ADVERTISEMENT

മായന്നൂർ∙ ഇന്നലെ അന്തരിച്ച ആനപ്പാപ്പാൻ മാങ്ങാട്ടിളി പൂണത്ത് രാമകുമാരൻ നായർ (80) ജില്ലയിലെ ആനപ്പാപ്പാൻമാരുടെ ആശാനായിരുന്നു. ശാന്ത സ്വഭാവവും ആനകളെ സ്നേഹത്തോടെ പരിചരിക്കുന്നതിലെ ആത്മാർഥതയും മൂലം ആനപ്രേമികളുടെ പ്രിയപ്പെട്ട പാപ്പാനായിരുന്നു. ഒട്ടേറെ ആനകളുടെ പാപ്പാനായി ജോലി ചെയ്ത കുമാരൻ നായർ ദീർഘകാലം തിരുവമ്പാടി ‍വലിയ ചന്ദ്രശേഖരന്റെ ഒന്നാം പാപ്പാനായിരുന്നു. കുളക്കുന്നൻ ആനയുടെ പാപ്പാനായാണു ആനത്തൊഴിൽ തുടങ്ങുന്നത്. പിന്നീട് വാഴാനി കീരങ്ങാട്ടു മന വിജയന്റെയും ഇരിഞ്ഞാലക്കുട തളിയന്റാനയുടെയും പാപ്പാനായി. ചിറ്റിലപ്പിള്ളി ഡേവിസെന്ന ആന ഡേവിസിന്റെയും മറ്റും ഇടപെടലിനെ തുടർന്നാണു തിരുവമ്പാടിയിലെത്തുന്നത്.

3 പതിറ്റാണ്ടോളം ഇവിടെ സേവനം തുടർന്നു. തിരുവമ്പാടിയിലെ കുട്ടിശങ്കരൻ, ഉണ്ണിക്കൃഷ്ണൻ, രാജശേഖരൻ, ശരത് കൃഷ്ണൻ എന്നീ ആനകളെയൊക്കെ കൊണ്ടു നടന്നിട്ടുണ്ടെങ്കിലും ചന്ദ്രശേഖരന്റെ ഒന്നാം പാപ്പാനായി ഒന്നര പതിറ്റാണ്ടോളം പണിയെടുത്തതോടെയാണ് ആനപ്രേമികളുടെ ശ്രദ്ധയാകർഷിച്ചത്.  കുമാരനെന്ന പാപ്പാനെ പറ്റി ആനപ്രേമികൾക്കുള്ള നല്ല ഓർമകളേറെയാണ്. അതിലൊന്നാണു തിരുവമ്പാടി ചന്ദ്രശേഖരന്റെ പാപ്പാനായിരിക്കെ 2006ൽ ദേവസ്വം സൂപ്രണ്ടുമായി ഇടഞ്ഞു ജോലി ഉപേക്ഷിച്ചു വീട്ടിലേക്കു പോയ കുമാരൻ വൈകുന്നേരത്തിനു മുമ്പ് ഓട്ടോ വിളിച്ചു തിരിച്ചെത്തിയത്.

ചന്ദ്രശേഖരന്റെ അത്താഴമായ പാൽച്ചോറു മുടങ്ങാതിരിക്കാനുള്ള വരവായിരുന്നത്രെ അത്. കുമാരൻ ഇടഞ്ഞു പോയതറിഞ്ഞു തിരികെക്കൊണ്ടു വരാൻ ആന ഡേവിസും ഗോപി വാരിയരും ചേർന്നു കാറിൽ മായന്നൂരെത്തുമ്പോഴേക്കും ആനയെ തളച്ചിരുന്ന വെളപ്പായ മാരാത്തുപറമ്പിൽ കുമാരൻ നായരെത്തിയിരുന്നത്രെ! ചന്ദ്രശേഖരൻ ചെരിഞ്ഞ ശേഷം മറ്റൊരാനയുടെ പാപ്പാനാകാൻ മാനസികമായി തയാറല്ലാതിരുന്ന കുമാരൻ നായർ ദേവസ്വത്തിന്റെ നിർബന്ധ പ്രകാരം ഒരു വർഷത്തോളം തിരുവമ്പാടി ഉണ്ണിക്കൃഷ്ണന്റെ പാപ്പാനായി തുടർന്നു. കുമാരൻ നായർക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ, ഭരണസമിതി അംഗങ്ങളായ എം. രവികുമാർ, എം. അനിൽകുമാർ, പി.വി. അരുൺ എന്നിവർ മായന്നൂരിലെ വസതിയിലെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com