സ്വർണം കവരാൻ റിട്ട. അധ്യാപികയെ വധിച്ചു; ഒരാൾ അറസ്റ്റിൽ

HIGHLIGHTS
  • സ്വർണാഭരണങ്ങൾ പ്രതിയുടെ വീടിന്റെ മോട്ടർ ഷെഡിന് സമീപം കുഴിച്ചിട്ട നിലയിൽ
1,കൊല്ലപ്പെട്ട വസന്ത, പിടിയിലായ ജയരാജന്‍.. 2,ജയരാജന്റെ വീടിന്റെ മോട്ടര്‍ ഷെഡിന് സമീപത്തുനിന്ന് കണ്ടെടുത്ത മോഷണ മുതലായ മാലയും 6 വളകളും.
1,കൊല്ലപ്പെട്ട വസന്ത, പിടിയിലായ ജയരാജന്‍.. 2,ജയരാജന്റെ വീടിന്റെ മോട്ടര്‍ ഷെഡിന് സമീപത്തുനിന്ന് കണ്ടെടുത്ത മോഷണ മുതലായ മാലയും 6 വളകളും.
SHARE

വാടാനപ്പള്ളി ∙ തനിച്ചു താമസിക്കുന്ന റിട്ട. അധ്യാപിക ഗണേശമംഗലം വാലപ്പറമ്പിൽ വസന്തയെ (75) തലയ്ക്കു ക്ഷതമേറ്റു കൊല്ലപ്പെട്ട നിലയിൽ വീട്ടുവളപ്പിൽ കണ്ടെത്തി. ഈ വീട്ടിൽനിന്ന് അര കിലോമീറ്റർ അകലെ താമസിക്കുന്ന മൂത്താംപറമ്പിൽ ജയരാജനെ (68) പൊല‍ീസ് അറസ്റ്റ് ചെയ്തു. വസന്ത ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ ജയരാജന്റെ വീടിന്റെ മോട്ടർ ഷെഡിനു സമീപം പൊലീസ് കണ്ടെടുത്തു.

മാലയും 6 വളകളും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു കുഴിച്ചിട്ട നിലയിലായിരുന്നു. 20 പവൻ വരുമെന്ന് പൊലീസ് പറ‍ഞ്ഞു. വസന്തയുടെ തലയിൽ കണ്ടെത്തിയ മുറിവ് അടിയേറ്റുണ്ടായതാണോ പിടിവലിക്കിടെ വീണപ്പോൾ സംഭവിച്ചതാണോ എന്നതിൽ പൊലീസ് അന്വേഷണം തുടരുന്നുണ്ട്. കുത്തേറ്റ പാടുകളും ദേഹത്തുണ്ട്.

 മതിൽചാടി മടക്കം; കുടുങ്ങിയത് ഫോണിൽ 

വസന്ത വധക്കേസ് പ്രതിയെ പിടിക്കാൻ പൊലീസിനെ സഹായിച്ചതു മത്സ്യവിൽപനക്കാരന്റെ ജാഗ്രത 

വാടാനപ്പള്ളി ∙ നാടിനെ നടുക്കിയ കൊലപാതകത്തിലെ പ്രതിയെ പൊലീസ് പിടികൂടിയത് മണിക്കൂറുകൾക്കകം. തളിക്കുളം എസ്എൻവി‍യുപിഎസിലെ അധ്യാപികയായിരുന്ന വസന്ത 6 വർഷമായി ഒറ്റയ്ക്കാണു താമസം. ഭർത്താവുമായി അകന്നു കഴിയുകയാണ്. മക്കളില്ല. ഇന്നലെ രാവിലെ 7.15നു വസന്തയുടെ വീട്ടിൽ നിന്ന് നിലവിളി കേട്ട് സമീപവാസിയായ വീട്ടമ്മ ഓടിയെത്തിയെങ്കിലും ഗേറ്റ് അടഞ്ഞുകിടക്കുകയായിരുന്നു. അയൽവാസിയായ കുട്ടിയുടെ സഹായത്തോടെ മതിൽ ചാടിക്കടന്ന് അവർ മ‍ുറ്റത്തെത്തിയെങ്കിലും വീട് അടഞ്ഞുകിടക്കുകയായിരുന്നു.

പരിസരത്തു പരിശോധിച്ചപ്പോഴാണു വസന്തയെ മരിച്ച നിലയിൽ കണ്ടത്. കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ. ശങ്കർ, വാടാനപ്പള്ളി എസ്ഐ സജിൽ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി ഗേറ്റ് തകർത്താണ് അകത്തുകടന്നത്.  വസന്തയുടെ വീടിന്റെ പിൻഭാഗത്തെ മതിൽ ചാടിക്കടന്നു ജയരാജൻ രക്ഷപ്പെടുന്നതു കണ്ടതായി പ്രദേശത്തെ മത്സ്യ വിൽപനക്കാരൻ സിദ്ദിഖ് നൽകിയ മൊഴിയാണു നിർണായകമായത്. ജയരാജന്റെ ബന്ധുവീട് വസന്തയുടെ വീടിനു സമീപത്തുണ്ട്.

ഇന്നലെ ഉച്ചകഴിഞ്ഞ് തെളിവെടുപ്പിനായി എത്തിയ ഡോഗ് സ്ക്വാഡിലെ പൊലീസ് നായ ഹണി, വസന്തയുടെ വീട്ടിൽ നിന്ന് മണം പിടിച്ച് ജയരാജന്റെ വീട്ടിലെത്തിയിരുന്നു. മോഷണം നടത്താനാണു താൻ വസന്തയുടെ വീട്ടിലെത്തിയതെന്നു ജയരാജൻ മൊഴി നൽകിയതായി റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ പറഞ്ഞു. വീട്ടിൽ നിന്നു കൂടുതൽ ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. സാമ്പത്തികമായി നല്ല നിലയുള്ളയാളാണു ജയരാജനെന്നു നാട്ടുകാർ പറയുന്നു. 

ജയരാജൻ കുടുങ്ങി, സിദ്ദിഖിന്റെ ഫോണിൽ 

കുറ്റിക്കാടു നിറഞ്ഞ ഭാഗത്തു മതിൽ ചാടിക്കടന്ന് ഒരാൾ സൈക്കിളിൽ പോകാൻ ശ്രമിക്കുന്നതു കണ്ടു സംശയം തോന്നിയാണു മത്സ്യ വിൽപനക്കാരൻ സിദ്ദിഖ് തടഞ്ഞുനിർത്തിയത്. മതിൽ ചാട‍ിയതെന്തിനെന്ന ചോദ്യത്തിന് അവ്യക്തമായ മറുപടിയായപ്പോൾ സിദ്ദിഖിനു സംശയം തോന്നി. മൊബൈൽ ഫോണെടുത്തു ചിത്രം പകർത്തി. ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണു കൊലപാതക വാർത്ത അറിയുന്നത്. ഇതോടെ സിദ്ദിഖ് പൊലീസിനെ വിവരമറിയിച്ചു. അതോടെയാണു പൊലീസിനു കാര്യങ്ങൾ എളുപ്പമായത്.

പുലർച്ചെ മുതൽ ദേശീയപാതയിൽ ഗണേശമംഗലത്തു മത്സ്യവിൽപന നടത്തുന്ന സംഘത്തിലെ അംഗമാണു സിദ്ദിഖ്. ഇന്റലിജൻസ്  ഡിവൈഎസ്പി വി.കെ. രാജു, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ബി. സന്തോഷ്, കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ. ശങ്കർ, വലപ്പാട് എസ്എച്ച്ഒ സുശാന്ത് തുടങ്ങിയവരും വിരലടയാള, ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS