കള്ളന്മാർ വിഹരിക്കുന്നു, തുമ്പില്ലാതെ പൊലീസ്; ലാത്തിക്കൊപ്പം വേണം ടോർച്ചും!

theif-kallan
SHARE

അയ്യന്തോൾ ∙ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷന്റെ പരിസര പ്രദേശത്ത് മോഷ്ടാക്കളുടെ വിഹാരം. 2 വീടുകളിൽ മോഷണം നടത്തിയ സംഘം സമീപത്തെ രണ്ടു വീടുകളിൽ മോഷണശ്രമവും നടത്തി. ഇന്നലെ പുലർച്ചെ കലക്ടറേറ്റിനു മുൻവശത്തെ കോവിലകപ്പറമ്പിൽ ആണ് മോഷ്ടാക്കൾ വിഹരിച്ചത്. മച്ചാട്ട് രാജന്റെ വീട്ടിൽ നിന്ന് രണ്ടേകാൽ പവൻ സ്വർണവും വായ്പ തിരിച്ചടയ്ക്കാൻ വീട്ടിൽ കൊണ്ടുവച്ച 25,000 രൂപ, മൊബൈൽ എന്നിവയാണു മോഷ്ടിച്ചത്.

ഡ്രൈവറായ രാജൻ അർധരാത്രി വാടകയ്ക്ക് ഓട്ടം പോയതിനു ശേഷമാണ് മോഷ്ടാവ് വാതിലിന്റെ കുറ്റി പുറത്തുനിന്ന് കയ്യിട്ടു തുറന്ന് അകത്തു കയറിയത്. വീട്ടമ്മ ശബ്ദം കേട്ട് ഉണർന്നെങ്കിലും പിൻവാതിൽ വഴി മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. കല്ലിങ്കൽ ഗോപാലന്റെ വീട്ടിൽ തുറന്നു കിടന്നിരുന്ന ജനലിന്റെ നെറ്റ് മാറ്റിയാണ് മൊബൈൽ ഫോൺ മോഷ്ടിച്ചത്. കെങ്കയിൽ ഗോപാലകൃഷ്ണന്റെ വീടിന്റെ പിന്നിലെ വാതിൽ തുറന്നിട്ടുണ്ടെങ്കിലും ഒന്നും മോഷണം പോയിട്ടില്ല. കയ്യിൽ ഒന്നും തടയാത്ത ദേഷ്യത്തിന് ഇവിടെ കിടന്നിരുന്ന ഒരു പാത്രം തൊട്ടടുത്ത വീട്ടിലെ പറമ്പിലേക്കു മോഷ്ടാവ് വലിച്ചെറിഞ്ഞിട്ടുണ്ടെന്ന് സമീപവാസികൾ പറഞ്ഞു.

സിവിൽ സ്റ്റേഷൻ കൗൺസിലർ സുനിത വിനുവിന്റെ വീട്ടിലും മോഷണശ്രമം നടന്നു.  വീട്ടിലെ ഇരുമ്പ് ആയുധത്തിന്റെ ഒരു ഭാഗം റോഡിലാണു കിടന്നിരുന്നതെന്നും റോഡിൽ സ്കൂട്ടർ വച്ചിരുന്നെങ്കിലും കൊണ്ടുപോകാനുള്ള ശ്രമം നടന്നിട്ടില്ലെന്നും സുനിത വിനു പറഞ്ഞു. സമീപത്തെ കല്ലിങ്കൽ ശശിയുടെ വീട്ടിലെ സിസിടിവിയിൽ 3 പേരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ക്യാമറയുടെ സാന്നിധ്യമറിഞ്ഞ് ഇവർ കുമ്പിട്ടു നീങ്ങുന്നതാണു ദൃശ്യത്തിൽ. വെസ്റ്റ് പൊലീസും വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി.

ജ്യൂസ് നൽകി മയക്കി മാല കവർന്നു

തൃശൂർ ∙ ജനറൽ ആശുപത്രിയിൽ വയോധികയ്ക്ക് ലഹരിമരുന്ന് കലർന്ന ജ്യൂസ് നൽകി ഒന്നര പവന്റെ മാല കവർന്നതായി പരാതി. പുത്തൂർ സ്വദേശിനി തങ്കമണിയുടെ (60) മാലയാണ് കവർന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം. പുറം വേദനയ്ക്ക് ചികിത്സയ്ക്ക് എത്തിയതായിരുന്നു തങ്കമണി. ഓപിയിൽ ഇരിക്കുകയായിരുന്ന തങ്കമണിയുടെ അടുത്തേക്ക് പരിചയം നടിച്ച് എത്തിയ സ്ത്രീയാണ് കഴിക്കാൻ ജ്യൂസ് നൽകിയതെന്ന് പരാതിയിൽ പറയുന്നു. ജ്യൂസ് കുടിച്ച് ഏതാനും നിമിഷത്തിനകം കസേരയിൽ ഇരുന്ന് മയങ്ങി പോയ തങ്കമണി മണിക്കൂറുകൾക്കു ശേഷം എഴുന്നേറ്റപ്പോഴാണ് മാല കാണാതായത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് ഈസ്റ്റ് പൊലീസിൽ പരാതി നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS