തൃശൂർ∙ ഉരുണ്ടുരുണ്ടു നടക്കുന്നൊരു സുന്ദരക്കുട്ടൻ. പട്ടുകോണകമുടുത്തൊരു വികൃതിയെ കാണുമ്പോഴുള്ള ആഹ്ലാദമായിരുന്നു ഗുരുവായൂർ നന്ദനെ കുട്ടിക്കാലത്തു കാണുമ്പോൾ പലർക്കും ഉണ്ടായിരുന്നത്. ഇത്രയേറെ അഴകുള്ള ആനകൾ കേരളത്തിൽ കുറവാണ്. ഗുരുവായൂർ പത്മനാഭനു ശേഷം വലിയ കേശവനും ഇന്ദ്രസെന്നിനുമൊപ്പം ഗുരുവായൂരപ്പന്റെ ആനയെന്ന പേരു കേട്ട കൊമ്പനാണിത്. നിലവോ ഉയരമോ അല്ല, അഴകാണു ഗുരുവായൂർ നന്ദന്റെ മുഖമുദ്ര. കൊമ്പും കുംഭയും കുലുക്കിയാണു ഉത്സവ പറമ്പുകളിലേക്കു വരിക.
ഗുരുവായൂർ കണ്ണന്റെ ആറാട്ടിന് സ്വർണക്കോലവും തൃശൂർ പൂരത്തിനു പാറമേക്കാവിലമ്മയുടെ കോലവും തലയിലേറ്റാൻ ഭാഗ്യം ചെയ്ത അപൂർവം കൊമ്പന്മാരിൽ ഒരാൾ. ഗുരുവായൂർ നന്ദനു പൂരപ്പറമ്പിൽ മാത്രമല്ല ഫെയ്സ് ബുക്കിലും ഫാൻസുണ്ട്. ഒരു 12കൊല്ലം മുൻപു വരെ പൂരക്കമ്മിറ്റിക്കാരും ആനപ്രേമികളും നന്ദനെ എഴുന്നള്ളിക്കാൻ പറ്റിയ ആനയായി കണ്ടിരുന്നില്ല. ഗുരുവായൂർ പത്മനാഭന്റെ പാപ്പാന് അസുഖമായതിനാൽ 7 കൊല്ലം മുൻപ് ഗുരുവായൂർ ആറാട്ടിന് പത്മനാഭന് പങ്കെടുക്കാൻ കഴിഞ്ഞില്ല. നന്ദൻ പകരക്കാരനായി.
കണ്ണന്റെ സ്വർണക്കോലവും തങ്കത്തിടമ്പും എഴുന്നള്ളിച്ചു. ഭഗവാന്റെ അനുഗ്രഹമാണിതെന്ന് ആരാധകർ ആശ്വസിച്ചു. തികച്ചും അപ്രതീക്ഷിതമായ വരവ്. അവഗണനയുടെ ഗതകാലം മാറി മാറിഞ്ഞതു വളരെ വേഗത്തിലായിരുന്നു. കണ്ണൻ കനിഞ്ഞ് അനുഗ്രഹിച്ച പോലെ. നോക്കി നിൽക്കെ ആന വലുതാവാൻ തുടങ്ങി. നീളവും വണ്ണവും ഉയരവും ഒരേ പോലെ കൂടി. തലപ്പൊക്കം 306 സെന്റി മീറ്ററിൽ എത്തി. തൂക്കം 7300 കിലോ.ഏഷ്യയിലെ ഏറ്റവും ഭാരം കൂടിയ കൊമ്പനെന്ന പദവിയും അങ്ങനെ സ്വന്തമാക്കി.
തൃശൂർ പൂരം, നെന്മാറ വല്ലങ്ങി വേല, ഊത്രാളിക്കാവ് പൂരം, പുത്തൂർ വേല, തിരുനക്കര ഉത്സവം, തിരുമാന്ധാംകുന്ന് പൂരം, ഏറ്റുമാനൂർ ഏഴരപ്പൊന്നാന എന്നിവയ്ക്കെല്ലാം കോലമെഴുന്നള്ളിക്കാനുള്ള അവസരങ്ങൾ വരിവരിയായാണു വന്നത്. ഗുരുവായൂർ പത്മനാഭനും ഗുരുവായൂർ വലിയ കേശവനും ഓർമയായപ്പോൾ ആ സ്ഥാനത്തേക്കു തലയെടുപ്പോടെ ഗുരുവായൂർ നന്ദൻ കയറി നിന്നു. മൈസൂർ കാടുകളിൽ വിഹരിച്ചു നടന്നിരുന്ന നാടൻ ആനയെ എസ്ബിടി ജനറൽ മാനേജർ നന്ദകുമാർ 1996 മേയ് 23നാണ് ഗുരുവായൂരിൽ നടയിരുത്തിയത്. ഗുരുവായൂർ നന്ദൻ എന്ന പേരുമിട്ടു.
അന്ന് ഉയരം 226സെന്റിമീറ്റർ മാത്രം. 1972ലാണ് നന്ദന്റെ ജനനം എന്ന് ഔദ്യോഗിക രേഖ. അതനുസരിച്ച് ഇപ്പോൾ പ്രായം 50 വയസ്സ്. ചെറുപ്പത്തിൽ കൂട്ടുകാർക്കൊപ്പം വില്ലത്തരങ്ങൾ കാണിച്ചതിന്റെ പേരിൽ 4 വെടിയുണ്ടകൾ ഏറ്റുവാങ്ങേണ്ടി വന്ന ചരിത്രവുമുണ്ട് നന്ദന്. ഗുരുവായൂരിലെ പുന്നത്തൂർക്കോട്ടയിൽ എത്തിയ ശേഷം ശസ്ത്രക്രിയയിലൂടെയാണ് ഇത് നീക്കിയത്. ഭക്ഷണ പ്രിയനാണ് നന്ദൻ. പനമ്പട്ടയും പുല്ലും തന്നെ പ്രധാനം. നന്ദന്റെ ഒപ്പം 26 വർഷമായി തുടരുന്ന പാപ്പാൻ പി.മോഹൻദാസാണു ചട്ടക്കാരൻ. എൻ. ആർ. സുബ്രഹ്മണ്യൻ രണ്ടാം പാപ്പാനും.