ADVERTISEMENT

കുന്നംകുളം ∙ 431 ലീറ്റർ സ്പിരിറ്റും വിൽപനയ്ക്കായി തയാറാക്കുകയായിരുന്ന 380 ലീറ്റർ വ്യാജ കള്ളും സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്പെഷൽ സ്ക്വാഡ് പിടികൂടി. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പത്താഴക്കാട് അവനിപ്പുള്ളി വീട്ടിൽ സുരേഷ് ബാബുവിന്റെ (59) വാടക വീട്ടിൽ നിന്നാണ് വ്യാജമദ്യം പിടികൂടിയത്. ചോദ്യം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സുരേഷ് ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് കോടതിയിൽ ഹാജരാക്കി. 

കാണിപ്പയ്യൂരിൽ സ്പിരിറ്റും വ്യാജ വസ്തുക്കളും ചേർത്തു കള്ളു നിർമിക്കുന്നതായി രഹസ്യ വിവരത്തെ തുടർന്നാണ് രാവിലെ എക്സൈസ് സംഘം പരിശോധനയ്ക്കെത്തിയത്. കുന്നംകുളം റേഞ്ച് ആറാം ഗ്രൂപ്പ് ലൈസൻസിയായ ഇയാൾക്കു മേഖലയിൽ ആറിടത്ത് കള്ളുഷാപ്പ് ഉണ്ട്. കാണിപ്പയ്യൂർ ഉഭയൂർ റോഡിൽ‍ സുരേഷ് ബാബുവും കുടുംബവും വാടകയ്ക്കു താമസിക്കുന്ന വീട്ടിൽ പരിശോധന 5 മണിക്കൂറോളം നീണ്ടു. കാർ പോർച്ചിനു സമീപം അൻപതോളം കന്നാസുകളിൽ കള്ളു ശേഖരിച്ചു വച്ചിരുന്നു. ഡ്രൈ ഡേ ആയ ഇന്നലെ അനധികൃതമായി വിതരണത്തിനുള്ള കള്ളാണ് ഇതെന്നാണു സൂചന. വ്യാജമദ്യം വിതരണ ചെയ്യാൻ ഉപയോഗിച്ചിരുന്ന മിനി പിക്കപ് വാനും എക്സൈസ് പിടികൂടി. 

സ്പിരിറ്റ് ലഭിച്ച ഉറവിടവും കള്ളിന്റെ വിപണന ശൃംഖലയും അന്വേഷിച്ചു വരികയാണ്. സുരേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഷാപ്പുകൾ അടപ്പിച്ചതായി എക്സൈസ് സംഘം പറയുന്നു. ഇൗ ഷാപ്പുകളിൽ വ്യാജ കള്ള് വിതരണം ചെയ്തിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അസിസ്റ്റന്റ് കമ്മിഷണർ ടി.അനികുമാർ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ആർ. നികേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com