കുണ്ടന്നൂർ ∙ കല്ലിങ്കൽ പുഴയോരത്തു സ്ഫോടനമുണ്ടായ സ്ഥലത്തു രൂപപ്പെട്ടതു വൻ ഗർത്തം. ഇറങ്ങിനിന്നാൽ മുട്ടോളം താഴ്ച കണക്കാക്കാവുന്ന ഗർത്തത്തിന് 2 മീറ്ററിലേറെ വ്യാസമുണ്ട്. സമീപത്തെ തെങ്ങ് ഒടിഞ്ഞു തെറിച്ചതും ഇഷ്ടികകൊണ്ടു നിർമിച്ച ഷെഡ് പൂർണമായി തകർന്നു ചിതറിയതും കണക്കിലെടുത്താൽ അമിട്ടിന്റെ ഗുളികകൾ മാത്രമല്ല പൊട്ടിത്തെറിച്ചതെന്നാണു സൂചന. വെടിമരുന്നു സൂക്ഷിച്ചതെന്നു സംശയിക്കുന്ന വീപ്പകളുടെ ഭാഗങ്ങൾ പലയിടത്തായി ചിതറിയിട്ടുണ്ട്. 100 മീറ്ററോളം അകലെ ഇഷ്ടികക്കെട്ടിടത്തിൽ അമിട്ടിന്റെ കുഴലുകൾ അടക്കം വെടിമരുന്നു നിർമാണ സാമഗ്രികൾ അലക്ഷ്യമായി സൂക്ഷിച്ചിരുന്നതു പൊലീസ് പരിശോധിച്ചു.

പൊട്ടിത്തെറി ആഘാതത്തിൽ കെട്ടിടത്തിന്റെ മേൽക്കൂര ചിതറിയെങ്കിലും സാമഗ്രികൾക്കു തീപിടിച്ചില്ല. ഒരാളുടെ മരണത്തിനു വഴിയൊരുക്കിയ ഇരട്ടസ്ഫോടനത്തിൽ അരക്കിലോമീറ്റർ ചുറ്റളവിലുള്ള ഒട്ടുമിക്ക വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുണ്ടായി. കുണ്ടന്നൂർ തുരുത്ത്, കുമ്പളങ്ങാട് റോഡ്, കുണ്ടന്നൂർ മെയിൻ റോഡ്, തെക്കേക്കര എന്നിവിടങ്ങളിലാണു കൂടുതൽ നാശം. സ്ഫോടന സ്ഥലത്തു നിന്നു സിമന്റ് കട്ടകളും കല്ലുകളും തെറിച്ചു ദൂരേക്കു വീണ നിലയിലാണ്. സിമന്റ് കട്ട പതിച്ച് സമീപത്തെ വീടിന്റെ ടെറസിൽ കുഴി രൂപപ്പെട്ടു. കുണ്ടന്നൂർ ഹെൽത്ത് സെന്ററിന്റെ ജനൽ തകർന്നു.
കുണ്ടന്നൂർ കർമല മാതാ പള്ളിയുടെ മുൻവശത്തെ ചിത്രങ്ങൾ ആലേഖനം ചെയ്ത ജനൽചില്ലുകളും തകർന്നു. പള്ളിയുടെ സീലിങിൽ ഉറപ്പിച്ചിരുന്ന ലൈറ്റ് ഇളകി താഴേക്കു വീണു. സമീപത്തെ സെന്റ് ജോസഫ്സ് യുപി സ്കൂളിലെ 24 ക്ലാസ് മുറികളുടെയും മുഴുവൻ ജനലുകളും പൂർണമായി തകർന്നു. ജനലുകളുടെ ഫ്രെയിമുകൾ ഇളകി തെറിച്ചു പോയി. കുണ്ടന്നൂരിലെ ഡിവൈൻ മദർ ഓഫ് ലൗ കോൺവെന്റിലെയും ഇവിടുത്തെ എൽപി സ്കൂളിലെ ക്ലാസ് മുറികളുടെയും ജനലുകളും വാതിലുകളും തകർന്നു. റവന്യു ഉദ്യോഗസ്ഥരുടെ സംഘം സ്ഥലം സന്ദർശിച്ചു. എ.സി. മൊയ്തീൻ എംഎൽഎ, സേവ്യർ ചിറ്റിലപ്പിളളി എംഎൽഎ എന്നിവർ സ്ഥലത്തെത്തിയിരുന്നു.
മാർ ടോണി നീലങ്കാവിൽ കുണ്ടന്നൂർ പള്ളിയും സ്കൂളും കോൺവന്റും സന്ദർശിച്ചു. അറസ്റ്റിലായ വെടിക്കെട്ട് നടത്തിപ്പുകാരൻ സുന്ദരാക്ഷൻ, ലൈസൻസി ശ്രീനിവാസൻ എന്നിവരെ കോടതിയിൽ ഹാജരാക്കി. വടക്കാഞ്ചേരി എസ്എച്ച്ഒ മാധവൻകുട്ടി, എസ്ഐമാരായ ആന്റണി ക്രോംസൺ അരൂജ, കെ.ജെ. ജീജോ സീനിയർ സിപിഒമാരായ പി.വി. ബ്രിജേഷ്, ശ്രീദേവി എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.
വെടിക്കെട്ട് ലൈസൻസ് റദ്ദാക്കാൻ ശുപാർശ
തൃശൂർ ∙ എരുമപ്പെട്ടി കുണ്ടന്നൂരിൽ വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനത്തിൽ തൊഴിലാളി മരിച്ച സംഭവത്തിനു പിന്നാലെ കരാറുകാരന്റെ ലൈസൻസ് റദ്ദാക്കാൻ ഡപ്യൂട്ടി കലക്ടറുടെ ശുപാർശ. കല്ലിങ്കൽ പുഴയോരത്തെ അപകടസ്ഥലം സന്ദർശിച്ച ഡെപ്യൂട്ടി കലക്ടർ ടി.സി. യമുനാദേവിയാണ് അഡീഷനൽ ജില്ലാ മജിസ്ട്രേറ്റിനു ശുപാർശ സമർപ്പിച്ചത്. അപകടം നടന്ന സ്ഥലത്തുണ്ടായിരുന്ന ഷെഡ് അനുമതിയില്ലാതെ നിർമിച്ചതാണെന്നു കണ്ടെത്തി.
നിരോധിത രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നു കണ്ടെത്താൻ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) പരിശോധനയ്ക്കും ശുപാർശ ചെയ്തിട്ടുണ്ട്. വെടിക്കെട്ട് അപകടത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർ ഉത്തരവിട്ടിരുന്നു. ഡപ്യൂട്ടി കലക്ടർ യമുനാദേവിയുടെയും തഹസീൽദാർ പി.ജി. നാരായണൻകുട്ടിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
Read also: നാട് വിറച്ചു, ഭൂചലനമെന്ന് കരുതി; കുളിക്കാൻ പോയത് രക്ഷയായി, തീ തൊടാതെ 3 ജീവനുകൾ
കുണ്ടന്നൂർ സുന്ദരാക്ഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു കുണ്ടന്നൂർ പുഴയ്ക്കൽ ശ്രീനിവാസന്റെ ലൈസൻസ് ഉപയോഗിച്ചാണു വെടിക്കെട്ടു നിർമാണം നടന്നിരുന്നതെന്നു സംഘം കണ്ടെത്തി. ഈ ലൈസൻസ് റദ്ദാക്കാനാണു ശുപാർശ ചെയ്തത്. ലൈസൻസ് പ്രകാരം 15 കിലോ വെടിമരുന്നു സൂക്ഷിക്കാനാണു അനുമതിയെങ്കിലും ഇതിലുമേറെ അളവിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നോ എന്നതു പെസോയുടെ പരിശോധനയിലേ സ്ഥിരീകരിക്കാൻ കഴിയൂ.
സ്ഫോടന കാരണം സ്ഥിരീകരിക്കാനും പെസോയുടെ പരിശോധന നടത്തേണ്ടിവരും. വെടിക്കെട്ടുസാമഗ്രികൾ സൂക്ഷിക്കാനും തൊഴിലാളികൾക്കു താമസിക്കാനുമായി 2 കെട്ടിടങ്ങൾ പാടത്തിനരികിലുണ്ടായിരുന്നു. ഇവിടെ നിന്നു 100 മീറ്റർ മാറി താൽക്കാലികമായി നിർമിച്ച ഷെഡിലാണു സ്ഫോടനമുണ്ടായത്. ഈ ഷെഡ് നിർമിച്ചത് അനുമതിയില്ലാതെയാണ്. ഫൊറൻസിക് അസിസ്റ്റന്റ് എം.എസ്. ഷംനയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സാംപിളുകൾ ശേഖരിച്ചു പരിശോധനയ്ക്കയച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തു പരിശോധന നടത്തി.
ലൈസൻസ് പോകും, വരും
തൃശൂർ ∙ കുണ്ടന്നൂർ സുന്ദരാക്ഷനും തൈവളപ്പിൽ ശ്രീനിവാസനും ഉൾപ്പെടെ പല വെടിക്കെട്ട് കരാറുകാർക്കും ലൈസൻസ് റദ്ദാക്കപ്പെടുന്നതും പുതുക്കിനൽകുന്നതും പുതിയ കാര്യമല്ല. 2011ൽ അത്താണി ഗ്രാമലയിൽ വെടിക്കെട്ട് അപകടമുണ്ടായതിനു പിന്നാലെ വ്യാപക റെയ്ഡുകൾ നടന്നിരുന്നു. അളവിൽ കൂടുതൽ വെടിമരുന്നു സൂക്ഷിച്ചതിന്റെ പേരിൽ സുന്ദരാക്ഷന്റെ ലൈസൻസ് അന്നു സസ്പെൻഡ് ചെയ്യപ്പെട്ടു.
Read also: എന്താണ് അമിട്ടിലെ ഗുളിക? അപകടസ്ഥലത്ത് കാർബൺ, പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ
തുടർന്നാണു സുന്ദരാക്ഷന്റെ ഡ്രൈവറായിരുന്ന ശ്രീനിവാസന്റെ പേരിലേക്കു ലൈസൻസ് മാറ്റിയത്. അപ്പോഴും വെടിക്കെട്ടുപുരയടക്കം പ്രവർത്തിച്ചിരുന്നതു സുന്ദരാക്ഷന്റെ ഉടമസ്ഥതയിലുള്ള പറമ്പിലും കെട്ടിടത്തിലും തന്നെ. ശ്രീനിവാസന്റെ പേരിൽ 2020 ഫെബ്രുവരി 27നു നൽകിയ ലൈസൻസിന് 2024 മാർച്ച് 31 വരെ കാലാവധി ഉണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം മറ്റൊരു വെടിക്കെട്ടിനായി നിർമിച്ച വെടിക്കോപ്പുകളിൽ നിരോധിത രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടതോടെ കഴിഞ്ഞ ഫെബ്രുവരി 25നു ലൈസൻസ് റദ്ദാക്കി.
നവംബർ 19നു കോടതി ഉത്തരവനുസരിച്ചാണു ലൈസൻസ് ശ്രീനിവാസൻ പുതുക്കിയെടുത്തത്. വെടിക്കോപ്പിന്റെ ശബ്ദം കൂട്ടാൻ നിരോധിത സ്ഫോടകവസ്തുക്കൾ ചേർക്കുന്നതിന്റെ പേരിൽ കരാറുകാർക്കെതിരെ നടപടിയെടുത്താൽ അനുചരരുടെയോ ബന്ധുക്കളുടെയോ പേരിൽ കരാർ പുതുക്കി വാങ്ങുകയാണു പലരുടെയും രീതി.