ADVERTISEMENT

ഇരിങ്ങാലക്കുട ∙ അമ്മയെ വയോജനഭവനത്തിൽ നിന്ന് ഏറ്റെടുത്ത് സംരക്ഷണം ഉറപ്പാക്കാൻ ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ ആൻഡ് റവന്യു ഡിവിഷനൽ ഓഫിസർ എം.കെ.ഷാജി ഉത്തരവിട്ടു. 3 ആൺമക്കളുണ്ടായിട്ടും വയോജന സദനത്തിൽ  കഴിയേണ്ടിവന്ന 82 വയസുള്ള മാതാവിന്റെ പരാതി പരിഗണിച്ചാണ് ട്രൈബ്യുണൽ ഉത്തരവ്. മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമായുള്ള 2007ലെ നിയമ പ്രകാരമാണ് ഉത്തരവ്. വിധവയും വയോധികയുമായ ചാലക്കുടി സ്വദേശി കഴിഞ്ഞ 3 മാസമായി വയോജന ഭവനത്തിലാണ് കഴിയുന്നത്.

ഭർത്താവിന്റെ മരണപത്ര പ്രകാരം ലഭിച്ച 32.5 സെന്റ് സ്ഥലത്തെ സംബന്ധിച്ചുള്ള തർക്കമാണ് അമ്മയെ വയോജന ഭവനത്തിൽ എത്തിച്ചത്. സ്വത്ത് തങ്ങളുടെ പേരിൽ എഴുതി നൽകിയാൽ മാത്രമേ അമ്മയെ സംരക്ഷിക്കാൻ കഴിയൂവെന്നതായിരുന്നു മൂത്ത 2 മക്കളുടെയും നിലപാട്. ഭർത്താവിന്റെ പേരിലുണ്ടായിരുന്ന സ്വത്ത് 3 മക്കൾക്കും വീതംവച്ച് നൽകിയിരുന്നു. ഹർജിക്കാരിയായ വൃദ്ധമാതാവിന്റെ പേരിലുള്ള വീട് വാടകയ്ക്ക് നൽകി ലഭിക്കുന്ന വാടകത്തുകയായ 14,000 രൂപ ഇളയ മകൻ 5 വർഷത്തോളമായി കൈപ്പറ്റുന്നുണ്ട്. 10 വർഷത്തോളമായി മക്കൾ സംരക്ഷിക്കുന്നില്ല.

താമസിക്കാൻ വീടില്ലെന്നും മാസംതോറും മക്കളിൽ നിന്ന് ചെലവിന് തുക ലഭിക്കണമെന്ന ആവശ്യങ്ങളുമായാണ് മാതാവ്  ട്രൈബ്യൂണലിനെ സമീപിച്ചത്. മറ്റ് മക്കൾ നാട്ടിലില്ലാത്ത സാഹചര്യത്തിൽ ഇളയമകൻ മാതാവിനെ വയോജന ഭവനത്തിൽനിന്ന് 2 ദിവസത്തിനകം കൊണ്ടുവന്ന് സംരക്ഷിക്കണമെന്നും ഹർജിക്കാരിക്ക് അവകാശപ്പെട്ട തറവാട്ടുവീട്ടിൽ നിന്ന് 2 മാസത്തിനകം വാടകക്കാരെ ഒഴിപ്പിച്ച് അമ്മയ്ക്ക് താമസസൗകര്യം  ഒരുക്കണമന്നും മെയിന്റനൻസ് ട്രൈബ്യൂണൽ ആൻഡ് റവന്യു ഡിവിഷണൽ ഓഫിസർ ഉത്തരവിടുകയായിരുന്നു. 3 മക്കളിൽ ഓരോരുത്തരും 1500 രൂപ വീതം സംരക്ഷണച്ചെലവിനായി നൽകണമെന്നും വിധിച്ചു. മാതാപിതാക്കളെ സംരക്ഷിക്കാതിരിക്കുന്നത് 3 മാസം തടവും 5000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com