റവന്യു ഓഫിസുകളിലെ 67 തസ്തികകൾ ജില്ലയ്ക്ക് പുറത്തേക്ക്, തടസ്സപ്പെടുമോ സേവനങ്ങൾ?

HIGHLIGHTS
  • കൊടുങ്ങല്ലൂരിലെ 5 ലാൻഡ് അക്വിസിഷൻ ഓഫിസ് നിർത്തലാക്കി; വിവിധ കേസുകൾ തീർപ്പാക്കാൻ ബാക്കി
thrissur news
SHARE

ഇരിങ്ങാലക്കുട ∙ ദേശീയപാത 17–ന്റെ വികസനത്തിനായി യൂണിറ്റ് ഓഫിസുകൾ നിർത്താലാക്കിയതു കാരണം റവന്യു വകുപ്പിലെ 67 തസ്തികകൾ തൃശൂർ ജില്ലയ്ക്ക് നഷ്ടപ്പെടുമെന്ന് ആശങ്ക. കൊടുങ്ങല്ലൂരിലെ മേത്തല മുതൽ ചാവക്കാട്ടെ കടിക്കാട് വരെ ദേശീയപാത 17–ന്റെ വികസനത്തിനായി കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന സ്പെഷൽ ഡപ്യൂട്ടി കലക്ടർ (എൽഎ) ഓഫിസിലെ തസ്തികകളിൽ വ്യാപകമായ കുറവ് വരുത്തിയും സ്പെഷൽ തഹസിൽദാർമാരുടെ 4 യൂണിറ്റ് ഓഫിസുകൾ നിർത്തലാക്കി തസ്തികകൾ പുനഃക്രമീകരിച്ചും

സർക്കാർ ഉത്തരവ് ഇറക്കിയതോടെയാണ് റവന്യു വകുപ്പിലെ 67 തസ്തികകൾ ജില്ലയ്ക്ക് പുറത്തേക്ക് പോകുന്നത്. ദേശീയപാത 544–ന്റെ വികസനത്തിനായി തൃശൂരിൽ പ്രവർത്തിക്കുന്ന സ്പെഷൽ ഡപ്യൂട്ടി കലക്ടർ എൽഎ (എൻഎച്ച്ഡിപി) ഓഫിസും നിർത്തലാക്കി. നിർത്തലാക്കിയ ഓഫിസുകളിലെ ജീവനക്കാരെ പാലക്കാട്, കൊല്ലം, മലപ്പുറം ജില്ലകളിലേക്ക് പുനർ വിന്യസിക്കാനാണു നിർദേശം.

6 റവന്യു ഓഫിസുകളിൽ നിന്നായി ഡപ്യൂട്ടി കലക്ടർ, സ്പെഷൽ തഹസിൽദാർ (5), ജൂനിയർ സൂപ്രണ്ട് (6), റവന്യു ഇൻസ്പെക്ടർ (17), സർവേയർ (11), ക്ലാർക്ക് (20), ടൈപ്പിസ്റ്റ് (2), ഓഫിസ് അറ്റൻഡന്റ് (5) എന്നിങ്ങനെ 67 തസ്തികകളാണ് ഗ്രീൻ ഫീൽഡ് ഹൈവേ 966 പാലക്കാട്, ദേശീയപാത 66 മലപ്പുറം, ദേശീയപാത 744 കൊല്ലം ഓഫിസു കളിലേക്ക് മാറ്റുന്നത്.

ആകെ 12,770 ലാൻഡ് അക്വിസിഷൻ കേസുകളുള്ള കൊടുങ്ങല്ലൂരിലെ ഓഫിസുകളിലെ 8772 കേസുകൾ മാത്രമാണ് ഇതുവരെ തീർപ്പായത്. ബാക്കിയുള്ള 3998 കേസുകളിലായി 268.39 കോടി രൂപ ഭൂ ഉടമകൾക്ക് കൊടുക്കാനുണ്ട്. 163 ഹൈക്കോടതി കേസുകളും 2524 ആർബിട്രേഷൻ കേസുകളും തീർപ്പാക്കാൻ ബാക്കിയാണ്. വാണിജ്യ സ്ഥാപനങ്ങൾ നിലവിലുണ്ടായിരുന്ന കേസുകളിൽ പുനരധിവാസ

പാക്കേജ് നടപ്പാക്കേണ്ട ചുമതലയും വില്ലേജ് രേഖകളിൽ മാറ്റം വരുത്തുന്ന മ്യൂട്ടേഷൻ ജോലികളും നടക്കുന്നതിനിടെയാണ് കൊടുങ്ങല്ലൂരിലെ ഓഫിസുകളിലെ തസ്തികകളിൽ അശാസ്ത്രീയമായി കുറവ് വരുത്തിയിരിക്കുന്നത്. 78 തസ്തിക കളുണ്ടായിരുന്ന കൊടുങ്ങല്ലൂരിലെ 5 ലാൻഡ് അക്വിസിഷൻ ഓഫിസുകളെ ഒന്നാക്കി ചുരുക്കിയ ശേഷം നിലവിൽ അനുവദിച്ചത് ആകെ 39 തസ്തികകളാണ്.

ജീവനക്കാരിൽ ആശങ്ക; നിവേദനം

തൃശൂർ മുതൽ അങ്കമാലി വരെ ദേശീയപാത 544 ആറു വരിയാക്കി മാറ്റുന്നതിനുള്ള സ്ഥലമെടുപ്പ് ജോലികൾക്കായി തൃശൂർ ഡപ്യൂട്ടി കലക്ടർ എൽഎ (എൻഎച്ച്ഡിപി) ഓഫിസിനെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ചുമതലപ്പെടുത്തിയിരിക്കെയാണ് ഈ ഓഫിസ് നിർത്തലാക്കിയത്. കേന്ദ്ര ഗസറ്റ് വിജ്ഞാപനം പ്രകാരം പ്രവർത്തിക്കാൻ ബാധ്യസ്ഥമായ ഈ ഓഫിസ് നിർത്തലാക്കുന്നതിലെ ആശങ്ക ജീവനക്കാർ കലക്ടറെ അറിയിച്ചിട്ടുണ്ട്.

കൊടുങ്ങല്ലൂരിലെ ഓഫിസിന്റെ സുഗമമായ പ്രവർത്തനത്തിനു ജീവനക്കാരെ പുനഃക്രമീകരിച്ച് അനുവദിക്കുന്നതിനും ദേശീയപാത 544ന്റെ സ്പെഷൽ ഡപ്യൂട്ടി കലക്ടറുടെ ഓഫിസിന്റെ പ്രവർത്തനം അവസാനിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് റവന്യു ഡിപ്പാർട്മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെആർഡിഎസ്എ) കലക്ടർക്ക് നിവേദനം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS