാൽ തണ്ടിൽ നിന്നു പുക വരുന്നതു പോലെ കാണാം.പ്രതിരോധ മാർഗങ്ങൾചെടികളിൽ മഞ്ഞളിപ്പു കണ്ടു തുടങ്ങുമ്പോൾ 20 ഗ്രാം പച്ച ചാണകം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി അതിന്റെ തെളിയിൽ 20 ഗ്രാം സ്യൂഡോമോണസ് ഫ്ലൂറസെൻസ് (ലായനിയെങ്കിൽ 5 മില്ലി ലീറ്റർ) ചേർത്ത് ഏക്കറിന് 200 ലീറ്റർ എന്ന തോതിൽ പ്രയോഗിക്കണം.

രോഗ ബാധ തുടരുകയാണെങ്കിൽ 50 ഗ്രാമിന്റെ ബ്ലീച്ചിങ് പൗഡർ കിഴികൾ ഏക്കറിനു 2 കിലോഗ്രാം വരും വിധം ഇട്ടു കൊടുക്കുകയോ വെള്ളം വരുന്ന ചാലുകളിൽ ബ്ലീച്ചിങ് പൗഡർ ചാക്ക് (5 കിലോ ഗ്രാം) ഇടുകയോ ചെയ്യണം. രോഗം രൂക്ഷമായാൽ സ്ട്രെപ്റ്റോസൈക്ലിൻ 42 ഗ്രാം 210 ലീറ്റർ വെള്ളത്തിൽ കലക്കിയ മിശ്രിതം ഓരോ ഏക്കറിലും പ്രയോഗിക്കണം. ഇതോടൊപ്പം പോളരോഗം കൂടി കാണുന്നുണ്ടെങ്കിൽ 400 ഗ്രാം കോപ്പർ ഹൈഡ്രോക്സൈഡ് കൂടി ചേർത്ത മിശ്രിതം പ്രയോഗിക്കണമെന്നു വയലുകൾ സന്ദർശിച്ച മണ്ണുത്തി കാർഷിക സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസർമാരായ ദീപ ജയിംസ്, കെ.കെ. അശ്വതി, പഴയന്നൂർ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷീബ ജോർജ് എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com