ഗുരുവായൂർ ∙ മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഗുരുവായൂർ, മമ്മിയൂർ ക്ഷേത്രങ്ങളിൽ ദർശനം നടത്തി. ഉച്ചയ്ക്ക് 12.45ന് ഭാര്യ സവിത, മകൾ സ്വാതി എന്നിവരോടൊപ്പം എത്തിയ അദ്ദേഹം കാണിക്കയർപ്പിച്ചു തൊഴുതു. ഉപദേവനായ ഗണപതിയെ തൊഴുത് എത്തിയ അദ്ദേഹത്തിന് ഓതിക്കൻ പൊട്ടക്കുഴി ഭവദാസൻ നമ്പൂതിരി പ്രസാദം നൽകി. മുൻ രാഷ്ട്രപതിയെ ദേവസ്വം ചെയർമാൻ ഡോ. കെ.വി. വിജയൻ കസവുഷാൾ അണിയിച്ച് സ്വീകരിച്ചു. അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, ഭരണസമിതിയംഗം സി. മനോജ്, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി. മനോജ്കുമാർ എന്നിവരും ഒപ്പമുണ്ടായി.
ദേവസ്വത്തിന്റെ ഉപഹാരമായി ‘ഗുരുവായൂർ കേശവനൊപ്പം കളിക്കുന്ന കണ്ണന്റെ’ ചുമർചിത്ര ശൈലിയിലുള്ള ചിത്രം സമ്മാനിച്ചു. കുന്നംകുളം വഴി റോഡ് മാർഗം എത്തിയ അദ്ദേഹം കിഴക്കേനടയിലെ സ്വകാര്യ ഹോട്ടലിലാണ് വിശ്രമിച്ചത്. കലക്ടർക്കു വേണ്ടി സബ് കലക്ടർ മുഹമ്മദ് ഷെരീഫ് സ്വീകരിച്ചു. ആദ്യം മമ്മിയൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ, ട്രസ്റ്റി ബോർഡ് അംഗം കെ.കെ. ഗോവിന്ദദാസ്, മലബാർ ദേവസ്വം കമ്മിഷണർ നന്ദകുമാർ, എക്സി. ഓഫിസർ പി.ടി. വിജയി എന്നിവർ സ്വീകരിച്ചു.
2 ചിത്രങ്ങൾ സമ്മാനിച്ചു. ഗുരുവായൂർ ക്ഷേത്രനടയിൽ ഇറങ്ങിയ ഉടൻ റാംനാഥ് കോവിന്ദ് തൊഴുകൈകളോടെ നടന്നെത്തിയതു കാത്തുനിന്ന ജനങ്ങളുടെ അടുത്തേക്ക്. ക്ഷേത്രത്തിനകത്തും അദ്ദേഹം ഭക്തരെ അഭിവാദ്യം ചെയ്തു. 25 മിനിറ്റ് മാത്രമാണ് ഭക്തർക്കു നിയന്ത്രണം ഏർപ്പെടുത്തിയത്. അസി. പൊലീസ് കമ്മിഷണർമാരായ ആർ.കെ. ജയരാജ്, ടി.കെ. സനോജ് എന്നിവരുടെ നേതൃത്വത്തിൽ ഇരുന്നൂറോളം പൊലീസുകാർ സുരക്ഷയൊരുക്കി. റാംനാഥ് കോവിന്ദ് 2.45ന് മടങ്ങിപ്പോയി.