ചാലക്കുടിയിൽ 5 കോടി രൂപ ചെലവിട്ടു നിർമിച്ച ശാസ്ത്ര കേന്ദ്രം രണ്ടു തവണ ഉദ്ഘാടനം ചെയ്തിട്ടും ഇതുവരെ തുറക്കാനായിട്ടില്ല. താക്കോൽ കാണാതെ പോയതല്ല പ്രശ്നം. കെട്ടിടം ചോരുകയാണ്.എന്നുവച്ചാൽ മഴ ചാറിയാൽ കെട്ടിടത്തിന്റെ മേൽക്കൂരയിൽനിന്നു വെള്ളം താഴേക്കു വന്നുകൊണ്ടേയിരിക്കും. ശാസ്ത്ര പരീക്ഷണ വസ്തുക്കൾ, നക്ഷത്ര ബംഗ്ലാവിലേക്കുള്ള ഉപകരണങ്ങൾ എന്നിവയെല്ലാം പെട്ടി പൊട്ടിക്കാതെ കിടക്കുകയാണ്. പലതും ഇനി പൊട്ടിച്ചിട്ടു കാര്യമില്ലാത്ത അവസ്ഥയിലും.
രണ്ടു കോടിയുടെ ഉപകരണമാണു പൊട്ടിക്കാതെ കിടക്കുന്നത്.ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലായതുകൊണ്ടാകാം ചോർച്ച ഉന്നതങ്ങളിൽനിന്നുതന്നെയാണ്. രണ്ടു വർഷമായിട്ടും ഇതുവരെ ആരു ചോർച്ച തീർക്കുമെന്നു തീരുമാനിക്കാനുമായിട്ടില്ല.മേൽക്കൂരയിൽ 8000 ആണി എന്തോ ആവശ്യത്തിനു അടിച്ചു കയറ്റിയ ശേഷമാണത്രെ ചോർച്ച തുടങ്ങിയത്. ഇപ്പോൾ ആണി അടിച്ചവരെ കാണ്മാനില്ല. ദയവു ചെയ്ത് ആണി അടിച്ചവരെയും ആണി നിർമിച്ച കമ്പനിയെയുമൊന്നും അന്വേഷിച്ചു പോകരുത്.
ആവശ്യം കണ്ടുപിടുത്തത്തിന്റെ മാതാവാണ് എന്നാണല്ലോ പറയാറ്. ഇതു തുറക്കുക എന്നതാണ് ആവശ്യം. അതിനായി പുതിയ മാർഗം തേടണം. ചോരുന്ന വെള്ളം അവിടത്തന്നെ സംഭരിക്കാൻ വഴി നോക്കണം. ശാസ്ത്ര ഉപകരണങ്ങൾ ചെറുതായൊരു തട്ടു പണിതു സ്ഥാപിക്കാം. ജനം വെള്ളത്തിലൂടെ നടന്നു ഇതെല്ലാം കാണട്ടെ.ലോകത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ ശാസ്ത്ര കേന്ദ്രമായി ഇതിനെ വളർത്താം. അല്ലാതെ ആണിയടിച്ചവനെ തേടി പോകുകയല്ല വേണ്ടത്. ഇത്തരമൊരു ആണിയടിക്കലിനു കൂട്ടുനിന്ന എൻജിനീയറുടെയും കരാറുകാരന്റെയും ഫോട്ടോ കവാടത്തിൽ സ്ഥാപിക്കണം.
അവരില്ലായിരുന്നുവെങ്കിൽ ഇത്തരമൊരു അപൂർവ കേന്ദ്രം നമുക്കു കിട്ടുമായിരുന്നോ.ഫിഷറീസ് വകുപ്പുമായി സംസാരിച്ചാൽ ഈ വെള്ളത്തിൽ നല്ല ഭംഗിയുള്ള മത്സ്യങ്ങളെ വളർത്താം.ശാസ്ത്ര കുതുകികളുടെ കാലിൽ മത്സ്യക്കുഞ്ഞുങ്ങൾ ചെറുതായി കൊത്തി ഇക്കിളി വരുത്തട്ടെ. ലോകത്തെ ഇക്കിളിപ്പെടുത്തുന്ന ആദ്യ കേന്ദ്രമായും ഇതിനെ പ്രഖ്യാപിക്കാം. ഈ വെള്ളത്തിൽ പല തരം ജല സസ്യങ്ങളെയും വളർത്താം. മുകളിൽ ശാസ്ത്രം , താഴെ സസ്യശാസ്ത്രമെന്ന മനോഹര സ്വപ്നവും കൂടി വളർത്താമല്ലോ.ഇങ്ങനെ നോക്കിയാൽ ഈ ചോർച്ചയൊരു അനുഗ്രഹമാണ്.
സൈഡമിട്ട്
നഗരത്തിലെ ഹോട്ടലുകളിൽ ശുചിമുറിയില്ലെങ്കിൽ ഒരാഴ്ചയ്ക്കകം കർശന നടപടിയെന്നു മേയർ പ്രഖ്യാപിച്ചിരിക്കുന്നു. അതെന്തായാലും കലക്കി. നഗരത്തിനു രാജ്യാന്തര നിലവാരമുള്ള ശുചിമുറി സമ്മാനിക്കുമെന്നു അധികാരം ഏറ്റ ഉടനെ പ്രഖ്യാപിച്ച മേയർക്കെതിരെയുള്ള കർശന നടപടികൂടി ഇതൊടൊപ്പം എടുക്കാമായിരുന്നു. രാജ്യാന്തരത്തിൽ പോകാൻ കെൽപില്ലാത്ത പലരും കാര്യം സാധിക്കാനായി ഈ ശുചിമുറിവരുന്നതും കാത്തിരിപ്പാണെന്നതു മറക്കരുത്.