ഗുരുവായൂർ ∙ ഗുരുവായൂർ കേശവന്റെ പുതുക്കി നിർമിച്ച പ്രതിമയ്ക്കു ആനച്ചന്തമില്ലെന്നു പരാതി. വ്യാഴാഴ്ചയാണു പ്രതിമ അറ്റകുറ്റപ്പണി കഴിഞ്ഞു തുറന്നത്. കേശവന്റെ ചിത്രങ്ങൾ ഇപ്പോഴും ആന പ്രേമികൾ വീടുകളിലും സ്ഥാപനങ്ങളിലും സൂക്ഷിക്കുന്നുണ്ട്. ഗുരുവായൂരിൽ വരുന്ന ഭക്തരും ഈ ഫോട്ടോ വാങ്ങാറുണ്ട്.
എന്നാൽ പുതിയ പ്രതിമയ്ക്കു കേശവനുമായി സാമ്യമില്ലെന്നാണു പരാതി. ആനയുടെ മസ്തകവും വശങ്ങളും കേശവനുമായി സാമ്യമുള്ള രീതിയിലല്ല ചെയ്തിരിക്കുന്നതെന്നു ആന പ്രേമികൾ പറയുന്നു. ഇവർ ദേവസ്വത്തെ വിവരം അറിയിച്ചിട്ടുണ്ട്. പ്രതിമ നിർമിക്കുന്നതിനിടയിൽ തന്നെ ദേവസ്വം എൻജിനീയർമാർ ഇതു ചൂണ്ടിക്കാട്ടിയിരുന്നുവത്രെ.
എന്നാൽ ഏകാദശിക്കു മുൻപു തുറക്കേണ്ടതിനാൽ നിർമാണവുമായി മുന്നോട്ടുപോയി. വഴിപാടായാണ് ഇതു പുതുക്കി നിർമിച്ചിരിക്കുന്നത്. പരാതി ശ്രദ്ധയിൽപെട്ടെങ്കിലും നിർമാണത്തിൽ സാധാരണ വരുന്ന പരാതി മാത്രമായി ഇതിനെ കാണണമെന്നു ദേവസ്വം ചെയർമാൻ വി.കെ. വിജയൻ പറഞ്ഞു.
1976 ലാണു ഗുരുവായൂർ കേശവൻ ചരിയുന്നത്. 82–ൽ പ്രശസ്ത ശിൽപി ബി.ഡി. ദത്തനാണു പ്രതിമ നിർമിച്ചത്. അന്നും ഇത്തരം വിമർശനങ്ങൾ ഉയർന്നിരുന്നു.