ADVERTISEMENT

അർജന്റീനയ്ക്കു വേണ്ടി മെസ്സി ഗോളടിച്ചപ്പോൾ വളർക്കാവിലെ താൽക്കാലിക തിയറ്ററിലെ ആഘോഷം ലൈവായി കണ്ട് ലോകം

ഒല്ലൂർ ∙ പുള്ളാവൂരിലെ കട്ടൗട്ടുകൾക്കു പിന്നാലെ ഫുട്ബോൾ ലോകത്തിന്റെയാകെ ഹൃദയത്തിലിടം പിടിച്ച് വളർക്കാവിലെ താൽക്കാലിക തിയറ്റർ. ലോകകപ്പ് മത്സരങ്ങൾ കാണാൻ 5000 ചതുരശ്രയടിയിൽ നിർമിച്ച താൽക്കാലിക തിയറ്ററിലിരുന്നു വളർക്കാവിലെ ആരാധകർ ലയണൽ മെസ്സിയുടെ ഗോൾ ആഘോഷിക്കുന്ന ദൃശ്യങ്ങൾ ലൈവായി കണ്ടത് ലോകം മുഴുവൻ! ലോകകപ്പ് മത്സരങ്ങളുടെ ഔദ്യോഗിക സംപ്രേഷണാവകാശമുള്ള സ്പോർട്സ് 18 ചാനലിന്റെ പ്രതിനിധികൾ വളർക്കാവിൽ നേരിട്ടെത്തി തിയറ്ററിലെ ആഘോഷവും അതിനു പിന്നിലെ പ്രയത്നങ്ങളും റിപ്പോർട്ട് ചെയ്തു.

വളർക്കാവിലെ അർജന്റീന ആരാധകരുടെ ആഘോഷക്കാഴ്ച സ്പോർട്സ് 18 ചാനലിൽ സംപ്രേഷണം ചെയ്തപ്പോൾ.
വളർക്കാവിലെ അർജന്റീന ആരാധകരുടെ ആഘോഷക്കാഴ്ച സ്പോർട്സ് 18 ചാനലിൽ സംപ്രേഷണം ചെയ്തപ്പോൾ.

അർജന്റീന – മെക്സിക്കോ മത്സരശേഷം ലോകമാകെ സംപ്രേഷണം ചെയ്ത മത്സര വിലയിരുത്തൽ പരിപാടിയിൽ വളർക്കാവിലെ ആരാധകരെ അഭിനന്ദിച്ചവരിൽ ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ സാക്ഷാൽ വെയ്ൻ റൂണിയും ഉൾപ്പെടുന്നു. ഒരേസമയം 500 പേർക്ക് കളി കാണാവുന്ന വിധത്തിലാണ് വളർക്കാവിൽ ആരാധകർ തിയറ്റർ ഒരുക്കിയത്. സ്ത്രീകൾക്കും കുട്ടികൾക്കും  പ്രത്യേക സീറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. ടിൻ ഷീറ്റുകൾ ഉപയോഗിച്ചു തിയറ്റർ നിർമിക്കാൻ 3 ലക്ഷം രൂപയോളം ചെലവായി.

12 അടി ഉയരവും 24 അടി വീതിയുമുള്ള വലിയ സ്ക്രീനിലാണ് പ്രദർശനം. അതതു ദിവസം മത്സരിക്കുന്ന ടീമുകളുടെ ആരാധകർ ചായയും പലഹാരവും തിയറ്ററിൽ വിതരണം ചെയ്യും. തിയറ്റർ നിർമാണത്തിനും പ്രദർശനത്തിനുമുള്ള ചെലവ് ജനകീയ പങ്കാളിത്തത്തോടെയാണ് കണ്ടെത്തുന്നത്. സ്ത്രീകളടക്കം 100 പേർ ഉൾപ്പെട്ട ഫ്രണ്ട്സ് കൂട്ടായ്മയാണ് തിയറ്റർ നടത്തിപ്പിനു പിന്നിൽ. കാണികളെ നിയന്ത്രിക്കാൻ വൊളന്റിയർമാരുമുണ്ട്. കഴിഞ്ഞ ലോകകപ്പിനും ഇവിടെ തിയറ്റർ നിർമിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com