ADVERTISEMENT

കൊരട്ടി∙ 2 പഞ്ചായത്തുകളിലെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ട് ജലജീവൻ പദ്ധതി പ്രകാരമുള്ള പമ്പ് ഹൗസിന്റെയും ജലസംഭരണിയുടെയും നിർമാണം അവസാനഘട്ടത്തിലേക്ക്. 22 മീറ്റർ ഉയരത്തിലാണ് സംഭരണി നിർമിച്ചിരിക്കുന്നത്. ജലജീവൻ പദ്ധതിയിൽ വാട്ടർ ട്രീറ്റ്‌മെന്റ് സംവിധാനത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന ആദ്യ പ്രോജക്ടാണിത്. ഏകദേശം 11 കോടി രൂപയാണ് ചെലവ്. ഇതിൽ കേന്ദ്രവിഹിതമായി 45 ശതമാനവും സംസ്ഥാന വിഹിതമായി 30 ശതമാനവും 15 ശതമാനം പഞ്ചായത്തും ബാക്കി ഗുണഭോക്തൃവിഹിതവുമാണ്. നിലവിൽ ഗുണഭോക്തൃ വിഹിതം സർക്കാർ വഹിക്കുമെന്നാണ് സൂചന.

കൊരട്ടി പഞ്ചായത്തിലെ 19 വാർഡുകളിലുള്ളവർക്കു പുറമെ ആദ്യഘട്ടത്തിൽ കാടുകുറ്റി പഞ്ചായത്തിലെ 3 വാർഡുകളിലുള്ളവർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. മേലൂർ പഞ്ചായത്തിലെ മദുരാ കോട്‌സ് കടവിലാണ് പമ്പ് ഹൗസ്. ഇവിടെ നിന്ന് കൊരട്ടി പഞ്ചായത്തിലെ പാറക്കൂട്ടത്തുള്ള ടാങ്കിലേക്കും ഇവിടെ തന്നെയുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കും പിന്നീടു ജലവിതരണ ശൃംഖലയിലേക്കും വെള്ളമെത്തും. ഇതിനായി പൈപ്പുകൾ നേരത്തെ സ്ഥാപിച്ചിരുന്നു.

മേലൂർ ദേവരാജഗിരിയിലുള്ള പ്ലാന്റിൽ നിന്നാണ് നിലവിൽ കൊരട്ടിയിലേക്കുള്ള വെള്ളമെത്തുന്നത്. ഈ പദ്ധതിയുടെ ടാങ്ക് സ്ഥിതി ചെയ്യുന്നത് ജലജീവൻ പദ്ധതിയുടെ ട്രീറ്റ്‌മെന്റ് പ്ലാന്റിനു സമീപമാണ്. 

ഈ ടാങ്കിലേക്ക് മേലൂരിൽ നിന്നു വെള്ളമെത്തുന്നത് നിർത്തുകയും 6 ലക്ഷം ലീറ്റർ വെള്ളം സംഭരിക്കുവാൻ ശേഷിയുള്ള ഈ ടാങ്കിലേക്ക് പ്രത്യേകം മോട്ടറും പമ്പും സ്ഥാപിച്ച് വെള്ളമെത്തിക്കാനും പദ്ധതിയുണ്ട്. നിലവിൽ 9 ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ള ടാങ്കാണ് പുതുതായി നിർമിച്ചിരിക്കുന്നത്. ഫിൽറ്ററേഷൻ, ക്ലോറിനേഷൻ എന്നിങ്ങനെ 7 ഘട്ടങ്ങൾ പൂർത്തീകരിച്ച ശേഷം പൂർണമായും ബാക്ടീരിയ വിമുക്തമായ വെള്ളമാണ് വിതരണത്തിനയയ്ക്കുന്നത്. സനീഷ്‌കുമാർ ജോസഫ് എംഎൽഎ നിർമാണ പ്രവൃത്തികൾ വിലയിരുത്തിയിരുന്നു. പദ്ധതിയുടെ പ്രവർത്തനമാരംഭിച്ചാൽ കൊരട്ടി പഞ്ചായത്തിലെ ഉയർന്ന മേഖലകളിലടക്കം അനുഭവപ്പെടുന്ന ശുദ്ധജല ക്ഷാമം പൂർണമായും പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com