ADVERTISEMENT

കൊരട്ടി  ∙ വീടിനോടു ചേർന്ന് അനധികൃതമായി പടക്കം നിർമിച്ച വെസ്റ്റ് കൊരട്ടി കണ്ണമ്പുഴ വർഗീസ് (67) അറസ്റ്റിൽ. 100 കിലോഗ്രാം വെടിമരുന്നും ഒരു ലക്ഷം ഓലപ്പടക്കവും രണ്ടായിരത്തോളം ഗുണ്ടും തിരിയും പടക്ക നിർമാണത്തിന് ഉപയോഗിക്കുന്ന ഓലകളും പേപ്പറുകളും പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്നാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെ പൊലീസ് ഇവിടെ പരിശോധനയ്ക്ക് എത്തിയത്. തിരുനാളുകൾക്കും ഉത്സവങ്ങൾക്കും വെടിക്കെട്ട് കരാറെടുത്തവർക്കാണ് ഇവ നിർമിച്ചു നൽകിയിരുന്നതെന്നു പൊലീസ് കണ്ടെത്തി.

1,വെസ്റ്റ് കൊരട്ടി അനധികൃത പടക്കനിർമാണ കേന്ദ്രത്തിൽ കരിമരുന്ന് വസ്തുക്കൾ ഇടിച്ചു പൊടിയാക്കുന്നതിനായി നിർമിച്ച യന്ത്രം.  2,പടക്കനിർമാണത്തിനായി ചാക്കുകളിലാക്കി വച്ചിരിക്കുന്ന കരിമരുന്ന്.
1,വെസ്റ്റ് കൊരട്ടി അനധികൃത പടക്കനിർമാണ കേന്ദ്രത്തിൽ കരിമരുന്ന് വസ്തുക്കൾ ഇടിച്ചു പൊടിയാക്കുന്നതിനായി നിർമിച്ച യന്ത്രം. 2,പടക്കനിർമാണത്തിനായി ചാക്കുകളിലാക്കി വച്ചിരിക്കുന്ന കരിമരുന്ന്.

ഇയാൾക്ക് വെടിമരുന്ന് ലഭ്യമാക്കിയിരുന്ന സ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഒരു വർഷം മുൻപാണ് പടക്ക നിർമാണം ആരംഭിച്ചതെന്ന് ഇയാൾ പൊലീസിനു മൊഴി നൽകി. നേരത്തെ അങ്കമാലിയിലും ആലുവയിലും പടക്ക നിർമാണ കേന്ദ്രങ്ങളിൽ ജോലി ചെയ്ത പരിചയമുണ്ട്. മൊബൈൽ ഫൊറൻസിക് ടീമിലെ സയന്റിഫിക് അസിസ്റ്റന്റ് ജാസ്മിനിന്റെ നേതൃത്വത്തിൽ വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. എസ്എച്ച്ഒ ബി.കെ. അരുൺ, എസ്‌ഐമാരായ ഷാജു എടത്താടൻ, വി.ജി. സ്റ്റീഫൻ, എം.വി. സെബി, സീനിയർ സിപിഒമാരായ വി.ആർ. രഞ്ജിത്, ജിബിൻ വർഗീസ്,

പി.എ. അനീഷ്, ഹോംഗാർഡ് ജോയ് എന്നിവരാണു പൊലീസ് സംഘത്തിലുണ്ടായിരുന്നത്. പിടിച്ചെടുത്ത കരിമരുന്നും മറ്റും ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ഇവ സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റുമെന്നും പൊലീസ് അറിയിച്ചു. കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം നടന്ന സാഹചര്യത്തിൽ അനധികൃതമായി പടക്ക നിർമാണം കണ്ടെത്താൻ എസ്പി ഐശ്വര്യ ദോംഗ്രേ, ഡിവൈഎസ്പി സി.ആർ. സന്തോഷ് എന്നിവർ പൊലീസിനു നിർദേശം നൽകിയിരുന്നു.

സുരക്ഷാ സംവിധാനങ്ങളില്ലാതെ പടക്കനിർമാണം

കൊരട്ടി∙  വീടിന്റെ അടുക്കളയോടു ചേർന്ന് ഷെഡ് ഒരുക്കിയാണ് കണ്ണമ്പിള്ളി വർഗീസ് അനധികൃത പടക്ക നിർമാണം നടത്തിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ ഇവിടെ പാലിച്ചിരുന്നില്ല. വീടിനു മുന്നിലെ  ധാന്യങ്ങൾ പൊടിച്ചു കൊടുക്കുന്ന മില്ലിന്റെ മറവിലാണ് പടക്ക നിർമാണം നടത്തിയിരുന്നത്. ഈ മില്ലിനു പിറകിലായി കരിമരുന്നുണ്ടാക്കുവാനുള്ള രാസവസ്തുക്കൾ പൊടിച്ചെടുക്കുന്നതിനായുള്ള യന്ത്രവും ഉറപ്പിച്ചിരുന്നു.

പലപ്പോഴും മില്ലിൽ ധാന്യം പൊടിക്കുന്നെന്ന വ്യാജേനയാണ് ഇയാൾ ഈ യന്ത്രങ്ങൾ പ്രവർത്തിപ്പിച്ചിരുന്നത്. പടക്കനിർമാണ ശാലയോടു ചേർന്നു തന്നെയാണ് സംഭരണ കേന്ദ്രവും പ്രവർത്തിച്ചിരുന്നത്. ഇവിടെയും സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലായിരുന്നെന്നു  പൊലീസ് കണ്ടെത്തി. വീടിന്റെ ഇടതുഭാഗത്തുള്ള ഷെഡിലാണ് കരുമരുന്ന് സൂക്ഷിച്ചിരുന്നത്.

ഒരു വർഷം മുൻപാണ് പടക്കനിർമാണം ഇവിടെ ആരംഭിച്ചതെന്ന് വർഗീസ് പൊലീസിനോടു പറഞ്ഞിരുന്നു. വൻ ലാഭം പ്രതീക്ഷിച്ചാണ് കരിമരുന്ന് വസ്തുക്കളുടെ നിർമാണം ആരംഭിച്ചത്. റോഡിൽ നിന്ന് കുറച്ച് ഉള്ളിലേക്കു നീങ്ങിയാണ് വീട് എന്നതിനാൽ അധികമാരും ഇവിടെ പടക്കനിർമാണം നടക്കുന്ന വിവരം അറിഞ്ഞിരുന്നില്ല. പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കൾ ലൈസൻസുള്ള കേന്ദ്രത്തിൽ പരിശോധനയ്ക്കായി സൂക്ഷിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com