അതിരപ്പിളളി∙ കാട്ടാന മറിച്ച എണ്ണപ്പന വൈദ്യുതി ലൈനിൽ വീണ് 230 കുടുംബങ്ങളിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ടു. വെറ്റിലപ്പാറ നർമദ തേനരുവി ജലനിധി പദ്ധതിയുടെ പ്രവർത്തനമാണ് വൈദ്യുതതടസ്സം മൂലം മുടങ്ങിയത്. ഇന്നലെ പുലർച്ചയോടെയാണ് ആനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. ഇതോടെ കുടുംബാരോഗ്യ കേന്ദ്രം മുതൽ വെറ്റിലപ്പാറ ജംക്‌ഷൻ വരെയുള്ള ഭാഗങ്ങളിൽ ജലവിതരണം മുടങ്ങി.
നഴ്‌സറിപ്പടി ഭാഗത്ത് തോട്ടം തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്‌സിനു സമീപമുണ്ടായിരുന്ന കോഴികൂടും കാട്ടാനയുടെ ആക്രമണത്തിൽ ഭാഗികമായി തകർന്നു. കഴിഞ്ഞ ദിവസം ചിക്‌ളായി നെടുങ്കേരി ജോയിയുടെ വീട്ടുപറമ്പിൽ കടന്ന കാട്ടാനകൾ കൃഷിയും നശിപ്പിച്ചു.