ADVERTISEMENT

വരവൂർ ∙ ഗവ. ഹൈസ്കൂളിൽ പൂർവവിദ്യാർഥി സംഗമത്തിനിടെ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പിന്നീട് യുവാവിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത 2 പേർക്കെതിരെ എരുമപ്പെട്ടി പൊലീസ് കേസെടുത്തു. വരവൂർ സ്വദേശികളായ മുണ്ടനാട്ട് പ്രമിത്ത് (27), പുളിഞ്ചോട് അഭിലാഷ് (28) എന്നിവർക്കെതിരെയാണ് കേസ്. തളി സ്വദേശി കുണ്ടുപറമ്പിൽ അബ്ദുൽ ഹക്കീമിനെയാണ് പ്രതികൾ ആക്രമിക്കാന്‍ ശ്രമിച്ചത്. മുന്‍ വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്നു പറയുന്നു.

ഞായറാഴ്ച ഉച്ചയോടെ വരവൂർ ഗവ. ഹൈസ്കൂളിൽ നടന്ന 2003 എസ്എസ്എൽസി ബാച്ചിന്റെ പൂർവവിദ്യാർഥി സംഗമത്തിനിടെയാണു സംഭവങ്ങളുടെ തുടക്കം. സംഗമത്തിൽ പങ്കെടുക്കാൻ അബ്ദുൽ ഹക്കീം എത്തിയതറിഞ്ഞു പ്രതികൾ വടിവാളുമായി ബൈക്കിലെത്തി, ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. അസഭ്യവർഷം ചൊരിഞ്ഞ് ഹക്കീമിനെ ഭീഷണിപ്പെടുത്തിയതായും സൂചനയുണ്ട്.

തുടർന്ന് സംഘാടകർ ഇടപെട്ട് ഇവരെ തിരിച്ചയച്ചു. എന്നാൽ സംഗമം കഴിഞ്ഞു കാറിൽ മടങ്ങുകയായിരുന്ന ഹക്കീമിനെ പ്രതികൾ ബൈക്കിൽ പിന്തുടരുകയും തളി പിലക്കാട് ഭാഗത്ത് വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. നിയന്ത്രണം വിട്ട കാറും ബൈക്കും റോഡരികിലെ മതിലിലിടിച്ചു മറിഞ്ഞു. തെറിച്ചു വീണ പ്രമിത്തിനും അഭിലാഷിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബ്ദുൽ ഹക്കീം നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. പ്രതികൾ കയ്യിൽ കരുതിയിരുന്ന വാള്‍ അപകടസ്ഥലത്തു നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവങ്ങൾ നടന്നതു 2 പൊലീസ് സ്റ്റേഷൻ പരിധികളിലെ സ്ഥലങ്ങളിലായതിനാല്‍ എരുമപ്പെട്ടി, ചെറുതുരുത്തി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ചെറുതുരുത്തി പൊലീസും ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com