ADVERTISEMENT

ചാലക്കുടി ∙ തളർച്ചയെ വളർച്ചയ്ക്കുള്ള പടവുകളായി മാറ്റിയ ഗൗതമിനു ഹോമിയോപ്പതിയിൽ എംഡി ബിരുദം സ്വന്തം. കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ നിന്ന് ഈ നേട്ടം സ്വന്തമാക്കാനുള്ള പ്രയാണത്തില്‍ ഗൗതമിന്റെ ജന്മ വൈകല്യങ്ങളെ അതിജീവിക്കാൻ മാതാപിതാക്കളും നാട്ടുകാരും ഒപ്പം നിന്നു. വീൽചെയറിൽ തീർന്നു പോകുമായിരുന്ന ജീവിതത്തെ കയ്യെത്തിപ്പിടിക്കാവുന്നതിന് അപ്പുറത്തെ ഉയരങ്ങൾ സ്വപ്നങ്ങളായി അവർ കാണിച്ചു കൊടുത്തു. ആ സ്വപ്നത്തിന്റെ സാക്ഷാത്ക്കാരത്തിനായി ഉറക്കമിളച്ച ദിവസങ്ങൾക്കൊടുവിൽ വിജയം നേടിയെങ്കിലും ഗൗതമിന് അമിതാ‌ഹ്ലാദമില്ല. ചെറു പുഞ്ചിരി മാത്രം.

ചെറിയ ക്ലാസ് മുതൽ സർക്കാർ സ്കൂളുകളിൽ മാത്രം പഠിച്ചാണു ഗൗതം നേട്ടങ്ങളുടെ നെറുകയിൽ എത്തി നിൽക്കുന്നത്. ഓരോ ക്ലാസിലും ഉന്നത വിജയം. ഗവ. ഈസ്റ്റ്, ഗവ. ബോയ്സ്, വിജയരാഘവപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിലായിരുന്നു സ്കൂൾ പഠനം. ഗവ. ബോയ്‌സ് ഹൈസ്‌കൂളിൽ പ്ലസ്ടുവിന് പഠിക്കുമ്പോഴായിരുന്നു എൻട്രൻസ് ഉന്നത മാർക്കോടെ വിജയിച്ചത്. എംബിബിഎസിനു പഠിക്കാവുന്ന മാർക്കുണ്ടായിരുന്നെങ്കിലും ഹോമിയോപ്പതി തിരഞ്ഞെടുത്തു. പിതാവ് വെങ്കിടാചലം ഇരിങ്ങാലക്കുട സ്വദേശിയും അമ്മ ഗീത കോഴിക്കോട് സ്വദേശിയുമായിരുന്നു. ജോലിയുടെ ഭാഗമായി ഇവർ ചാലക്കുടിയിലെത്തി  താമസമാക്കി. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണു ഗൗതമിനെ മകനായി കിട്ടിയത്. ഒരേയൊരു മകൻ വൈകല്യങ്ങളോടെ ജനിച്ചിട്ടും മാതാപിതാക്കൾ കൂടുതൽ ചേർത്തു പിടിച്ചു. 

മാതാപിതാക്കൾക്കൊപ്പം അയൽവാസികളും പ്രാർഥനകളും സഹായവുമായി കൂട്ടിനെത്തി. സ്കൂളുകളിലും കോളജിലും കൂട്ടുകാരും ഒപ്പമുണ്ടായി. മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചതോടെ മാതാപിതാക്കൾ കോഴിക്കോടേക്കു താമസം മാറ്റി. കോളജ് പഠനത്തിനു ശേഷം കഴിഞ്ഞ ദിവസം ഗൗതം മാതാപിതാക്കൾക്കൊപ്പം ചാലക്കുടിയിലെ വീട്ടിലേക്ക് തിരിച്ചെത്തി, ഡോക്ടറായി.അപൂർവ നേട്ടവുമായി എത്തിയ ഗൗതമിന് അഭിനന്ദനങ്ങളും ആശംസകളുമായി നഗരസഭ കൗൺസിലർ ബിന്ദു ശശികുമാറും അയൽവാസികളും എത്തി. സഹായിച്ച എല്ലാവരോടും തീർത്താൽ തീരാത്ത കടപ്പാടും സ്‌നേഹവും ജീവിതകാലം മുഴുവനും ഉണ്ടായിരിക്കുമെന്ന് പുഞ്ചിരിയോടെ ഗൗതം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com