തൃശൂർ∙ സംസ്ഥാന ബജറ്റ് നികുതി കൊണ്ടും വിലക്കയറ്റം കൊണ്ടും ജനങ്ങളെ കൊള്ളയടിക്കുകയാണെന്നാരോപിച്ചു ഡിസിസിയുടെ നേതൃത്വത്തിൽ നടന്ന കലക്ടറേറ്റു മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഉദ്ഘാടനത്തിനു ശേഷം പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചപ്പോഴായിരുന്നു ഇത്. തുടർന്ന് അറസ്റ്റു ചെയ്തു.
Also read: പിണങ്ങിപ്പോയ അമ്മയോട് ഫോണിൽ സംസാരിച്ചു; പിഞ്ചുകുഞ്ഞുങ്ങൾക്ക് പിതാവിന്റെ ക്രൂരമർദനം
മാർച്ച് കെപിസിസി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. പിണറായി സർക്കാരിന്റെ ധൂർത്തും ആർഭാടവുമാണു സംസ്ഥാനത്തെ ചരിത്രത്തിലെ ഏറ്റവും വലിയ കടക്കെണിയിലെത്തിച്ചത്. തൊഴുത്ത്, കാറുകൾ, വിദേശയാത്രകൾ എന്നിങ്ങനെ സ്വന്തം ആവശ്യങ്ങളും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയുമാണു നേതാക്കളുടെ അജൻഡ. വിലക്കയറ്റംകൊണ്ടു ജീവിതം പൊറുതിമുട്ടിയിരിക്കുമ്പോഴാണു പെട്രോളിനും ഡീസലിനും നികുതി ഏർപ്പെടുത്തിയിരിക്കുന്നത്. കൊയ്ത്ത് കാലത്തുപോലും നെല്ല് സംഭരിക്കാൻ കഴിയുന്നില്ല. ഇതിനു മുൻപൊരിക്കലും കേരളം ഇതുപോലെ ദുരന്തം നേരിട്ടിട്ടില്ലെന്നു ഷുക്കൂർ കൂട്ടി ചേർത്തു.
മാർച്ചിൽ ജോസഫ് ചാലിശ്ശേരി, അനിൽ അക്കര, ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ഷാജി കോടങ്കണ്ടത്ത്, ഐ.പി. പോൾ, സി.ഒ. ജേക്കബ്, സജീവൻ കുരിയച്ചിറ, ശോഭ സുബിൻ, കെ. ഗോപാലകൃഷ്ണൻ, ടി.എം.ചന്ദ്രൻ, കെ.എഫ്. ഡൊമിനിക്, കെ.എച്ച്. ഉസ്മാൻഖാൻ, കെ.കെ.ബാബു, ടി.എം.നാസർ, കെ.വി.ദാസൻ,സോണിയ ഗിരി എന്നിവർ പ്രസംഗിച്ചു.