തിരുവില്വാമല ∙ ആജാനുബാഹുവായ ആ ആൾ വൈകിട്ട് നടക്കാനിറങ്ങുന്നത് കാത്ത് കുട്ടികൾ പാറപ്പുറത്ത് ഇരിക്കും. ആ മനുഷ്യൻ നടന്നുതുടങ്ങുമ്പോൾ അവർ അയാൾക്കു പിന്നാലെ കൂടും. പോക്കറ്റിൽനിന്ന് കടലയെടുത്ത് അയാൾ പിന്നാലെകൂടുന്ന കുട്ടികൾക്ക് വിതരണം ചെയ്യും. ഇടയ്ക്കിടെ നല്ല പോലെ പാട്ടു പാടും. ചില കുട്ടികൾ അതേറ്റു പാടും. പേരൊന്നും കുട്ടികൾക്കറിയില്ല. കവിയെന്നു ചിലർ അദ്ദേഹത്തെ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ പേര് പി. കുഞ്ഞിരാമൻ നായർ എന്നാണെന്ന് അവർ പിന്നീട് അറിഞ്ഞു.
തിരുവില്വാമല ഗ്രാമീണ വായനശാല സംഘടിപ്പിച്ച ‘ഓർത്ത് ഓർത്ത്’ സംവാദ പരിപാടി സ്വന്തം നാടിനെപ്പറ്റി പുതുതലമുറയ്ക്ക് വിസ്മയകരമായ പുതിയ അറിവുകൾ സമ്മാനിച്ചു. രാത്രി സ്റ്റുഡിയോയിലേക്ക് കയറിവന്ന മറ്റൊരു ആജാനുബാഹുവിനെയാണ് ഗോപി പാറപ്പുറത്ത് ഓർത്തെടുത്തത്. രാത്രി കോഴിയെപ്പറ്റി കുറെ കഥകൾ പറഞ്ഞ് വീട്ടിൽ പോയി അദ്ദേഹം.
6 മാസം കഴിഞ്ഞപ്പോൾ ‘കോഴി’ എന്ന പേരിൽ ഇതേ കഥകളുമായി ഇറങ്ങിയ പുസ്തകത്തിൽ ഉണ്ടായിരുന്നു ആ മനുഷ്യന്റെ പേര് - വി.കെ.എൻ. പാറപ്പുറത്ത് എന്ന തന്റെ വീട്ടുപേര് തനതുശൈലിയിൽ ഓൺ ദ് റോക്ക് എന്ന് വികെഎൻ വിളിച്ചിരുന്നതും ഗോപി ഓർത്തെടുത്തു. തിരുവില്വാമലയും ആഫ്രിക്കയും തമ്മിലുള്ള ബന്ധം കേൾവിക്കാരിൽ പലർക്കും വിസ്മയമായി.
തിരുവില്വാമലയിലെ സാമൂഹിക- സാംസ്കാരിക പരിപാടികളിൽ ഒരു കാലത്ത് സജീവമായിരുന്ന ആഫ്രിക്കൻ സ്വാമിയെപ്പറ്റിയുള്ള കഥകളാണ് ആ ബന്ധം പറഞ്ഞത്. ആഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ പാലക്കാട്ടുകാരൻ തിരുവില്വാമലയോടുള്ള ഇഷ്ടം കൊണ്ട് ഇവിടെ വന്നു താമസമാക്കിയപ്പോൾ അദ്ദേഹത്തെ ആദരപൂർവം തിരുവില്വാമലക്കാർ വിളിച്ച പേരായിരുന്നു ആഫ്രിക്കൻ സ്വാമി.
നാലിനും അഞ്ചിനും ഇടയിൽ നാലര ക്ലാസ് ഉണ്ടായിരുന്ന കാലത്തെപ്പറ്റി തൊണ്ണൂറ്റിമൂന്നുകാരനായ ടി.എ.ശേഷൻ പറഞ്ഞപ്പോൾ പലർക്കും കൗതുകം അടക്കാനായില്ല. പാമ്പാടിയിൽനിന്നു തിരുവില്വാമലയിലേക്ക് സ്കൂൾ മാറ്റിയപ്പോൾ, തന്നെ ഒരു ക്ലാസ് താഴ്ത്തിയാണ് സ്കൂളിൽ പ്രവേശിപ്പിച്ചതെന്ന സങ്കടവും അദ്ദേഹം പങ്കുവച്ചു.
തിരുവില്വാമലയിൽ ഉണ്ടായ ആദ്യ കൊലപാതകം ഗ്രാമീണ വായനശാല സെക്രട്ടറി കെ.ജയപ്രകാശ് കുമാർ ഓർത്തെടുത്തു. 1978ൽ വെടിക്കെട്ടുപുരയ്ക്ക് തീപിടിച്ചുണ്ടായ അപകടം നാഴികക്കല്ലായി. അതിനുശേഷം ഇവിടെ വെടിമരുന്നു നിർമാണം നിലച്ചു. വായനശാലയിൽ ടെലിവിഷനെത്തിയപ്പോൾ അത് കാണാനെത്തിയിരുന്ന കാലവും കഥകളിൽ നിറഞ്ഞു.
ടിവിക്ക് അകത്ത്‍ വെള്ളമൊഴിച്ചാലേ ദൃശ്യങ്ങൾ കാണാനാവൂ എന്ന് പറഞ്ഞ് അവിടെ ചെടി നനയ്ക്കാനുള്ള വെള്ളം കുട്ടികളെക്കൊണ്ട് എത്തിച്ചിരുന്ന ലൈബ്രേറിയന്റെ കഥ പറഞ്ഞത് ഇപ്പോൾ ടൗണിൽ ഇലക്ട്രിക്കൽ കട നടത്തുന്ന രവികുമാർ. രാംകുമാർ നമ്പിയത്ത്, കെ.പി.ഉമാശങ്കർ, ടി.എൻ.രാജ്കുമാർ, ടി.പി.ബിന്ദു, പി.വി.വിഷ്ണുദാസ് എന്നിവരും സംവാദത്തിൽ പങ്കെടുത്തു.