പുതുക്കാട് ∙മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തിയ കേസിൽ ചിറ്റിശേരി കരുവാൻ വീട്ടിൽ ജയരാജിനെ (44) പൊലീസ് അറസ്റ്റ് ചെയ്തു. 92000 രൂപ തട്ടിച്ചു എന്നാണ് കേസ്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. ഉരച്ചുനോക്കിയാൽ ഒറ്റനോട്ടത്തിൽ വ്യാജനെന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിലാണ് നിർമാണം. ബിഐഎസ് മുദ്രയും പതിപ്പിച്ചിരുന്നു.
സംശയം തോന്നിയ ഉടമ പരിചയസമ്പന്നനായ അപ്രൈസറെ വരുത്തി നടത്തിയ വിദഗ്ധ പരിശോധനയിലാണ് സ്വർണം വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യം പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തട്ടിപ്പു നടത്താൻ ഉദ്ദേശിച്ച് നിർമിക്കുന്ന സ്വർണാഭരണമാണ് ഇതെന്ന് പൊലീസ് കരുതുന്നു.
സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു. എസ്എച്ച്ഒ യു.എച്ച്. സുനിൽദാസ്, എസ്‌ഐ കെ.എസ്. സൂരജ്, സുധീഷ്, സ്‌പെഷ്യൽബ്രാഞ്ച് എഎസ്‌ഐ വിശ്വനാഥൻ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.