തിരിച്ചടവ് മുടങ്ങി; റാണയുടെ വാഹനങ്ങൾ പിടിച്ചെടുക്കുന്നു
Mail This Article
സേഫ് ആൻഡ് സ്ട്രോങ് ചിട്ടിക്കമ്പനിയുടെ വിവിധ ശാഖകളിലേക്കു റാണ വാങ്ങിയ വണ്ടികൾ പിടിച്ചെടുത്ത് ധനകാര്യ സ്ഥാപനങ്ങൾ; റാണയെ കസ്റ്റഡിയിൽ വിട്ടു
തൃശൂർ ∙ സേഫ് ആൻഡ് സ്ട്രോങ് കമ്പനിക്കായി പ്രവീൺ റാണ വാങ്ങിക്കൂട്ടിയ വാഹനങ്ങൾ വിവിധ ധനകാര്യ സ്ഥാപനങ്ങൾ പിടിച്ചെടുത്തു തുടങ്ങി. മാസങ്ങളായി തിരിച്ചടവു മുടങ്ങിയ സാഹചര്യത്തിലാണു പിടിച്ചെടുക്കുന്നത്. 2 കാറുകൾ ഇന്നലെ പിടിച്ചെടുത്തിട്ടുണ്ട്. ഇതിലൊരെണ്ണം പ്രവീൺ റാണയുടെ സഹോദരന്റെ വീട്ടിൽ നിന്നാണു പിടിച്ചെടുത്തത്. ചിട്ടിക്കമ്പനിയുടെ വിവിധ ശാഖകളിലേക്ക് വാങ്ങിയ വാഹനങ്ങളാണിത്. ഇവയുടെ തിരിച്ചടവു മുടങ്ങിക്കിടക്കുകയാണെന്ന വിവരം പോലും ജീവനക്കാരറിഞ്ഞിരുന്നില്ല.
റിമാൻഡിലായിരുന്ന റാണയെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തു തുടങ്ങി. സ്വന്തം ഉപയോഗത്തിനായി ബിഎംഡബ്ല്യു, ബെൻസ്, കിയ കാർണിവൽ, ജീപ്പ് റാംഗ്ലർ റുബീകോൺ തുടങ്ങിയവ റാണ വാങ്ങിയിരുന്നു. ഇതിനു പുറമെ ചിട്ടിക്കമ്പനിയുടെ ശാഖകളിൽ മാനേജർമാർക്കു സഞ്ചരിക്കാനും മറ്റുമായി കാറുകൾ നൽകി. ഇവ വായ്പയെടുത്തു വാങ്ങിയതാണെന്നോ തിരിച്ചടവുണ്ടെന്നോ റാണ അറിയിച്ചിരുന്നില്ല. ഏതാനും മാസങ്ങളായി വാഹനങ്ങളുടെ മാസത്തവണ മുടങ്ങിയ നിലയായിരുന്നു.
റാണ അറസ്റ്റിലായതോടെയാണു ധനകാര്യ സ്ഥാപനങ്ങൾ വാഹനങ്ങൾ കണ്ടെത്തി പിടിച്ചെടുക്കാൻ തുടങ്ങിയത്. റിമാൻഡിലായിരുന്ന റാണയെ ജില്ലാ അഡീഷനൽ സെഷൻസ് കോടതി പൊലീസിനു കസ്റ്റഡിയിൽ വിട്ടു. 10 ദിവസത്തേക്കാണു കസ്റ്റഡി. ചോദ്യംചെയ്തു തുടങ്ങിയെങ്കിലും തട്ടിച്ച പണം എവിടേക്കു പോയെന്ന കാര്യത്തിൽ ഇപ്പോഴും യുക്തിഭദ്രമായ മറുപടി ലഭിച്ചിട്ടില്ല.
ചിട്ടിക്കമ്പനി വഴി സ്വരൂപിച്ച പണമെല്ലാം മറ്റു വ്യവസായങ്ങളിൽ നിക്ഷേപിച്ചെന്നും തന്റെ കയ്യിലൊന്നുമില്ലെന്നുമുള്ള മറുപടി ആവർത്തിക്കുകയാണു റാണയെന്നും സൂചനയുണ്ട്. എന്നാൽ, ഏതൊക്കെ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചെന്ന കാര്യത്തിൽ കൃത്യമായ കണക്ക് വ്യക്തവുമല്ല.
മുംബൈ പൊലീസ് ഉന്നതൻ തൃശൂരിലെത്തി..?
മുംബൈ പൊലീസിലെ ഉന്നതനുമായി പ്രവീൺ റാണയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്നു സൂചന. ഏതാനും മാസം മുൻപ് ഇദ്ദേഹം റാണയുടെ അതിഥിയായി തൃശൂരിലെത്തിയിരുന്നെന്നു പൊലീസിനു വിവരം ലഭിച്ചു.
മുംബൈയിലും പുണെയിലുമായി റാണയ്ക്കു ബിസിനസ് പങ്കാളിത്തമുണ്ടായിരുന്ന പബ്ബുകളുമായി പൊലീസ് ഉന്നതനും ബന്ധം പുലർത്തിയിരുന്നെന്നാണു സൂചന. റാണയും ഇദ്ദേഹവും കൂടി ഒന്നിച്ചുനിൽക്കുന്ന ചിത്രം അടുത്ത സുഹൃത്തുക്കൾക്കിടയിൽ റാണ പ്രചരിപ്പിച്ചിരുന്നു.