ADVERTISEMENT

ഗുരുവായൂർ ക്ഷേത്രത്തിൽ സംഭവിച്ച അഗ്നിബാധയ്ക്ക് ഇന്ന് 52 വർഷം തികയുന്നു. അഗ്നിബാധ ആദ്യം കണ്ടതും ആളെ വിളിച്ചുകൂട്ടിയതും എങ്ങനെയെന്ന് ദൃക്സാക്ഷി നാരായണ പണിക്കർ പറയുന്നു..

ഗുരുവായൂർ ∙ 1970 നവംബർ 30ന് പുലർച്ചെ ഒന്നര. ഗുരുവായൂർ ക്ഷേത്രത്തിനരികെ പടിഞ്ഞാറേനടയിൽ കച്ചവടം നടത്തിയിരുന്ന മമ്മിയൂർ കോമത്ത് നാരായണ പണിക്കർ തന്റെ പീടികമുറിയിൽ ഉറക്കത്തിലായിരുന്നു. ഉറക്കം മുറിഞ്ഞ് പണിക്കർ ഉണർന്നു നോക്കിയപ്പോൾ കണ്ടത് ക്ഷേത്രത്തിൽ നിന്നു പുക ഉയരുന്നതാണ്. പിന്നീടു സംഭവിച്ചതെല്ലാം ചരിത്രമായി. ഗുരുവായൂർ ക്ഷേത്ര ചരിത്രത്തിൽ വലിയ മാറ്റത്തിന് വഴിയൊരുക്കിയ അന്നത്തെ അഗ്നിബാധയ്ക്ക് ഇന്ന് 52 വർഷം തികയുന്നു.

അന്ന് ഏകാദശിയുടെ പൊലീസ് വിളക്ക് ആയിരുന്നുവെന്നു പണിക്കർ ഓർക്കുന്നു. രാത്രി വിളക്കെഴുന്നള്ളിപ്പ് കഴിഞ്ഞു രാത്രി 12.30ന് ഭക്തരെ പുറത്തിറക്കി ഗോപുര വാതിലുകൾ അടച്ചു. നാരായണ പണിക്കർ പീടികയിലായിരുന്നു ഉറക്കം. രാത്രി 1.30ന് എഴുന്നേറ്റപ്പോഴാണ് ക്ഷേത്രത്തിനുള്ളിൽ പുക കണ്ടത്. ഗോപുരവാതിലിന്റെ വിടവിലൂടെ നോക്കിയപ്പോൾ അകത്തു തീ ആളിക്കത്തുന്നു.

സമീപത്തുറങ്ങിയ‍ിരുന്ന വരെല്ലാം പണിക്കരുടെ നിലവിളി കേട്ട് ഓടിക്കൂടി. ഇതിനിടെ പണിക്കർ ആനപ്പള്ള മതിൽ ചാടി അകത്തു കടന്നു. കാലിന്റെ തള്ളവിരൽ ഒടിഞ്ഞു. ശബ്ദം കേട്ടു കാവൽക്കാർ പാഞ്ഞെത്തി ഗോപുരവാതിലുകൾ തുറന്നു. ജനങ്ങൾ ക്ഷേത്രത്തിലേക്കു പ്രവഹിച്ചു. കയ്യിൽ കിട്ടിയ പാത്രങ്ങളിൽ വെള്ളമെടുത്തു തീ കെടുത്താൻ ശ്രമിച്ചു. എന്നിട്ടും ചുറ്റമ്പലത്തിന്റെ 3 ഭാഗത്തോളം കത്തിയമർന്നു. ശ്രീകോവിലിന് ഒന്നും സംഭവിച്ചില്ല.

ഈ സംഭവത്തിന്റെ തുടർച്ചയായി സർക്കാർ ക്ഷേത്രം സാമൂതിരിയിൽ നിന്ന് ഏറ്റെടുത്തു. ക്ഷേത്രം പുനർനിർമിച്ചു. അഗ്നിബാധയ്ക്കു ശേഷം ഭക്തരുടെ എണ്ണവും വരുമാനവും വർധിച്ചു. അഗ്നിബാധയെ കുറിച്ച് അന്വേഷിച്ച ഡിവൈഎസ്പി ഗോപാലകൃഷ്ണ മേനോന്റെ മുന്നിൽ നാരായണ പണിക്കർ സാക്ഷിമൊഴി നൽകി. അന്ന് 7 ക്ഷേത്രം കാവൽക്കാർക്കു സസ്പെൻഷൻ നേരിടേണ്ടി വന്നെന്നും പണിക്കർ ഓർമിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com