ADVERTISEMENT

ഇരിങ്ങാലക്കുട ∙ ട്രാഫിക് നിയമ ലംഘകരെയും കുറ്റകൃതൃങ്ങളിൽ ഉൾപ്പെട്ട് വാഹനങ്ങളിൽ രക്ഷപ്പെടുന്നവരെയും കണ്ടെത്താൻ പൊലീസിന് സഹായിക്കുന്ന ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗനൈസേഷൻ സിസ്റ്റം(എഎൻപിആർ) ക്യാമറകൾ നിരീക്ഷണത്തിന് തയാറായി. വാഹന നിയമ ലംഘന കുറ്റകൃത്യങ്ങൾ തടയുകയാണ് സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം. നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ ചലാൻ വഴി പിഴ വാഹന ഉടമകൾക്ക് മൊബൈൽ ഫോണിൽ ലഭിക്കും.

റൂറൽ ജില്ലയിലെ മലക്കപ്പാറ, കോട്ടപ്പുറം, പെരുമ്പുഴ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലാണ് നൂതന സാങ്കേതിക വിദ്യയോടെയുള്ള എഎൻപിആർ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഈ ക്യാമറകൾക്ക് പുറമേ വാഹനങ്ങളുടെയും യാത്രക്കാരുടെയും വ്യക്തമായ ചിത്രങ്ങൾ ലഭിക്കുന്ന ഒട്ടേറെ നൂതന ക്യാമറകളും ജില്ലയിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ട്രാഫിക് നിയമലംഘനം നടത്തിയത് അടക്കമുള്ള വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളുടെ വ്യക്തമായ ചിത്രങ്ങൾ, വിഡിയോകൾ എന്നിവ ക്യാമറകളിലൂടെ ശേഖരിച്ച് സൂക്ഷിക്കാം.

സംശയാസ്പദമായ വാഹനങ്ങളുടെ നമ്പറുകൾ സിസ്റ്റത്തിൽ സേവ് ചെയ്താൽ ഇൗ വാഹനങ്ങൾ ക്യാമറകൾക്ക് മുന്നിലൂടെ കടന്ന് പോയാൽ അലാം വഴി കൺട്രോൾ റൂമിൽ അറിയിക്കാനും പുതിയ സംവിധാനത്തിന് സാധിക്കും. ഇരിങ്ങാലക്കുടയിൽ നിർമാണം പൂർത്തിയായ റൂറൽ ജില്ലാ പെ‍ാലീസ് ആസ്ഥാനത്താണ് സംവിധാനം പ്രവർത്തിക്കുക. ഒരേ സമയം 2 പൊലീസ്  ഉദ്യോഗസ്ഥരെ വീതം 24 മണിക്കൂറും ക്യാമറകളുടെ നിരീക്ഷണ ഡ്യൂട്ടിക്കായി നിയോഗിക്കും.

കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് രക്ഷപ്പെടുന്ന വാഹനങ്ങളുടെ റൂട്ടുകൾ നിമിഷങ്ങൾക്കകം കണ്ടുപിടിക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് പൊലീസ് പറയുന്നു. ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയ സംവിധാനം റൂറൽ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോങ് ഗ്രേ  ഉദ്ഘാടനം ചെയ്തു. ഡിവൈഎസ്പി ബാബു കെ.തോമസ്, ഇൻസ്പെക്ടർ അനീഷ് കരീം, സൈബർ പൊലീസ് ഇൻസ്പെക്ടർ സുനിൽ കൃഷ്ണ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com