ADVERTISEMENT

തൃശൂർ ∙ അതിരൂപതയും പൗരാവലിയും ചേർന്നു നടത്തുന്ന ബോൺ നതാലെ കാരൾ ഘോഷയാത്ര ഇന്ന് നഗരവീഥികളിൽ നിറയും. ചുവന്ന പാപ്പാ വേഷത്തിൽ പതിനായിരത്തിലധികം പേർ സ്വരാജ് റൗണ്ടിൽ സംഗീതത്തിനൊപ്പം നൃത്തം ചെയ്യും. ആയിരത്തോളം മാലാഖമാർ, സ‌്കേറ്റിങ്– ബൈക്ക്– വീൽചെയർ പാപ്പമാർ എന്നിവർ‌ ഘോഷയാത്രയിൽ അണിചേരും. മുന്നൂറോളം യുവാക്കൾ ചേർന്നു പിടിക്കുന്ന, ചലിക്കുന്ന കൂറ്റൻ ക്രിസ്മസ് കൂടാണ് ഇത്തവണത്തെ പുതുമ.

കേരളത്തിന്റെയും തൃശൂരിന്റെയും തനിമ വിളിച്ചോതുന്നവയടക്കം 12 നിശ്ചല ദൃശ്യങ്ങൾ ഘോഷയാത്രയിലുണ്ടാകും. ഇന്നു വൈകിട്ട് 5ന് സെന്റ് തോമസ് കോളജിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര സ്വരാജ് റൗണ്ട് ചുറ്റി തിരികെ ഇവിടെയെത്തി അവസാനിക്കും. കേന്ദ്രമന്ത്രി ജോൺ ബെറാല മുഖ്യാതിഥിയാകും. രാത്രി ഒൻപതരയോടെ സമാപനം. ബോൺ നതാലെയോടനുബന്ധിച്ച് 120 ഭവനങ്ങൾ പണിതു നൽകുന്നുമുണ്ട്.

പാപ്പാമാരുടെ വരവ് 2 വർഷത്തിനുശേഷം

തൃശൂർ∙ ഗിന്നസ് ബുക്കിൽ ഇടം നേടി ചരിത്രം സൃഷ്ടിച്ച ബോൺ നതാലെ ക്രിസ്മസ് കാരൾ ഘോഷയാത്ര നഗരത്തിലെത്തുന്നത് 2 വർഷത്തെ ഇടവേളയ്ക്കുശേഷം. കോവിഡ് മൂലമാണു ബോൺ നതാലെ 2 കൊല്ലം മുടങ്ങിയത്. അതിനാൽ ഇത്തവണ ആഘോഷത്തിനു കുറവുണ്ടാവില്ലെന്നു സംഘാടകർ പറഞ്ഞു. നഗരം നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവലിനായി വൈദ്യുതാലങ്കാരത്തിലായതിനാൽ ഘോഷയാത്ര മിന്നിത്തിളങ്ങുമെന്നാണു പ്രതീക്ഷ.

ഭാഗിക ഗതാഗത നിയന്ത്രണം

തൃശൂർ ∙ ‘ബോൺ നത്താലെ’ ആഘോഷത്തിന്റെ ഭാഗമായി ഇന്നു 2 മുതൽ 9.30 വരെ നഗരത്തിൽ ഭാഗികമായി ഗതാഗത നിയന്ത്രിക്കും. വാഹനങ്ങൾ നഗരത്തിലേക്കു പ്രവേശിപ്പിക്കില്ല. സ്വരാജ് റൗണ്ടിൽ രാവിലെ 5 മുതൽ പാർക്കിങ്ങും അനുവദിക്കില്ല. കോലോത്തുംപാടം, ഇൻഡോർ സ്റ്റേഡിയം, അക്വാറ്റിക്സിനു സമീപത്തെ കോർപറേഷൻ പാർക്കിങ് ഗ്രൗണ്ട്, പള്ളിത്താമം ഗ്രൗണ്ട്,

ശക്തൻ നഗറിലെ തിരക്കില്ലാത്ത ഭാഗങ്ങൾ എന്നിവിടങ്ങളിൽ പാർക്കിങ് സൗകര്യമുണ്ടാകും. വാടാനപ്പള്ളി, അന്തിക്കാട്, കാഞ്ഞാണി, അടാട്ട് ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ പടിഞ്ഞാറേക്കോട്ടയിലെ താൽക്കാലിക സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സർവീസ് നടത്തണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com