ADVERTISEMENT

ചാലക്കുടി ∙ കേരള ജല അതോറിറ്റി സബ് ‍ഡിവിഷനു കീഴിലുളള വിവിധ പഞ്ചായത്തുകളിൽ ജീവൻ മിഷൻ പദ്ധതിയുടെ രണ്ടാംഘട്ട  പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ജല അതോറിറ്റി‍ അധികൃതർ അറിയിച്ചു. എല്ലാ ഗ്രാമീണ വീടുകളിലും ടാപ്പിലൂടെ ശുദ്ധജലം എത്തിക്കുക എന്നുള്ളതാണ് പദ്ധതിയുടെ ലക്ഷ്യം.

കേന്ദ്ര, കേരള സർക്കാരുകൾ, പഞ്ചായത്തുകൾ, ഗുണഭോക്താക്കൾ എന്നിവരാണു പദ്ധതിയുടെ പങ്കാളികൾ. ഇതിനോടകം ഡിവിഷനു കീഴിൽ 19,818 ശുദ്ധജല കണക്‌ഷനുകൾ നൽകി. 24,983 കണക്‌ഷനുകൾ കൂടി നൽകാനുണ്ട്. ഇതിനാവശ്യമായ പ്രവർത്തനങ്ങൾ രണ്ടാം ഘട്ടമായി അതാതു പഞ്ചായത്തുകളിൽ പുരോഗമിക്കുകയാണ്. സബ് ഡിവിഷന്റെ കീഴിൽ പരിയാരം, മേലൂർ, കാടുകുറ്റി, മറ്റത്തൂർ, അളഗപ്പനഗർ, പുതുക്കാട്, തൃക്കൂർ, വരന്തരപ്പിള്ളി, നെന്മണിക്കര എന്നീ പഞ്ചായത്തുകളിലാണു പദ്ധതി നടപ്പാക്കുന്നത്.

ഈ പഞ്ചായത്ത് പ്രദേശങ്ങളിൽ ഗാർഹിക കണക്‌ഷനുകൾ ലഭ്യമാക്കുന്നതിനു ക്യുആർ കോഡ് വഴി റജിസ്റ്റർ ചെയ്യാം. ജല അതോറിറ്റി ഇതിനായി ക്യുആർ കോഡ് തയാറാക്കി. കോഡ് സ്കാൻ ചെയ്ത് ഉപഭോക്താവിന്റെ പേര്, ഫോൺ നമ്പർ, വിലാസം, പഞ്ചായത്തിന്റെ പേര്, വാർഡ് നമ്പർ എന്നിവ സമർപ്പിക്കാം. ജല അതോറിറ്റി ഉദ്യോഗസ്ഥർ ഉപഭോക്താവിനെ സമീപിച്ചു കണക്‌ഷൻ നൽകും. ബിപിഎൽ റേഷൻ കാർഡ് ഉടമകൾക്കു 30000 ലീറ്റർ വരെ 2 മാസത്തേക്കു വെളളക്കരം സൗജന്യമാണ്.

ഉപഭോക്താക്കൾക്ക് പഞ്ചായത്തിലോ ജല അതോറിറ്റി ഓഫിസിലോ അപേക്ഷ നേരിട്ട് സമർപ്പിക്കാനും സൗകര്യമുണ്ട്. ആധാർ കാർഡ് പകർപ്പ്, ബിപിഎൽ റേഷൻ കാർഡ് ആണെങ്കിൽ അതിന്റെ പകർപ്പ് എന്നിവ കണക്‌ഷൻ ലഭിക്കാനായി കരുതി വയ്ക്കണം. ഗാർഹികേതര കണക്‌ഷൻ  ആവശ്യമുള്ളവർക്കു ജല അതോറിറ്റി etapp.kwa എന്ന ഓൺലൈൻ സംവിധാനം ഉപയോഗിക്കാം.

ജൽ ജീവൻ മിഷൻ കണക്‌ഷൻ റജിസ്റ്റർ ചെയ്യുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്ത് വിവരങ്ങൾ നൽകുക. നഗരസഭ പ്രദേശങ്ങളിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾ etapp.kwa എന്ന ഓൺലൈൻ സംവിധാനം വഴി  അപേക്ഷ സമർപ്പിക്കണം. കൂടാതെ അതോറിറ്റിയുടെ സേവനങ്ങൾ എല്ലാം തന്നെ ‘ഇ ടാപ്പ്’ വഴി ലഭ്യമാണെന്ന് ജല അതോറിറ്റി  അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com