ആൾക്കൂട്ടമില്ലാതെ സംസ്ഥാന സ്കൂൾ കായികമേളയ്ക്കു പോയ നാട്ടിക, കാൽഡിയൻ സ്കൂളുകൾ മടങ്ങിയത് സ്വർണംവാരി
തൃശൂർ ∙ ആൾക്കൂട്ടത്തിലല്ല, മെഡൽ വാരിക്കൂട്ടുന്നതിലാണു കാര്യമെന്നു തെളിയിച്ച് നാട്ടിക ഗവ. ഫിഷറീസ് എച്ച്എസ്എസും തൃശൂർ കാൽഡിയൻ സിറിയൻ ഹൈസ്കൂളും. ചെറിയ സംഘമായി പോയി നാട്ടികയും കാൽഡിയനും മടങ്ങിയതു സ്വർണംവാരി ക്കൊണ്ടാണ്. ഇരു സ്കൂളുകളുടെയും മികവിലാണു തൃശൂർ ജില്ലയ്ക്ക് ആറാം സ്ഥാനത്തെങ്കിലും എത്താനായത്.
കഴിഞ്ഞ സ്കൂൾ കായികമേളയിൽ അഞ്ചാം സ്ഥാനത്തായിരുന്നു തൃശൂർ. 7 കുട്ടികളുമായാണു നാട്ടികയുടെ പരിശീലകൻ വി.വി. കണ്ണൻ തിരുവനന്തപുരത്തേക്കു പോയത്. തിരികെയെത്തിയത് 4 സ്വർണവും 2 വെള്ളിയും 2 വെങ്കലവുമടക്കം 8 മെഡലുകളുമായി. ഇ.എസ്. ശിവപ്രിയ ട്രിപ്പിൾ സ്വർണം കുറിച്ചപ്പോൾ ആൻസി സോജന്റെ സഹോദരി ഇ.എസ്. അഞ്ജലി ലോങ്ജംപിൽ സ്വർണം നേടി.
കാൽഡിയൻ സ്കൂളിലെ വി.എം. അശ്വതി ട്രിപ്പിൾ സ്വർണം നേടി. ലോങ്ജംപ്, 80 മീറ്റർ ഹർഡിൽസ് എന്നിവയിലെ വ്യക്തിഗത സ്വർണത്തിനു പുറമേ, സ്വർണം നേടിയ 4–400 മീറ്റർ റിലേ ടീമിലും അശ്വതി അംഗമായി. 100 മീറ്ററിൽ വെങ്കലവുമുണ്ട്. റിലേയിൽ സ്വർണം നേടിയ ടീമിലംഗമായി കാൽഡിയനിലെ സജ്ന സന്തോഷ്. പ്ലസ്ടു വിദ്യാർഥി വിജയ് കൃഷ്ണ 110 മീറ്റർ ഹർഡിൽസിലും 200 മീറ്ററിലും സ്വർണം നേടി.