എന്താണ് അമിട്ടിലെ ഗുളിക? അപകടസ്ഥലത്ത് കാർബൺ, പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ

HIGHLIGHTS
  • നിരോധിത രാസവസ്തുക്കളുടെ സാന്നിധ്യമില്ലെന്നു പ്രാഥമിക നിഗമനം
കുണ്ടന്നൂരിൽ തീപിടിച്ചുണ്ടായ സ്ഫോടനത്തിൽ തകർന്ന വെടിപ്പുരയ്ക്കു സമീപം തെ‍ാഴിലാളികളുടെ താമസസ്ഥലത്ത് സൂക്ഷിച്ചിരിക്കുന്ന പടക്കനിർമാണ സാമഗ്രികൾ. 		ചിത്രം: മനോരമ
കുണ്ടന്നൂരിൽ തീപിടിച്ചുണ്ടായ സ്ഫോടനത്തിൽ തകർന്ന വെടിപ്പുരയ്ക്കു സമീപം തെ‍ാഴിലാളികളുടെ താമസസ്ഥലത്ത് സൂക്ഷിച്ചിരിക്കുന്ന പടക്കനിർമാണ സാമഗ്രികൾ. ചിത്രം: മനോരമ
SHARE

തൃശൂർ ∙കുണ്ടന്നൂരിൽ വെടിക്കെട്ട് അപകടമുണ്ടായ സ്ഥലത്തു കാർബൺ, പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. ഇവ ചേർത്താണ് അമിട്ടിൽ നിറയ്ക്കാൻ ഗുളികകൾ നിർമിച്ചിരുന്നത്. ആദ്യത്തെ പായയിലെ ഗുളികകൾ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിച്ചതിനു പിന്നാലെ രണ്ടാമത്തെ ഗുളികകളുടെ ശേഖരവും പൊട്ടി. ജില്ലയിലെ ഒട്ടുമിക്ക പൂരങ്ങൾക്കും വെടിക്കെട്ട് ഒരുക്കിയിട്ടുള്ള കുണ്ടന്നൂർ സുന്ദരാക്‌ഷന്റെ പേരിലാണു വെടിക്കെട്ടുപുരയ‍ുടെ ലൈസൻസ്. ഇയാൾക്കു വേണ്ടി ശ്രീനിവാസൻ എന്നയാളാണു വെടിക്കെട്ട് ഒരുക്കിയിരുന്നതെന്നു പറയുന്നു.

വെടിക്കെട്ടുപുരയ്ക്ക് തീ പിടിച്ചുണ്ടായ സ്ഫോടനത്തിന്റെ ആഘാതത്തിൽ തകർന്ന മദർ ഓഫ് ഡിവൈൻ ലവ് എൽപി സ്കൂളിന്റെ ജനാലകൾ.  ചിത്രം: മനോരമ
വെടിക്കെട്ടുപുരയ്ക്ക് തീ പിടിച്ചുണ്ടായ സ്ഫോടനത്തിന്റെ ആഘാതത്തിൽ തകർന്ന മദർ ഓഫ് ഡിവൈൻ ലവ് എൽപി സ്കൂളിന്റെ ജനാലകൾ. ചിത്രം: മനോരമ

ഒട്ടേറെ പൂരങ്ങളിൽ പൊട്ടിക്കാനുള്ള അമിട്ടുകളുടെ നിർമാണമാണു വെടിക്കെട്ടുപുരയിൽ നടന്നതെന്നു വിവരമുണ്ട്. എന്നാൽ, നിരോധിത രാസവസ്തുക്കളോ സ്ഫോടക വസ്തുക്കളോ ഉപയോഗിച്ചിട്ടില്ലെന്നാണ് അഗ്നിരക്ഷാ സേനയുടേതടക്കം പ്രാഥമിക നിഗമനം. വെടിക്കെട്ടു പുരയുടെ പഴയ ലൈസൻസ് 2 മാസം മുൻപു പുതുക്കിയിരുന്നു. എന്നാൽ, അഗ്നിരക്ഷാ സേനയുടെ സമ്മതപത്രം വാങ്ങിയിരുന്നില്ലെന്നാണു സൂചന. ജില്ലാ ഫയർ ഓഫിസർ അരുൺ ഭാസ്കറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനാ സംഘമെത്തിയാണു തീയണച്ചത്.

Also read: നാട് വിറച്ചു, ഭൂചലനമെന്ന് കരുതി; കുളിക്കാൻ പോയത് രക്ഷയായി, തീ തൊടാതെ 3 ജീവനുകൾ

പൊട്ടാതെ കിടക്കുന്ന സ്ഫോടകവസ്തുക്കൾ ഉണ്ടാകാമെന്നതു വലിയ അപകടഭീതി സൃഷ്ടിച്ചെങ്കിലും ഗുളികകളാണു കത്തിയത് എന്നതിനാൽ കൂടുതൽ പൊട്ടിത്തെറിക്കു സാധ്യതയില്ലെന്നു വേഗം കണ്ടെത്തി. പൊട്ടിത്തെറിച്ച സ്ഫോടകവസ്തുക്കൾ നിരോധിത സ്വഭാവത്തിലുള്ള എന്തെങ്കിലും ഉണ്ടോയെന്നു ഫൊറൻസിക് പരിശോധനയിൽ മാത്രമേ വ്യക്തമാക‍ൂ. 

ലൈസൻസ് ഉണ്ട്, അപകട കാരണം മർദം: സുന്ദരാക്ഷൻ

തൃശൂർ ∙ വെടിക്കെട്ടുപുരയ്ക്കു തീപിടിക്കാൻ കാരണമായത് അന്തരീക്ഷത്തിലെ ചൂടും മർദവ്യത്യാസവുമാകാമെന്ന് ലൈസൻസി കുണ്ടന്നൂർ സുന്ദരാക്ഷൻ. അപകടം നടന്ന സ്ഥലത്തെത്തിയ സുന്ദരാക്ഷൻ ‘മനോരമ’യോടു പറഞ്ഞതിങ്ങനെ: ‘വെടിക്കെട്ടുപുരയ്ക്കു ലൈസൻസ് ഉണ്ട്. 2 മാസം മുൻപാണു പുതുക്കിയത്. ചൂടുകൂടിയ സമയമാണ്. ഇതൊക്കെയാകും കാരണം. കൂടുതലൊന്നും എനിക്കും അറിയില്ല.’

എന്താണ് അമിട്ടിലെ ഗുളിക?

മാനത്തേക്കുയർന്ന് അമിട്ട് പൊട്ടുമ്പോൾ പല നിറങ്ങളായി വിരിഞ്ഞിറങ്ങുന്ന ഷെല്ലുകളാണു ഗുളികകൾ. പിരിപിരിയെന്നാണ് ഈ ഗുളികകളുടെ നാടൻപേര്. പല നിറത്തിലുള്ള ഗുളികകൾ പല അറകളിലായി നിറയ്ക്കുമ്പോഴാണ് അമിട്ട് നിറക്കാഴ്ചയായി പൊട്ടുന്നത്. 

വെടിക്കെട്ടപകടം: സ്കൂളിന് അവധി

കുണ്ടന്നൂർ∙ വെടിക്കെട്ടപകടമുണ്ടായ കുണ്ടന്നൂരിലും സമീപ പ്രദേശങ്ങളിലും വീടുകൾക്കും കെട്ടിടങ്ങൾക്കും കനത്ത നാശം. അപകടം നടന്ന സ്ഥലത്തിന് അര കിലോമീറ്റർ ചുറ്റളവിലുള്ള കെട്ടിടങ്ങൾക്കാണ് കാര്യമായ നാശനഷ്ടങ്ങൾ. കുണ്ടന്നൂർ കർമല മാതാവിന്റെ പള്ളിയുടെ മുൻവശത്തെ ജനൽച്ചില്ലുകൾ തകർന്നു. സമീപത്തെ സെന്റ് ജോസഫ്സ് യുപി സ്കൂളിലെ 24ക്ലാസ് മുറികളുടെയും ജനലുകൾ‍ പൂർണമായി തകർന്നു.

ചില്ലുകൾ മാത്രമല്ല ജനലിന്റെ ഫ്രെയിമുകളും തകർന്നുതൂങ്ങി. ക്ലാസ് മുറികളിലും സ്കൂളിന്റെ പുറകിലുള്ള റോഡിലും പൊട്ടിയ ജനൽച്ചില്ലുകൾ ചിതറിക്കിടക്കുകയാണ്. ചുമരുകൾക്കും വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പൊട്ടിയ ചില്ലുകൾ മുഴുവൻ നീക്കാതെ വിദ്യാർഥികളെ സ്കൂളിലേക്ക് പ്രവേശിപ്പിക്കാൻ കഴിയാത്ത സ്ഥിതിയായതിനാൽ.

ഇന്ന് സ്കൂളിന് അവധി നൽകിയിരിക്കുകയാണ്. മെയിൻ റോഡരികിലുള്ള ‍ മദർ ഓഫ് ഡിവൈൻ ലൗ കോൺവന്റ് കെട്ടിടത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ചുറ്റുവട്ടത്തുള്ള നൂറിലധികം വീടുകളുടെ ജനൽച്ചില്ലുകളും ചില്ല് അലമാരകളും പൂർണമായി തകർന്നനിലയിലാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS