ബിനി ടൂറിസ്റ്റ് ഹോം ഫയൽ നൽകിയില്ല; കോർപറേഷൻ യോഗത്തിൽ ബഹളം

ബിനി ടൂറിസ്റ്റ് ഹോമുമായി ബന്ധപ്പെട്ട ഫയൽ നൽകാതെ കരാർ അംഗീകരിക്കാൻ ഭരണ പക്ഷം ശ്രമിച്ചെന്നാരോപിച്ച് തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ നടന്ന ബഹളം.
ബിനി ടൂറിസ്റ്റ് ഹോമുമായി ബന്ധപ്പെട്ട ഫയൽ നൽകാതെ കരാർ അംഗീകരിക്കാൻ ഭരണ പക്ഷം ശ്രമിച്ചെന്നാരോപിച്ച് തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ നടന്ന ബഹളം.
SHARE

തൃശൂർ ∙ ബിനി ടൂറിസ്റ്റ് ഹോം പൊളിക്കുന്നതുമായി ബന്ധപ്പെട്ട ഫയൽ നൽകാതെ കൗൺസിൽ യോഗത്തിൽ കരാർ അംഗീകരിക്കാൻ ഭരണപക്ഷം ശ്രമിച്ചതിനെത്തുടർന്നു കോർപറേഷൻ കൗൺസിൽ യോഗത്തിൽ ബഹളം. ഫയൽ നൽകാതെ മേയർ എം.കെ.വർഗീസ് യോഗം പിരിച്ചുവിട്ടു. കരാർ അംഗീകരിച്ചോയെന്നു വ്യക്തമല്ല. അജൻഡ വോട്ടിനിടണമെന്ന പ്രതിപക്ഷാവശ്യവും മേയർ തള്ളി. ഇതേച്ചൊല്ലിയുള്ള ബഹളത്തെത്തുടർന്നു 4 കൗൺസിലർമാർ പ്രാഥമിക ചികിത്സ തേടിയശേഷം ആശുപത്രി വിട്ടു.

കരാർ ഉറപ്പിക്കുന്നതിനു മുൻപുതന്നെ സിപിഎം നേതാക്കളുടെ സഹായത്തോടെ ബിനി ടൂറിസ്റ്റ് ഹോം പൊളിച്ചുപണിയാൻ തുടങ്ങിയതു വിവാദമായിരുന്നു. സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടാണ് ഇതു തടഞ്ഞത്. എന്നാൽ ഇന്നലെ കൗൺസിൽ യോഗത്തിൽ വച്ച അജൻഡയിൽ പൊളിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നു മുണ്ടായിരുന്നില്ല. പൊളിച്ച കരാറുകാരനെതിരെ നടപടിയെടുക്കുന്ന കാര്യവും ഇല്ലായിരുന്നു. 96 അജൻഡകളി‍ൽ അവസാന അജൻഡയായാണ് ഇത് ഉൾപ്പെടുത്തിയിരുന്നത്.

മറ്റ് അജൻഡയുടെ ഫയൽ കൗൺസിലിൽ വച്ചിരുന്നെങ്കിലും ബിനി ഫയൽ  മാത്രം ഉണ്ടായിരുന്നില്ല. കോടതിയുടെ കമ്മിഷനിൽ ഹാജരാക്കാൻവേണ്ടി സെക്‌ഷനിലേക്കു കൊണ്ടുപോയെന്നായിരുന്നു മേയറുടെ വിശദീകരണം. തിരിച്ചുവിളിക്കണമെന്നായി പ്രതിപക്ഷം. ഉച്ചയ്ക്കുശേഷം നൽകാമെന്നു പറഞ്ഞെങ്കിലും നൽകിയില്ല. പ്രതിപക്ഷം മനഃപൂർവം യോഗം തടസ്സപ്പെടുത്തുകയായിരുന്നെന്നു മേയർ ആരോപിച്ചു. അനുമതിയില്ലതെ ബിനി  പൊളിച്ചവർക്കെതിരെ നടപടിയെടുക്കുമെന്നു താനും കൗ‍ൺസിൽ യോഗത്തിൽ പി.കെ.

ഷാജനും വർഗീസ് കണ്ടംകുളത്തിയും വ്യക്തമാക്കിയിട്ടും പ്രതിപക്ഷം ബഹളമുണ്ടാക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ബിനി വിഷയം ചർച്ച ചെയ്യാതിരിക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമായാണു മേയർ കൗൺസിൽ പിരിച്ചുവിട്ടതെന്ന് പ്രതിപക്ഷ നേതാവു രാജൻ പല്ലൻ, പ്രതിപക്ഷ കൗൺസിലർമാരായ ജോൺ ഡാനിയൽ, സുനിൽരാജ് എന്നിവർ പറഞ്ഞു. അജൻഡ വോട്ടിനിടണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം മേയർക്ക് കത്ത് നൽകിയിരുന്നു. അതുകൊണ്ടാണു മേയർ ഫയൽ മുക്കിയതെന്നും അവർ ആരോപിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS