ADVERTISEMENT

പെരുമ്പിലാവ് ∙ ഒരുക്കാൽകുന്ന് ക്വാറിക്കെതിരെ സമരം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ക്വാറി നടത്തുന്ന വി.ബി.ഗ്രാനൈറ്റ്സിന്റെ ഗേറ്റിനു മുൻപിൽ കുത്തിയിരിപ്പു സമരം നടത്തുകയും ലോറി തടയാൻ ശ്രമിക്കുകയും ചെയ്ത ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പെരുമ്പിലാവ് ഡിവിഷൻ അംഗം ടി.കെ.അഷറഫ്, സമരസമിതി പ്രവർത്തകരായ വെള്ളിയാട്ടിൽ ആലിക്കുട്ടി, കല്ലിങ്ങൽ ഷെമീർ, യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ടി.എം.അഫ്സൽ എന്നിവരെയാണു ഇന്നലെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. നാട്ടുകാരുടെ സമരം ശക്തമായതിനെത്തുടർന്നു 4 ദിവസമായി ക്വാറി പ്രവർത്തിച്ചിരുന്നില്ല. പ്രവർത്തനം പുനരാരംഭിക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു ക്വാറി നടത്തിപ്പുകാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നു ലഭിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണു പൊലീസിന്റെ നടപടി. കഴിഞ്ഞ ദിവസം ചേർന്ന പ്രത്യേക ഗ്രാമസഭയിൽ ക്വാറിയുടെ പ്രവർത്തനം നിർത്തണം എന്ന ആവശ്യമാണു പങ്കെടുത്ത 260 പേരും ഉന്നയിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിൽ ക്വാറി സന്ദർശിച്ച പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും അടക്കമുള്ളവർ പിന്നീട് മൗനം പാലിക്കുകയാണ് ഉണ്ടായതെന്നു നാട്ടുകാർ ആരോപിച്ചു. ജനപ്രതിനിധികൾ അടക്കമുള്ളവർ ചേർന്നു ജനകീയ സമരം ശക്തമാക്കുമ്പോൾ പ്രദേശത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികൾ മുഖം തിരിച്ചു നിൽക്കുകയാണെന്നും ആക്ഷേപമുണ്ട്.

2018ലെ കേരള നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും നിയമപ്രകാരം ക്വാറിയുടെ അനുമതി റദ്ദ് ചെയ്യാൻ പഞ്ചായത്തിന് അധികാരമില്ലെന്നു പഞ്ചായത്ത് സെക്രട്ടറി കെ.എ.ഉല്ലാസ്കുമാർ പറഞ്ഞു. ജനങ്ങൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾ വിശദീകരിച്ചു ക്വാറിക്ക് അനുമതി നൽകിയ സാങ്കേതിക വകുപ്പുകൾക്കു കത്തു നൽകിയിട്ടുണ്ട്. അവർ നിർദേശിക്കുന്ന നടപടികൾ സ്വീകരിക്കു മെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com