പഴഞ്ഞി∙ കാഞ്ഞിരമുക്ക് എംജി സ്കൂളിലെ പഠനത്തിനിടെയാണ് വാദ്യമേളങ്ങളും കാവടിയുമായുള്ള ആഘോഷ കമ്മിറ്റിക്കാരുടെ എഴുന്നള്ളിപ്പ് റോഡിലൂടെ വന്നത്. കുട്ടികളുടെ ആവേശം കണ്ട അധ്യാപകർ വിദ്യാർഥികളെ വാദ്യമേളങ്ങൾ കാണാൻ അനുവദിച്ചു. ശിങ്കാരിമേളം കാണാനെത്തിയ വിദ്യാർഥികളെ കണ്ടപ്പോൾ വാദ്യകലാകാരൻമാർക്കും ആവേശം. സ്കൂൾ അധികൃതരുടെ അനുമതിയോടെ മേളക്കാർ സ്കൂൾ മുറ്റത്ത് കൊട്ടിക്കയറി.
ഇതോടെ വിദ്യാർഥികളുടെ ആവേശവും അണപൊട്ടി. മേളത്തോടൊപ്പം ചുവടുവച്ച് വിദ്യാർഥികളും ഒപ്പം കൂടി. കരിപ്പാൽ ദുർഗ ക്ഷേത്രത്തിലെ കാർത്തിക വിളക്കിന് കാഞ്ഞിരത്തിങ്കൽ ഭാഗത്തിലൂടെ പോയ ആഘോഷ കമ്മിറ്റിയാണ് സ്കൂളിൽ മേളം കൊട്ടിയത്. കുട്ടികളുടെ ആവേശത്തെ പ്രോൽസാഹിപ്പിച്ച അധ്യാപകരും മേളത്തിന് ഒപ്പം ചേർന്നു.കിട്ടിയ അവസരം ചാടി കളിച്ച വിദ്യാർഥികൾ പൂരത്തിന്റെ ആവേശ കാഴ്ചയായി.