മറന്നു കളഞ്ഞില്ലേ, ഇക്കണ്ട കാലമത്രയും; നാലരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും ജന്മനാട്ടിൽ സ്മാരകമില്ല

1,ഇക്കണ്ട വാരിയർ..  2, ഇക്കണ്ട വാരിയർ ജനിച്ചുവളർന്ന ഒല്ലൂർ എടക്കുന്നിയിലെ വീട്. ചിത്രം: മനോരമ
1,ഇക്കണ്ട വാരിയർ.. 2, ഇക്കണ്ട വാരിയർ ജനിച്ചുവളർന്ന ഒല്ലൂർ എടക്കുന്നിയിലെ വീട്. ചിത്രം: മനോരമ
SHARE

കൊച്ചി രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ഇക്കണ്ട വാരിയർ ഓർമയായിട്ട് നാലരപ്പതിറ്റാണ്ട് പിന്നിട്ടു. ജന്മനാടായ ഒല്ലൂരിൽ ഇപ്പോഴും അദ്ദേഹത്തിന് സ്മാരകമില്ല.

ഒല്ലൂർ ∙ കൊച്ചി രാജ്യം ഭരിച്ചിരുന്ന പ്രധാനമന്ത്രിയെന്ന നിലയിൽ ഇക്കണ്ട വാരിയർ എക്കാലവും അവിസ്മരണീയനായി തുടരുമെങ്കിലും ജന്മനാടിന് അദ്ദേഹത്തെ ഓർമയില്ല. ജന്മി കുടുംബത്തിൽ ജനിച്ചിട്ടും ജീവിതകാലം മുഴുവൻ അധസ്ഥിതർക്കായി പോരാടിയ ഇക്കണ്ട വാരിയരുടെ പേരിൽ ജന്മനാടായ ഒല്ലൂരിലൊരു സ്മാരകം പോലുമില്ല. വലക്കാവിലെ എയ്ഡഡ് സ്കൂളും തൃശൂർ ശക്തനിലെ റോഡും ഒല്ലൂരിൽ അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള റോഡും ഇക്കണ്ട വാരിയരുടെ പേരിൽ അറയപ്പെടുന്നു എന്നതൊഴിച്ചാൽ ജന്മനാട്ടിൽ അദ്ദേഹത്തിന്റെ പേരിലൊരു സ്മാരകമില്ല.

ഐക്യകേരളം പിറക്കുന്നതിനു മുൻപ് ജനകീയ ഭരണമാതൃകയുടെ വക്താവായി മാറിയ ഇക്കണ്ടവാരിയർ 1948ൽ ആണ് കൊച്ചി രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന അത്യുന്നത പദവിയിലെത്തുന്നത്. അയിത്തോച്ചാടനം, ഹരിജനോദ്ധാരണം, ഖാദി പ്രചാരണം തുടങ്ങിയവ അദ്ദേഹം ജീവിത ലക്ഷ്യമാക്കി. സ്വന്തമായി ഒരു വീടുപോലുമില്ലാത്ത പ്രധാനമന്ത്രിയായിരുന്നു ഇക്കണ്ട വാരിയർ. ജന്മി കുടുംബത്തിൽ ജനിച്ചിട്ടും ഗാന്ധിജിയുടെ പാത പിന്തുടർന്നു ലളിതജീവിതം സ്വീകരിച്ചു. പ്രതിഫലത്തിനു വേണ്ടിയല്ല രാഷ്ട്ര സേവനം നടത്തിയതെന്നു പറഞ്ഞ് സ്വാതന്ത്ര്യ സമര പെൻഷൻ നിരസിച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹം.

അഭിഭാഷകൻ, നഗരപിതാവ്, കൊച്ചി നിയമസഭാംഗം എന്നീ പദവികൾ വഹിച്ച ശേഷമാണു കൊച്ചിൻ പ്രധാനമന്ത്രി എന്ന നിലയിലെത്തിയത്. ഒല്ലൂരിലെ എടക്കുന്നി വാരിയത്തായിരുന്നു ജനനം. വക്കീൽ പരീക്ഷ പാസായി ദീർഘകാലം അഭിഭാഷക വൃത്തി നടത്തി. ഗാന്ധിജിയുടെയും ആദർശങ്ങളിൽ ആകൃഷ്ടനായി ജീവിതശൈലി മാറ്റി. തൃശൂർ മുനിസിപ്പൽ കൗൺസിലറായി 18 വർഷം സേവനം നടത്തി. ഇതിൽ മൂന്നു വർഷം ചെയർമാനുമായി. തൃശൂർ നഗരത്തിൽ വൈദ്യുതി വിതരണത്തിനുള്ള ലൈസൻസ് വിദേശ കമ്പനിക്കു നൽകാൻ സർക്കാർ ശ്രമിച്ചപ്പോൾ മുനിസിപ്പൽ ചെയർമാനായിരിക്കെ സർക്കാരുമായി വാരിയർ സമരം നടത്തി.

സമരത്തിലൂടെ അദ്ദേഹം നേടിയെടുത്ത വൈദ്യുതി വിതരണ അവകാശം തൃശൂർ കോർപറേഷനിൽ ഇപ്പോഴും തുടരുന്നു. വൈദ്യുതി വിതരണം ചെയ്യുന്ന കേരളത്തിലെ ഏക കോർപറേഷനും തൃശൂരാണ്. പ്രജാമണ്ഡലം പാർട്ടി നിലവിൽ വന്നപ്പോൾ കേരളത്തിലെ അധ്യക്ഷനായി. ഈ കാലഘടത്തിൽ സ്വാതന്ത്ര്യ സമരം നയിച്ച് ഒട്ടേറെത്തവണ ജയിലിൽ കിടന്നു. ഇന്ത്യ സ്വതന്ത്രമായി നാട്ടുരാജ്യങ്ങൾ സർക്കാരിലേക്കു ലയിച്ചപ്പോൾ കൊച്ചി രാജ്യം നിലവിൽ വന്നു.തിരഞ്ഞെടുപ്പിൽ വിജയിച്ച് ഇക്കണ്ട വാരിയർ പ്രധാനമന്ത്രിയായി.

ഒട്ടേറെ സുപ്രധാന തീരുമാനങ്ങൾ പൊതുജനത്തിനായി അദ്ദേഹം നടപ്പാക്കി. ഹിന്ദു ക്ഷേത്രങ്ങൾ ജാതികൾക്ക് അതീതമായി തുറന്നു കൊടുക്കാൻ ഉത്തരവിട്ടു. പാതി വഴിയിലായിരുന്ന പീച്ചി, പെരിങ്ങൽക്കുത്ത് ഡാമുകളുടെ നിർമാണങ്ങൾക്കു വേഗം കൂട്ടി. ജലസേചന പദ്ധതികൾക്കു രൂപം നൽകി. ജന്മിത്വം അവസാനിപ്പിക്കാൻ ഭൂനയ ബിൽ, കാർഷിക നിയമം എന്നിവ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പീച്ചി ഡാം നിർമാണം അനിശ്ചിതത്വത്തിലായിരുന്ന കാലത്ത് ആന്ധ്രയിൽ നിന്ന് എൻജിനീയറെ എത്തിച്ചു ഡാം നിർമാണം പൂർത്തിയാക്കി.

വർഷങ്ങൾക്കു ശേഷം ഡാമിന്റെ ഉദ്ഘാടന വേളയിൽ ഇക്കണ്ട വാരിയരെ എല്ലാവരും മറന്നു. ഡാമിൽ നിന്നുള്ള വെള്ളം മരത്താക്കര പുഴമ്പള്ളത്തു വഴി എത്തുന്നതു കണ്ട് വാരിയർക്ക് ആശ്വസിക്കേണ്ടിവന്നുവത്രേ. തിരു–കൊച്ചി സംയോജനത്തോടെ കൊച്ചി രാജ്യവും പ്രധാനമന്ത്രി പദവും ഇല്ലാതായി. ഗാന്ധിയൻ, ഹരിജൻ പ്രസ്ഥാനങ്ങളിൽ വാരിയർ സജീവമായി. ഭൂദാന പ്രസ്ഥാനത്തിൽ കൺവീനറായി. കേരളത്തിലുടനീളം നൂറുകണക്കിന് ഏക്കർ സ്ഥലം സ്വകാര്യ വ്യക്തികളിൽ നിന്നു സർക്കാരിലേക്കു നൽകി.

ജീവിതത്തിലെ അവസാന 25 വർഷം ആശ്രമതുല്യമായ ജീവിതമാണു വാരിയർ നയിച്ചത്. സ്വന്തമായി വീടില്ലാത്തതിനാൽ അവസാന നാളുകളിൽ കഴിഞ്ഞിരുന്നത് ഭാര്യ വീട്ടിലായിരുന്നു. 1977 ജൂൺ എട്ടിനായിരുന്നു നിര്യാണം. അദ്ദേഹത്തിന്റെ വിയോഗത്തിന് നാലരപ്പതിറ്റാണ്ട് പിന്നിട്ട‍ിട്ടും യോജ്യമായൊരു സ്മാരകം ഒരുക്കാൻ ആരും മുന്നോട്ടു വന്നില്ല. ഉചിതമായൊരു സ്മാരകമോ പ്രതിമയോ നിർമിക്കണമെന്ന ആവശ്യവുമായി അധികൃതരെ സമീപിക്ക‍ാനൊരുങ്ങു കയാണു നാട്ടുകാർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS