ADVERTISEMENT

തിരുവില്വാമല ∙ കൊയ്ത്ത് കഴിഞ്ഞു; ഇനി കർഷകർക്ക് അറിയേണ്ടത് സപ്ലൈകോ നെല്ല് എടുക്കുമ്പോൾ നഷ്ടം എത്രയെന്നു മാത്രം. പാടത്തു നിന്ന് പതിരൊഴിച്ച് ചാക്കിലാക്കിയ നെല്ല് സപ്ലൈകോ എടുക്കുമ്പോൾ, പതിര് ഇനിയും ഒഴിവാക്കാനുണ്ടെന്ന പേരിൽ തൂക്കത്തിൽ കുറവ് വരുത്തും. നെല്ല് കിലോഗ്രാമിന് 28.20 രൂപയാണ് സപ്ലൈകോ  നിശ്ചയിച്ചിരിക്കുന്നത്. ഇത് കിട്ടാൻ‌ എത്ര മാസം കാത്തിരിക്കേണ്ടി വരുമെന്ന സംശയം വേറെ. കഴിഞ്ഞ വർഷം 3 മാസം കഴിഞ്ഞാണ് തുക കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ വന്നത്.

നേരത്തെ മില്ലുകാർ ചാക്കുമായി വന്നാണ് നെല്ല് എടുത്തിരുന്നത്. ഇക്കുറി ചാക്കു കൊണ്ടുവരില്ലെന്നു ചില പാടശേഖരങ്ങളിൽ മില്ലുകാർ അറിയിച്ചിട്ടുണ്ട്. സ്വകാര്യ മില്ലുകാർ 20 – 21 രൂപയ്ക്കാണ് നെല്ല് എടുക്കുന്നത്. സപ്ലൈകോ 28.20 തരുമെങ്കിലും ഇതിന് ഒരുപാട് നാൾ കാത്തിരിക്കേണ്ടി വരുമെന്നതിനാൽ കടം വാങ്ങി കൃഷി ഇറക്കിയവർ  കുറഞ്ഞ തുകയ്ക്കു തന്നെ നെല്ല് കൊടുക്കാൻ നിർബന്ധിതരാകുകയാണ്. സപ്ലൈകോ ഏറ്റെടുക്കുന്ന നെല്ലിന് കിലോയ്ക്ക് സംസ്ഥാന വിഹിതമായി നൽകേണ്ട 12 പൈസ കഴിഞ്ഞ വർഷത്തേത് ഇതുവരെ കർഷകർക്ക് ലഭിച്ചിട്ടില്ല.

സ്വകാര്യ മില്ലുകാർ പാടത്തു നിന്നു നേരിട്ട് നെല്ല് ഏറ്റെടുത്ത് കൊണ്ടുപോകുമെന്നിടത്താണ് സപ്ലൈകോ അനാവശ്യ പിടിവാശികൾ കാണിച്ച് വട്ടം കറക്കുന്നതെന്ന് കർഷകർക്ക് പരാതിയുണ്ട്. സപ്ലൈകോ നെല്ല് എടുക്കുമ്പോൾ നെല്ലിൽ പതിരുണ്ട് എന്ന പേരിൽ ക്വിന്റലിൽ 2 മുതൽ 5 കിലോഗ്രാം വരെ കുറവു വരുത്താറുണ്ട് എന്നും കർഷകർ പറയുന്നു. ചാക്ക് കൊണ്ടുവന്ന് നെല്ല് എടുക്കണമെന്ന് മില്ലുകാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അങ്ങനെ ചെയ്യാത്ത സാഹചര്യത്തിൽ കർഷകർക്ക് പരാതി നൽകാമെന്നും സപ്ലൈകോ പാഡി മാർക്കറ്റിങ് മാനേജർ അറിയിച്ചു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com