അതിരപ്പിള്ളി ∙ കാട്ടാനകൂട്ടം അരൂർമുഴി കമ്യൂണിറ്റി ഹാളിനു സമീപമുള്ള വാഴത്തോട്ടത്തിൽ കനത്ത നാശം വിതച്ചു. പാട്ടക്കൃഷി നടത്തുന്ന കൈതവളപ്പിൽ അശോകന്റെ കൃഷിയിടത്തിലായിരുന്നു ആനകളുടെ വിളയാട്ടം. ബുധൻ രാത്രി 12 മണിയോടെയാണ് ആക്രമണമുണ്ടായത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പുനരധിവാസ കേന്ദ്രത്തിനു സമീപമുള്ള കൃഷിടത്തിലാണ് ആന കടന്നത്.
25 ൽ അധികം കുലച്ച ആറ്റു നേന്ത്രൻ വാഴകൾ നഷ്ടപ്പെട്ട കർഷകന് ആയിരങ്ങളുടെ നഷ്ടം ഉണ്ടായതായി പറയുന്നു. ടെലിഫോൺ എക്‌സേഞ്ചിനു സമീപമുള്ള പറമ്പുകളിലും കഴിഞ്ഞ രാത്രിയിൽ ആനകടന്നു. വെറ്റിലപ്പാറ 14 ൽ കളരിക്കൽ നന്ദകുമാറിന്റെ വീട്ടുവളപ്പിലും കാട്ടാനയുടെ ആക്രമണമുണ്ടായി. പ്ലാന്റേഷൻ എണ്ണപന തോട്ടത്തിൽ നിന്നാണ് കാട്ടാനകൾ എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. വെറ്റിലപ്പാറ കൃഷിഭവനിലെ ഉദ്യോഗസ്ഥർ കൃഷിയിടം സന്ദർശിച്ചു.