ADVERTISEMENT

തൃശൂർ ∙ ബിബിസി ഡോക്യുമെന്ററി നിരോധിച്ച നടപടിയെ വിമർശിച്ചു നടൻ നസീറുദ്ദീൻ ഷാ. നിരോധിച്ചതിനാൽ അതു കൂടുതൽ പേർ കാണാനിടയായി. അവഗണിക്കപ്പെട്ടിരുന്നെങ്കിൽ ഇത്രയും പ്രാധാന്യം കിട്ടുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ ഓഫ് ഡ്രാമയിലെ പ്രഥമ രാജ്യാന്തര നാടകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആവിഷ്‌കാര സ്വാതന്ത്ര്യം കുറച്ചു വർഷങ്ങളായി തടയപ്പെടുന്നതിൽ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അധികാരം കയ്യാളുന്നവർക്ക് ഇന്നല്ലെങ്കിൽ നാളെ ഒരു ഘട്ടത്തിൽ അതു നഷ്ടപ്പെടുമെന്നുറപ്പാണ്. അതിനാൽ ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ പ്രതീക്ഷ കൈവിടാതെ തുടരുക–അദ്ദേഹം പറഞ്ഞു. 

സിനിമകളേക്കാൾ സ്വാതന്ത്ര്യം കിട്ടുന്നതിനാൽ നാടകത്തോടാണ് ഇഷ്ടം. വിഡിയോ പ്രദർശിപ്പിച്ചും ലൈറ്റിങ്ങിൽ ‘ഗിമ്മിക്ക് ’ നടത്തിയും നാടക സ്വഭാവം മാറ്റി മറിച്ചാൽ നഷ്ടപ്പെടുന്നത് അഭിനേതാക്കളും കാണികളും തമ്മിലുള്ള സംഭാഷണമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ നാടക ക്യാംപസുകളിൽ നിന്നു ഫെസ്റ്റിവലിനെത്തിയവരെ കൂടാതെ നസീറുദ്ദീൻ ഷായെ കാണാനായി ആരാധകരും എത്തിയിരുന്നു. സെൽഫി എടുത്തും ഓട്ടോഗ്രാഫ് നൽകിയും ക്യാംപസിലൂടെ നടന്ന അദ്ദേഹം വൈകിട്ട് വിദ്യാർഥികളുമായി ഓപ്പൺ ഫോറത്തിൽ സംവദിക്കുകയും ചെയ്തു.

5 ദിവസം, 8 നാടക സ്കൂളുകൾ; പുതുമയായി നാടകോത്സവം

തൃശൂർ∙ ദേശീയ രാജ്യാന്തര തലത്തിലുള്ള 8 നാടക വിദ്യാലയങ്ങളിലെ പഠനരീതികൾ കൈമാറ്റം ചെയ്യാനുള്ള അവസരമൊരുക്കി അരണാട്ടുകര സ്കൂൾ ഓഫ് ഡ്രാമ ക്യാംപസിൽ രാജ്യാന്തര നാടകോത്സവം. നാടകാധ്യാപനത്തിലെ പുതുസാധ്യതകൾ കണ്ടെത്തുകയാണു ലക്ഷ്യം. തിരഞ്ഞെടുക്കപ്പെട്ട മലയാള നാടക പ്രവർത്തകരുമടക്കം 200 പേർ പങ്കെടുക്കുന്ന ഫെസ്റ്റിവൽ ഇന്ത്യയിൽ ഇത്തരത്തിലുള്ള ആദ്യത്തെ നാടക പഠനോത്സവമാണെന്നു ഡയറക്ടർ ഡോ. അഭിലാഷ് പിള്ള പറഞ്ഞു. 

ക്വാലലംപൂർ അശ്വര സർവകലാശാലയുടെയും കാലടി ശങ്കരാചാര്യ സർവകലാശാലയുടെയും നാടകാവതരണങ്ങളും നടന്നു. ജോൺ മത്തായി സെന്റർ ക്യാംപസിൽ 12 ഇടങ്ങളിലായി ശിൽപശാലകളും ഒരുക്കിയിട്ടുണ്ട്. കലാമണ്ഡ‍ലത്തിലെ വാദ്യകലാസംഘത്തിന്റെ പഞ്ചവാദ്യത്തോടെയാണ് തുടക്കം കുറിച്ചത്. ചടങ്ങിൽ കലാമണ്ഡലം  വൈസ് ചാൻസലർ ഡോ.എം.വി.നാരായണൻ, കാലിക്കറ്റ് പ്രോ വൈസ് ചാൻസലർ ഡോ.എം.നാസർ,  ക്യൂറേറ്റർമാരായ പ്രഫ. അനുരാധാ കപൂർ, ഡോ.ബി.അനന്തകൃഷ്ണൻ, സ്കൂൾ ഓഫ് ഡ്രാമ വകുപ്പ് തലവൻ ശ്രീജിത് രമണൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com