രാഗങ്ങൾ പെയ്തിറങ്ങി; ചാലക്കുടിയിൽ സിത്താറിന്റെ ബസന്ത് രാത്

Mail This Article
ചാലക്കുടി ∙ രാവിന്റെ തണുപ്പും സിത്താറിന്റെ ഹൃദ്യമായ ഈണവുമായി ബസന്ത് രാത് അരങ്ങേറി. ഇന്ത്യയിലെ പ്രശസ്ത സിത്താറിസ്റ്റ് പണ്ഡിറ്റ് രബീന്ദ്ര ഗോസ്വാമി ഹിന്ദുസ്ഥാനി സിത്താർ കച്ചേരി അവതരിപ്പിച്ചപ്പോൾ സംഗീത ആസ്വാദകർക്കതു വേറിട്ട സംഗീതാനുഭവമായി. ബിബ്ളാസ് രാഗത്തിൽ തുടങ്ങി പീലു രാഗത്തിലാണു കച്ചേരി സമാപിച്ചത്. കലാകാരൻമാരുടെ സംഘടനയായ ‘തരംഗ് ചാലക്കുടി’യായിരുന്നു സംഘാടകർ. വിനായക് എസ്. കരുണിന്റെ മൃദംഗം അകമ്പടിയായി. സാധാരണ തബലയാണ് സിത്താറിന് അകമ്പടിയാകാറുള്ളത്.
വ്യത്യസ്തമായ ചിന്തയിൽ പക്കമേളത്തിനു മൃദംഗം മതിയെന്നു തീരുമാനിച്ചപ്പോൾ വിനായകിനു നറുക്കു വീഴുകയായിരുന്നു. ആർഎൽവി കോളജിൽ മൃദംഗം എംഎ അവസാന വർഷ വിദ്യാർഥിയാണ് വിനായക്. പ്രശസ്ത മൃദംഗ വിദ്വാൻ ബി. ഹരികുമാറിന്റെ കീഴിൽ ചെന്നൈയിൽ മൂന്നു വർഷം മൃദംഗം അഭ്യസിച്ചിട്ടുണ്ട്. മൃദംഗ വിദ്വാൻ അന്നമനട സുരേഷ് ബസന്ത് രാത് ഉദ്ഘാടനം ചെയ്തു. വിനായക് എസ്. കരുണിന്റെ അച്ഛനാണ് അദ്ദേഹം.
ഉദ്ഘാടനത്തിനു ശേഷം മകൻ വിനായക്, രബീന്ദ്ര ഗോസ്വാമിക്കൊപ്പം സംഗീതയാത്ര നടത്തിയതിന് അദ്ദേഹം സാക്ഷിയായി. തരംഗ് പ്രസിഡന്റ് കലാഭവൻ ജയൻ അധ്യക്ഷത വഹിച്ചു.നഗരസഭ സ്ഥിരം സമിതി അധ്യക്ഷ സൂസി സുനിൽ രവീന്ദ്ര ഗോസാമിയെ ആദരിച്ചു. നഗരസഭ കൗൺസിൽ ബിജു എസ്. ചിറയത്ത്,ഗായകൻ സുധീഷ് ചാലക്കുടി, തരംഗ് സെക്രട്ടറി സുധി കലാഭവൻ, പി.എം. അസീസ്,വിജയൻ മൽപ്പാൻ,സുഭാഷ് വെള്ളാഞ്ചിറ എന്നിവർ പ്രസംഗിച്ചു.