‘നിലം’ എന്നതു ‘പറമ്പ്’ എന്നു മാറ്റിക്കിട്ടാൻ നടപ്പു തുടങ്ങിയിട്ട് 34 വർഷം; ‘81 വയസ്സുകാരനാണ്’ ഈ ദുർവിധി

HIGHLIGHTS
  • പാടം പറമ്പാക്കി വീട് പണിതയാൾ രേഖകളിൽ നിലം എന്നതു പറമ്പ് എന്നാക്കിക്കിട്ടാൻ നടപ്പു തുടങ്ങിയിട്ട് 34 വർഷം
പ്രഭാകര മേനോൻ
പ്രഭാകര മേനോൻ
SHARE

തൃശൂർ ∙ കോടതിയുടെ അനുമതിയോടെ പാടം പറമ്പാക്കി വീട് പണിതയാൾ രേഖകളിൽ നിലം എന്നതു പറമ്പ് എന്നു മാറ്റിക്കിട്ടാൻ നടപ്പു തുടങ്ങിയിട്ട് 34 വർഷം. ‘81 വയസ്സുകാരനാണ് ’ എന്നു പ്രത്യേകം പരാമർശിച്ച് ഒരു മാസത്തിനുള്ളിൽ ഫയൽ തീർപ്പാക്കാൻ കോടതി ഉത്തരവിട്ടിട്ടും ഉദ്യോഗസ്ഥർക്കു കുലുക്കമില്ല. ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്ന ഈ ഫയലും ഒരു ജീവിതമാണ്. പെരിങ്ങാവ് കുന്നത്തുപരിയാടത്ത് വീട്ടിൽ പ്രഭാകരമേനോനാണ് കോടതി ഉത്തരവുമായി ഓഫിസ് കയറി മടുത്തത്.

അയ്യന്തോൾ വില്ലേജിൽ പുഴയ്ക്കൽ പാടത്ത് ഉണ്ടായിരുന്ന 14 സെന്റ് സ്ഥലം നികത്തി വീടുവയ്ക്കാൻ 1986 ൽ അപേക്ഷിച്ചപ്പോൾ അന്നു തൃശൂർ വികസന അതോറിറ്റി തടഞ്ഞു. ഇതിനെതിരെ കോടതിയിൽ നിന്നു അനുമതി വാങ്ങി 88 ൽ വീടുവച്ചു. പിന്നീട് റവന്യു രേഖകളിൽ പറമ്പ് എന്നാക്കി കിട്ടാൻ അപേക്ഷ സമർപ്പിച്ചു. നിലം നികത്തിയ പറമ്പ് എന്ന് തഹസിൽദാറുടെ നിർദേശപ്രകാരം വില്ലേജ് ഓഫിസർ രേഖ നൽകി.

2018ലെ വെള്ളപ്പൊക്കത്തിൽ വീട് തകർന്നതിനെത്തുടർന്ന് വീണ്ടും വീടുവയ്ക്കാൻ അപേക്ഷ നൽകിയപ്പോഴാണ് രേഖകൾ കംപ്യൂട്ടറിലാക്കിയെന്നും ഇപ്പോൾ നിലം എന്നാണു കാണുന്നതെന്നുമുള്ള മറുപടി കിട്ടുന്നത്. ഇതു മാറ്റാനായി പലതവണ അയ്യന്തോൾ വില്ലേജ് ഓഫിസ്, ആർഡിഒ ഓഫിസ് എന്നിവിടങ്ങളിൽ കയറിയിറങ്ങി മടുത്തപ്പോഴാണ് അടുത്തിടെ വീണ്ടും കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ഓഗസ്റ്റ് 17ന് കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് 81 വയസ്സുകാരനെ ഇനിയും ഇക്കാര്യത്തിനു നടത്തരുതെന്നും ഒരു മാസത്തിനുള്ളിൽ രേഖയിൽ പറമ്പ് എന്നാക്കി മാറ്റണമെന്നും വ്യക്തമായി ഉത്തരവിട്ടത്. ഒന്നല്ല, മൂന്നര മാസമായി. ഇതിനിടെ വീണ്ടും ആർഡിഒ ഓഫിസ്, വില്ലേജ് ഓഫിസ് എന്നിവ കയറിയിറങ്ങി. ഫയൽ ഇപ്പോൾ കൃഷി ഓഫിസിലെ ഉദ്യോഗസ്ഥരുടെ കയ്യിലാണെന്നാണ് കിട്ടുന്ന മറുപടി. കോടതി വിധി കയ്യിൽപ്പിടിച്ച് ഈ വയോധികൻ ചോദിക്കുന്നു; ഇതാണോ സാധാരണക്കാരന്റെ വിധി?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS