തൃശൂർ ∙ സഞ്ജു സാംസണിലൂടെയല്ലാതെ കേരളത്തിലേക്കൊരു ഒരു രാജ്യാന്തര െസഞ്ചറി നേട്ടം! അത്യപൂർവമായ ഈ നേട്ടത്തിന്റെ ക്രെഡിറ്റ് മുക്കാട്ടുകര സ്വദേശി വിനു പ്രഭാകറിനു സ്വന്തം. ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയുടെ ദേശീയ ടീമംഗമായ വിനു, ഐസിസി ടി20 ലോകകപ്പിനുള്ള ആഫ്രിക്കൻ യോഗ്യതാ മത്സരത്തിലാണ് സെഞ്ചുറി നേടിയത്. ഓപ്പണറായി കളിക്കാനിറങ്ങിയ വിനു 70 പന്തിൽ നിന്ന് 100 റൺസ് നേടി.
7 ഫോറും 5 സിക്സും ഉൾപ്പെട്ടതാണ് ഇന്നിങ്സ്. വിനുവിന്റെ മികവിൽ ടീം വിജയം നേടിയെങ്കിലും ലോകകപ്പ് യോഗ്യത നേടാൻ ബോട്സ്വാനയ്ക്കായില്ല. കെനിയ ഉൾപ്പെട്ട രാജ്യങ്ങൾക്കു പിന്നിൽ നാലാം സ്ഥാനത്താണ് ബോട്സ്വാന ഫിനിഷ് ചെയ്തത്. മുക്കാട്ടുകര ചെറുവര പരേതനായ ബാലകൃഷ്ണന്റെയും വിജയലക്ഷ്മിയുടെയും മകനാണ് വിനു. മണ്ണുത്തിയിലും പരിസരത്തുമായി ക്രിക്കറ്റ് കളിച്ചാണ് വിനു വളർന്നത്.കുട്ടനെല്ലൂർ ഗവ. കോളജ് ടീമംഗമായിരുന്നു.
തൃശൂർ ക്രിക്കറ്റ് അക്കാദമിയുടെയും സെന്റ് അലോഷ്യസ് കോളജ് ടീമിന്റെയും ക്യാപ്റ്റനായി. ബോട്സ്വാനയിൽ ജോലി ലഭിച്ചതോടെ 2015ൽ അവിടെയെത്തി. ഇടവേളകളിൽ പ്രാദേശിക ടൂർണമെന്റുകളിൽ പങ്കെടുത്തു തുടങ്ങി. വലംകയ്യൻ ബാറ്ററും ബോളറുമായ വിനു മികച്ച പ്രകടനം തുടർന്നതോടെ ദേശീയ ടീമിലെത്തി. 2024 ടി20 ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങൾ തുടങ്ങിയതോടെ കെനിയയും റുവാൻഡയും അടക്കമുള്ള രാജ്യങ്ങൾക്കെതിരെ വിനു ബോട്സ്വാനയ്ക്കു വേണ്ടി കളിച്ചു. ടീമിന് ലോകകപ്പ് യോഗ്യത നേടാനായില്ലെങ്കിലും അവസാന യോഗ്യതാ മത്സരത്തിൽ സെഞ്ചറി നേടാനായത് വിനുവിന് അഭിമാന നേട്ടമായി. സെന്റ് ഹെലന ടീമിനെതിരെയായിരുന്നു സെഞ്ചറി.